ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാർ അടക്കം എട്ട് പേർ ഗൂഡാലോചന നടത്തിയെന്ന് എസ്.ഐ.ടി. പരാമർശം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ. ദേവസ്വം സ്വത്ത് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ പ്രതികളുമായി ചേര്‍ന്ന് അന്യായ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പരാമർശം

ദേവസ്വം സ്വത്ത് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ പ്രതികളുമായി ചേര്‍ന്ന് അന്യായ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

New Update
sabarimala.1.3583905

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിൻറെ വാതിലിലെ സ്വര്‍ണ്ണം പൂശിയ പാളികള്‍ ഇളക്കിമാറ്റി സ്വര്‍ണ്ണം അപഹരിച്ച കേസില്‍ എട്ട് പേർ ഗൂഡാലോചന നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം.

Advertisment

ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവരുടെ കസ്റ്റഡി ആവശ്യപ്പെട്ട് നൽകിയ അപേക്ഷയ്ക്ക്ക് ഒപ്പമാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.


മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു എന്നിവരടക്കം എട്ടുപേര്‍ കേസില്‍ ഗൂഢാലോചന നടത്തിയതായാണ് റിപ്പേർട്ടിലുള്ളത്.


ദേവസ്വം സ്വത്ത് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ പ്രതികളുമായി ചേര്‍ന്ന് അന്യായ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, റോദ്ദം ജ്വല്ലേഴ്‌സ് ഉടമ ഗോവര്‍ദ്ധന്‍ റോദ്ദം എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എസ്.ഐ. ടി തീരുമാനിച്ചിട്ടുണ്ട്.

 ശ്രീകോവില്‍ വാതിലില്‍ നിന്നും ഇളക്കിയെടുത്ത പാളികളിലെ സ്വര്‍ണ്ണം രാസമിശ്രിതം ഉപയോഗിച്ച് വേര്‍തിരിച്ച് കട്ടയാക്കി മാറ്റിയതായി കണ്ടെത്തിയിരുന്നു.

പങ്കജ് ഭണ്ഡാരിയില്‍ നിന്ന് 109.243 ഗ്രാം സ്വര്‍ണ്ണവും ഗോവര്‍ദ്ധന്‍ റോദ്ദത്തില്‍ നിന്ന് 474.960 ഗ്രാം സ്വര്‍ണ്ണവും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. 


എന്നാല്‍ പാളികളില്‍ ഉണ്ടായിരുന്ന യഥാര്‍ത്ഥ സ്വര്‍ണ്ണത്തിന്റെ അളവ് ഇതിലും കൂടുതലാണെന്നും ഇത് സംബന്ധിച്ച ശാസ്ത്രീയ പരിശോധനയ്ക്കായി സാമ്പിളുകള്‍ വി.എസ്.എസ്.സിയിലേക്ക് അയച്ചിരിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചു.


ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയില്‍ പതിച്ചിരുന്ന 'സ്വര്‍ണ്ണം പൂശിയ ചെമ്പ് പാളികള്‍' എന്നതിലെ 'സ്വര്‍ണ്ണം പൂശിയ' എന്ന ഭാഗം ബോധപൂര്‍വ്വം ഒഴിവാക്കി 'ചെമ്പ് പാളികള്‍' എന്ന് മാത്രം രേഖപ്പെടുത്തിയതിലൂടെയാണ് തട്ടിപ്പിന് തുടക്കമിട്ടത്. 

2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന മൂന്നാം പ്രതിയുടെ ശുപാര്‍ശയോടെയാണ് ഈ പാളികള്‍ ഇളക്കിമാറ്റി ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കടത്തിയത്. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് ഈ തിരിമറി നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമല ശ്രീകോവില്‍ വാതിലിലെ 'ദ്വാരപാലക' ശില്പങ്ങളില്‍ നിന്ന് മാത്രമല്ല, അയ്യപ്പന്റെ 'പ്രഭാമണ്ഡല'ത്തില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.


ശിവരൂപങ്ങളും വ്യാളി രൂപങ്ങളും കൊത്തിവെച്ച പ്രഭാമണ്ഡലത്തിലെ സ്വര്‍ണ്ണവും, ദശാവതാര രൂപങ്ങള്‍ പതിപ്പിച്ച പാളികളിലെ സ്വര്‍ണ്ണവും ഇളക്കിമാറ്റിയിട്ടുണ്ട്. 


പ്രാഥമിക കണക്കുകള്‍ പ്രകാരം 989 ഗ്രാം സ്വര്‍ണ്ണം ഇത്തരത്തില്‍ അപഹരിക്ക പ്പെട്ടിട്ടുണ്ട്. വി.എസ്.എസ്.സി യിലെ പരിശോധനാ ഫലം വരുന്നതോടെ നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ കൃത്യമായ അളവ് ഇനിയും കൂടുമെന്നാണ് കരുതുന്നത് ചെന്നൈ ആസ്ഥാനമായ 'സ്മാര്‍ട്ട് ക്രിയേഷന്‍സ്' ഉടമ പങ്കജ് ഭണ്ഡാരിയും ബല്ലാരിയിലെ 'റോദ്ദം ജ്വല്ലേഴ്‌സ്' ഉടമ ഗോവര്‍ദ്ധന്‍ റോദ്ദവും കേസില്‍ നിര്‍ണ്ണായക കണ്ണികളാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 

2019-ല്‍ സ്വര്‍ണ്ണം പൂശാന്‍ എന്ന വ്യാജേന പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയാണ് തട്ടിപ്പ് നടത്തിയത്. ഇതില്‍ 100 ഗ്രാമോളം സ്വര്‍ണ്ണം കൂലിയായി പങ്കജ് ഭണ്ഡാരി കൈപ്പറ്റി.


ബാക്കി സ്വര്‍ണ്ണം കട്ടകളാക്കി മാറ്റി ഗോവര്‍ദ്ധന്‍ റോദ്ദത്തിന് കൈമാറി. ഈ സ്വര്‍ണ്ണം പ്രതികള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 


മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ കമ്മീഷണര്‍ എന്‍. വാസു എന്നിവര്‍ക്ക് ഈ തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

സ്വര്‍ണ്ണം പൂശിയ പാളികള്‍ ഇളക്കി മാറ്റുമ്പോള്‍ ഒരു സ്വര്‍ണ്ണപ്പണിക്കാരന്റെ സാന്നിധ്യം നിര്‍ബന്ധമാണെന്നിരിക്കെ, തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു മനഃപൂര്‍വ്വം ഇതില്‍ വീഴ്ച വരുത്തി.

കൂടാതെ, 'സ്വര്‍ണ്ണം പൂശിയത്' എന്ന ഭാഗം രേഖകളില്‍ നിന്ന് മായ്ച്ച് കളഞ്ഞ് 'വെറും ചെമ്പ് പാളികള്‍' എന്ന് രേഖപ്പെടുത്തിയത് ബോര്‍ഡ് പ്രസിഡന്റിന്റെയും കമ്മീഷണറുടെയും അറിവോടെയാണെന്ന് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Advertisment