40 ലക്ഷത്തിലേറെപ്പേർക്ക് ഗുണകരമായ മെഡിസെപ്പ് ആരോഗ്യപദ്ധതി പൊളിയുന്നു. രണ്ടാംഘട്ടം ജനുവരി ഒന്നിന് തുടങ്ങാനാവില്ല. കൂടുതൽ സ്പെഷ്യലിസ്റ്റ് ആശുപത്രികളുമായി കരാറുണ്ടാക്കാനായില്ല. പിൻമാറിയ ആശുപത്രികളെ തിരിച്ചെത്തിക്കാനുമായില്ല. പ്രീമിയത്തിന്റെ 18% ജി.എസ്.ടി ഒഴിവാക്കാനും കഴിഞ്ഞില്ല. മെഡിസെപ്പിൽ ജീവനക്കാരും പെൻഷൻകാരും എതിരായാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയെന്ന് വിലയിരുത്തി സർക്കാർ

മെഡിസെപ്പ് പൊളിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും വോട്ടുബാങ്ക് ഇടതുമുന്നണിക്ക് എതിരാവുമെന്നും സർക്കാർ ഭയക്കുന്നു.

New Update
medisep

തിരുവനന്തപുരം: ജീവനക്കാരുടേയും അദ്ധ്യാപകരുടേയും പെൻഷൻകാരുടേയും ആരോഗ്യസുരക്ഷാ പദ്ധതിയായ മെഡിസെപ്പ് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് അവതാളത്തിലായി.

Advertisment

പദ്ധതിയുടെ അടുത്തഘട്ടം നേരത്തേ പ്രഖ്യാപിച്ചതു പോലെ ജനുവരി ഒന്നുമുതൽ തുടങ്ങാനാവില്ല. കഴിഞ്ഞ ജൂലൈയിൽ പദ്ധതി അവസാനിച്ചതാണ്.

കൂടുതൽ സ്പെഷ്യലിസ്റ്റ് ആശുപത്രികളുമായി കരാറുണ്ടാക്കാനോ നിലവിൽ പിൻമാറിയ ആശുപത്രികളെ തിരിച്ചെത്തിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

മെഡിസെപ്പിൽ ജീവനക്കാരും പെൻഷൻകാരും അടയ്ക്കേണ്ട പ്രീമിയത്തിന് മേൽ ജി.എസ്.ടി.ഏർപ്പെടുത്തിയത് പിൻവലിക്കാനുള്ള നടപടികളും വിജയം കണ്ടിട്ടില്ല.

ആദ്യഘട്ടം മെഡിസെപ് നടത്തിയിരുന്ന ഒറിയന്റൽ ഇൻഷുറൻസ് കമ്പനി തന്നെയാണ് രണ്ടാംഘട്ടത്തിലും കരാർ ഏറ്റെടുത്തിരിക്കുന്നത്.

ഒരുവർഷത്തെ മെഡിസെപ് പ്രീമിയമായി പെൻഷൻകാരിലും ജീവനക്കാരിലും നിന്ന് ഈടാക്കാൻ പോകുന്നത് 8,327രൂപയാണ്. 18%ജി.എസ്.ടിയും ചേരുമ്പോൾ 9,719രൂപയാകും.

പ്രതിമാസം കണക്കാക്കുമ്പോൾ 810രൂപ വരും.ജി.എസ്.ടി ഒഴിവാക്കിയാൽ ഇത് 700 രൂപയായി കുറയ്ക്കാനാകും.

സംസ്ഥാന ജി.എസ്.ടിയുടെ അഡ്വാൻസ് റൂളിങ് അതോറിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. 

മെഡിസെപ് കവറേജ് അഞ്ച് ലക്ഷം രൂപയായി ഉയർത്തുകയും കൂടുതൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരെ പദ്ധതിയിൽ ഉൾപ്പെടുത്താൻ തത്വത്തിൽ തീരുമാനിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സ്പെഷ്യലിസ്റ്റ് ആശുപത്രികളും വൻകിടസ്വകാര്യ ആശുപത്രികളും പദ്ധതിയിൽ സഹകരിക്കാൻ വിസമ്മതിക്കുകയാണ്.

 അതോടെ മെഡിസെപിൽ ചേരുന്നതിനും ചേരാതിരിക്കാനും ഓപ്ഷൻ വേണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ കഴിയുന്നത്ര ആശുപത്രികളുമായി കരാർ ഒപ്പുവെയ്ക്കാനാണ് ശ്രമം.

