/sathyam/media/media_files/2026/01/02/imm-2026-01-02-01-31-15.jpg)
തിരുവനന്തപുരം: വർണച്ചിറകുകൾ ചിൽഡ്രൻസ് ഫെസ്റ്റിന്റെ ഉദ്ഘാടനവും ഉജ്ജ്വല ബാല്യ പുരസ്‌കാര വിതരണവും തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളേജിൽ വച്ച് ജനുവരി രണ്ടിന് രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും. വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിയ്ക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സർഗവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും കുട്ടികളുടെ വിവിധ കലാ പ്രകടനങ്ങൾ കാഴ്ചവെക്കുന്നതിനുമാണ് സംസ്ഥാന തലത്തിൽ വർണ്ണച്ചിറകുകൾ എന്ന പേരിൽ ചിൽഡ്രൻസ് ഫെസ്റ്റ് സംഘടിപ്പിച്ച് വരുന്നത്.
കുട്ടികളുടെ പഠനത്തോടൊപ്പം വിവിധ കല, കായിക, സാംസ്‌കാരിക മേഖലകളിൽ തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുവാനും വളർത്തിക്കൊണ്ടു വരുവാനും സഹായിക്കുന്ന ഒരു സമഗ്ര വേദിയാണ് ഇത്.
ജനുവരി 2, 3, 4 തീയതികളിലാണ് തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ ചിൽഡ്രൻസ് ഫെസ്റ്റ് നടക്കുന്നത്.
ഈ വർഷം സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് പുറമേ നിർഭയ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൻട്രി ഹോമുകളിലെ കുട്ടികളേയും ഉൾപ്പെടുത്തി 22 മത്സരയിനങ്ങളിലായി ആയിരത്തോളം പേരാണ് ചിൽഡ്രൻസ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്.
ഇതോടൊപ്പം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 2024 ലെ 'ഉജ്ജ്വലബാല്യം പുരസ്‌കാരം' വിതരണവും നടക്കും. 6-11 വയസും 12-18 വയസും എന്നീ രണ്ട് പ്രായ വിഭാഗങ്ങളിലായി, ഭിന്നശേഷി വിഭാഗവും പൊതു വിഭാഗവും ഉൾപ്പെടുത്തി 51 കുട്ടികളെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ്പ നിർമ്മാണം, ധീരത എന്നീ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.
ഓരോ ജില്ലയിൽ നിന്നും വിവിധ വിഭാഗത്തിൽപ്പെട്ട ആകെ 4 കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്. 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ അടിസ്ഥാനത്തിലാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us