ശബരിമല ശ്രീകോവിലിനുള്ളിൽ നിന്നും സ്വർണക്കൊള്ള നടത്തി. ശിവരൂപ വ്യാളീ രൂപമടങ്ങിയ പ്രഭാ മണ്ഡലത്തിലുള്ള സ്വർണം പതിച്ച പാളികളിൽ നിന്നും സ്വർണം അടിച്ചുമാറ്റി. ഇതുവരെ പുറത്തറിഞ്ഞത് ദ്വാരപാലക ശിൽപ്പങ്ങളിലെയും കട്ടിളയിലെയും സ്വർണക്കൊള്ള മാത്രം. അയ്യപ്പന്റെ പ്രഭാവലയത്തിലെ സ്വർണവും കൊള്ളയടിച്ചെന്ന് കണ്ടെത്തിയതോടെ സ്വർണക്കൊള്ളയുടെ വ്യാപ്തി ഉയരും. ഇനി അറിയാനുള്ളത് വിജയ് മല്യ സ്വർണം പൊതിഞ്ഞ മേൽക്കൂരയും അടിച്ചുമാറ്റിയോയെന്ന്. ശബരിമലയിൽ നടന്നത് കേരളത്തെ ഞെട്ടിപ്പിക്കുന്ന സ്വർണക്കൊള്ള

ചെന്നൈ അമ്പത്തൂരിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വർണം വേർതിരിച്ചത് 989ഗ്രാം സ്വർണമെന്നാണ് അവരുടെ പക്കലുണ്ടായിരുന്ന രേഖ.

New Update
sabarimala.1.3583905

തിരുവനന്തപുരം: ശബരിമലയിൽ നടത്തിയ സ്വർണക്കൊള്ള ഇതുവരെ നമ്മൾ അറിഞ്ഞതിലും വലുതാണെന്ന നിർണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. 

Advertisment

ശ്രീകോവിലിന്റെ കട്ടിളയിലെയും വാതിലിന് ഇരുവശവുമുള്ള ദ്വാരപാലക ശിൽപ്പങ്ങളിലെയും സ്വർണം കവർന്നെന്നായിരുന്നു ഇതുവരെയുള്ള വിവരം. 

എന്നാൽ എസ്.ഐ.ടി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന സ്വർണക്കൊള്ളയുടെ വിവരങ്ങളുള്ളത്. ശ്രീകോവിന് ഉള്ളിൽ കടന്നും സ്വർണക്കൊള്ള നടത്തിയതിന്റെ വിവരങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്.


ശ്രീകോവിലിന്റെ ഇരുഭാഗങ്ങളിലെയും ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ 2019ജൂലൈ 19നും ശിൽപ്പങ്ങളിലെ തെക്കും വടക്കും ഭാഗത്തെ പില്ലർ പ്ലേറ്റുകളിലെ പാളികൾ 2019 ജൂലൈ 20നുമാണ് ഇളക്കിയെടുത്തത്. 


ശ്രീകോവിലിന്റെ വാതിലിന്റെ കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ട് ചെമ്പ് പാളികൾ, രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്ത രണ്ട് പാളികൾ, കട്ടിളയിലെ മുകൾപ്പടിയിലെ പാളി, കട്ടിളയ്ക്ക് മുകളിൽ പതിപ്പിച്ചിട്ടുള്ള ശിവരൂപ വ്യാളീരൂപവുമടങ്ങിയ പ്രഭാ മണ്ഡലത്തിലുള്ള സ്വർണം പതിച്ച പാളികൾ എന്നിവയിലും പൊതിഞ്ഞിരുന്ന സ്വർണം കൊള്ളയടിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 

ചെന്നൈ അമ്പത്തൂരിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വർണം വേർതിരിച്ചത് 989ഗ്രാം സ്വർണമെന്നാണ് അവരുടെ പക്കലുണ്ടായിരുന്ന രേഖ. വശങ്ങളിലെ പാളികളിൽ നിന്ന് 409ഗ്രാം, ദ്വാരപാലകശിൽപ്പത്തിലെ 14പാളികളിൽ നിന്നായി 577ഗ്രാം, മറ്റിടങ്ങളിൽ നിന്ന് മൂന്ന് ഗ്രാം എന്നിങ്ങനെ വേർതിരിച്ചെന്നാണ് കണ്ടെത്തൽ.


ഉണ്ണികൃഷ്ണൻ പോറ്റി സ്വർണംപൂശാനെത്തിച്ചത് ചെമ്പുപാളികളാണെന്നും സ്വർണം വേർതിരിക്കാനുള്ള സാങ്കേതികവിദ്യ തങ്ങൾക്കില്ലെന്നുമായിരുന്നു ഭണ്ഡാരിയുടെ ആദ്യമൊഴി. 


ചെമ്പുപാളികളാണ് പോറ്റിക്ക് നൽകിയതെന്ന ഈ മൊഴി പ്രതികളും ആവർത്തിച്ചു. എന്നാൽ ശിൽപ്പപാളികളിൽ നിന്ന് സമാർട്ട്ക്രിയേഷൻസിൽ വച്ച് സ്വർണം വേർതിരിച്ചെടുത്തതിന്റെ രേഖ പിടിച്ചെടുത്തതാണ് നിർണായകമായത്. വശങ്ങളിലെ പാളികളിൽ നിന്ന് 409ഗ്രാം സ്വർണമാണ് വേർതിരിച്ചത്. റിക്കവറി ചാർജ് 61000രൂപയാണ്. 