500രൂപയായിരുന്ന പ്രീമിയം 810ആക്കിയതോടെ ജീവനക്കാരും പെൻഷൻകാരും പദ്ധതിക്കെതിരേ തിരിഞ്ഞിരിക്കുകയാണ്.

മെഡിസെപ്പ് അല്ല മേടിക്കൽസെപ്പ് ആണെന്നാണ് ആക്ഷേപം. പ്രീമിയം കൂട്ടിയെങ്കിലും ചികിത്സ നൽകുന്ന ആശുപത്രികളുടെ ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

ലഭ്യമാവുന്ന ചികിത്സയെ കുറിച്ച് മിണ്ടാട്ടമില്ല. ഒരു വീട്ടിൽ ഒന്നിലേറെ സർക്കാരുദ്യോഗസ്ഥരോ പെൻഷൻകാരോ ഉണ്ടെങ്കിലും ഒരാൾക്ക് മാത്രമല്ല, ദമ്പതിമാരെങ്കിൽ രണ്ട് പേരും 810 രൂപ വീതം നൽകണമെന്ന സർക്കാർ വ്യവസ്ഥയിലും എതിർപ്പ് പുകയുകയാണ്.

അച്ഛനമ്മമാർ പെൻഷണറെങ്കിൽ അവരും നൽകണം 810 വീതം. ഈ പോളിസിയിൽ ചേരണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ജീവനക്കാർക്കും പെൻഷൻകാർക്കും കഴിയില്ല. പദ്ധതിയിൽ 18ശതമാനം ജി.എസ്.ടിയുണ്ട്.

ഇതിൽ 9ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വീതിച്ചെടുക്കും. ഇതിലാണ് സർക്കാരിന്റെ നേട്ടം. ആരോഗ്യ ഇൻഷ്വറൻസിന് ജി.എസ്.ടി പൂർണമായി കേന്ദ്രം ഒഴിവാക്കിയിരുന്നു.

എന്നാൽ ജീവനക്കാരെയുെം പെൻഷൻകാരെയും ഗ്രൂപ്പായി ഇൻഷ്വറൻസിൽ ചേർക്കുന്നതായതിനാൽ ജി.എസ്.ടി നൽകേണ്ടി വരുമെന്നതാണ് സ്ഥിതി. അതിനായി ജീവനക്കാർ വ്യക്തിപരമായി നൽകുന്ന തുക ഗ്രൂപ്പായി ഇൻഷ്വർ ചെയ്ത് ജി.എസ്.ടി പിടിച്ചുവാങ്ങുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം.  

സർക്കാർ ജീവനക്കാർ മാത്രമല്ല, സർവകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും ആശ്രിതരും അടങ്ങുന്ന 40 ലക്ഷത്തോളം പേർക്ക് ഗുണകരമായ പദ്ധതിയാണിത്.

 1920 ചികിത്സകൾക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്കുമടക്കം പരിരക്ഷ ലഭിക്കും.

394 ആശുപത്രികളാണ് ആദ്യഘട്ടത്തിൽ പദ്ധതിയിലുണ്ടായിരുന്നത്. ഇതിനുപുറമെ അപകടം, അടിയന്തര സാഹചര്യം, ജീവന് ഭീഷണി തുടങ്ങിയ ഘട്ടങ്ങളിൽ മറ്റ് ആശുപത്രികളിൽ നടത്തുന്ന ചികിത്സകൾക്കും പരിരക്ഷ ലഭിക്കും.

  കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകുന്ന പ്രീമിയത്തിനും വ്യക്തിഗത മെഡിക്കൽ ഇൻഷ്വറൻസിനും കേന്ദ്രസർക്കാർ ജി.എസ്.ടി ഇളവ് നൽകിയിട്ടുണ്ട്.

ഈ ഇളവ് മെഡിസെപിന് ലഭ്യമാക്കാൻ സംസ്ഥാനം ശ്രമിക്കുന്നുണ്ട്. മെഡിസെപ്പ് പൊളിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും വോട്ടുബാങ്ക് ഇടതുമുന്നണിക്ക് എതിരാവുമെന്നും സർക്കാർ ഭയക്കുന്നു

Advertisment