/sathyam/media/media_files/2026/01/02/state-election-commission-2026-01-02-01-16-56.png)
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും ജനുവരി 12 നകം തിരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓൺലൈനായി സമർപ്പിക്കണം.
നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും, തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
കമ്മീഷന്റെ ഉത്തരവ് തീയതി മുതൽ 5 വർഷത്തേക്കായിരിക്കും അയോഗ്യത വരിക. 2025 ലെ പൊതുതിരഞ്ഞെടുപ്പിൽ ആകെ 1199 തദ്ദേശസ്ഥാപനങ്ങളിലെ 23573 വാർഡുകളിലായി ആകെ 75627 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
പത്രികാസമർപ്പണം മുതൽ വോട്ടെണ്ണൽ വരെ നടത്തിയ ചെലവ് കണക്കാണ് നൽകേണ്ടത്. തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപനസെക്രട്ടറിമാർക്ക് നേരിട്ടും നൽകാം.
നിശ്ചിത ഫാറത്തിൽ നൽകുന്ന ചെലവ് കണക്കിനൊപ്പം വൗച്ചറുകളുടെയും ബില്ലുകളുടെയും പകർപ്പുകളും നൽകണം. മുൻവർഷങ്ങളിൽ ബന്ധപ്പെട്ട രേഖകളും ബില്ലുകളും സഹിതം യഥാസമയം ചെലവ് കണക്ക് നേരിട്ട് സമർപ്പിച്ചിട്ടും തുടർനടപടികളുണ്ടാകുന്നതിൽ വീഴ്ചയുണ്ടായെന്ന ചില സ്ഥാനാർത്ഥികളുടെ പരാതികളെ തുടർന്നാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതെന്ന് കമ്മീഷണർ അറിയിച്ചു.
https://www.sec.kerala.gov.in/login എന്ന ലിങ്കിൽ കാൻഡിഡേറ്റ് രജിസ്‌ട്രേഷനിൽ ലോഗിൻ ചെയ്ത് വേണം ഓൺലൈനായി കണക്ക് സമർപ്പിക്കാൻ. ചെലവ് കണക്ക് ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും, വിശദമായ വീഡിയോ ട്യൂട്ടോറിയലും ലിങ്കിൽ ലഭ്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us