ദ്വാരപാലകശിൽപ്പത്തിലെ 14 പാളികളിൽ നിന്നായി 577 ഗ്രാമും മറ്റിടങ്ങളിൽ നിന്ന് മൂന്ന് ഗ്രാമും വേർതിരിച്ചു. ആകെ 989ഗ്രാം സ്വർണമാണ് കിട്ടിയത്. പണിക്കൂലിയായി മൂന്നുലക്ഷം രൂപയായി. 

ഇതിന് വേർതിരിച്ച സ്വർണത്തിൽ 96.021ഗ്രാം സ്മാർട്ട്ക്രിയേഷൻസ് എടുത്തു. വേർതിരിച്ചതിൽ 394ഗ്രാം സ്വർണം വീണ്ടും പാളികളിൽ പൂശി.

ഇതിനുശേഷം ബാക്കിയായ 474.957ഗ്രാം പോറ്റിയുടെ ഇടനിലക്കാരൻ കൽപ്പേഷിന്റെ പക്കൽ കൊടുത്തെന്നാണ് ഭണ്ഡാരി വെളിപ്പെടുത്തിയത്. കൽപ്പേഷ് ഇത് ബെല്ലാരിയിലെ ഗോവർദ്ധനന് എത്തിച്ചുനൽകി.


സ്വർണം വേർതിരിച്ചതിനുള്ള കൂലിയായി സ്മാർട്ട് ക്രിയേഷൻസ് എടുത്തതിന് തുല്യമായ 109.243ഗ്രാം പങ്കജ് ഭണ്ഡാരിയിൽ നിന്ന് പിടിച്ചെടുത്തു. ഗോവർദ്ധന് കൈമാറിയ സ്വർണത്തിന് തുല്യമായ 474.96ഗ്രാം സ്വർണം റോദ്ധം ജുവലറിയിൽ നിന്നും പിടിച്ചെടുത്തു. 


ഇതിനേക്കാൾ സ്വർണം ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളയിലുമുള്ള പാളികളിലുണ്ടായിരുന്നതായി എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. ഇവയിലുണ്ടായിരുന്ന സ്വർണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്താൻ പാളികളുടെ സാമ്പിളുകൾ തിരുവനന്തപുരം വി.എസ്.എസ്.സിയിൽ ശാസ്ത്രീയ പരിശോധന നടത്തുകയാണ്.

കൊള്ളയടിച്ച സ്വർണം പ്രതികൾ സ്വകാര്യാവശ്യത്തിനുപയോഗിച്ചെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. സ്വർണം കൊള്ളയടിക്കാൻ മൂന്നാംപ്രതി ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു, നാലാംപ്രതി തിരുവാഭരണം കമ്മിഷണറായിരുന്ന കെ.എസ്.ബൈജു, അഞ്ചാംപ്രതി എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി.സുധീഷ് കുമാർ, ആറാം പ്രതി അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു, എട്ടാം പ്രതി ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ എന്നിവർ പോറ്റിയുമായി ഗൂഢാലോചന നടത്തിയെന്ന് എസ്.ഐ.ടി പറയുന്നു. 


ക്ഷേത്രത്തിനറെ സ്വത്താണെന്ന് അറിഞ്ഞുകൊണ്ടാണ് പങ്കജ്ഭണ്ഡാരിയും ഗോവർദ്ധനും സ്വർണം കൈക്കലാക്കിയത്. സ്വർണം ഇപ്പോൾ ആരുടെയൊക്കെ പക്കലാണെന്ന് ഇനി കണ്ടെത്തേണ്ടതുണ്ട്.


ശബരിമലയിലെ അമൂല്യമായ സ്വർണം ആർക്കൊക്കെ വിറ്റെന്നാണ് ഇനികണ്ടെത്തേണ്ടത്. ശ്രീകോവിലിലെ സ്വർണം പൂജയ്ക്കായി സമ്പന്നർക്ക് മറിച്ചുവിറ്റെന്നാണ് നിഗമനം. വേർതിരിച്ചതിൽ 475ഗ്രാം സ്വർണം ഓരോഗ്രാം വീതമുള്ള നാണയങ്ങളും ലോക്കറ്റുമാക്കി വൻവിലയ്ക്ക് വിറ്റതായും എസ്.ഐ.ടിക്ക് വിവരമുണ്ട്. 

ബെല്ലാരിയിലെ ജുവലറിയിൽ ശബരിമല തന്ത്രിയുടെ കൈകൊണ്ട് സ്വർണനാണയ- ലോക്കറ്റ് വിതരണം പ്രത്യേക ഓഫറായി ഗോവർദ്ധൻ അവതരിപ്പിച്ചിരുന്നു.

 തന്ത്രി ജുലവറിയിലുമെത്തി. സ്വർണപ്പാളികളുടെ തിളക്കം കൂട്ടാനെന്ന വ്യാജേന പാളികൾ കടത്തി സ്വർണം കൊള്ളയടിക്കാനുള്ള tvmഗൂഢാലോചനയാണ് നടത്തിയതെന്നാണ് കണ്ടെത്തൽ.

Advertisment