'സിപിഎമ്മിന് 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട ഒരാവശ്യവും ഇല്ല'. വടക്കാഞ്ചേരി കോഴ ആരോപണത്തിൽ മറുപടിയുമായി എം.വി ഗോവിന്ദൻ

ലീഗ് സ്വതന്ത്രനായി മത്സരിച്ച ജാഫർ മാസ്റ്ററുടെ പേരിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്

New Update
M V GOVINDAN

തിരുവനന്തപുരം: വടക്കാഞ്ചേരി കോഴ ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാർട്ടി കുതിരകച്ചവടം നടത്തില്ലെന്നും ആരെയും ചാക്കിട്ട് പിടിക്കില്ലെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Advertisment

തൃശൂർ വടക്കാഞ്ചേരിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറി എൽഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് പറയുന്ന ഫോൺ സംഭാഷണം പുറത്ത്. 

ലീഗ് സ്വതന്ത്രനായി മത്സരിച്ച ജാഫർ മാസ്റ്ററുടെ പേരിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. തനിക്ക് പണം ഓഫർ ചെയ്തിട്ടുണ്ടെന്ന് ജാഫർ കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് മുസ്തഫയോട് സംസാരിച്ച സംഭാഷണം എന്ന പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്.

'ഏതെങ്കിലുമൊരു പഞ്ചായത്തിലോ ബ്ലോക്കിലോ മുൻസിപ്പാലിറ്റിയിലോ ആരെയെങ്കിലും ചാക്കിട്ട് പിടിച്ച് പ്രസിഡന്റാക്കി,ഭരണസംവിധാനത്തെ കൈക്കലാക്കേണ്ട ഒരുതരത്തിലുള്ള ത്വരയും സിപിഎമ്മിന് ഇല്ല. 

ഇനി അങ്ങനെയുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കും. 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട ഒരാവശ്യവും സിപിഎമ്മിന് ഇല്ല. ഞങ്ങൾക്ക് മറച്ചുവെക്കാൻ ഒന്നുമില്ല. മറ്റത്തൂരില്‍ ജയിച്ചുവന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്ന പോലുള്ള നിലപാട് ഞങ്ങള്‍ക്കില്ല'.ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, മലപ്പുറത്തിന് എതിരായ വർഗീയ പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ വർഗീയവാദിയെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ ഒരാള്‍ വര്‍ഗായവാദിയാകുമോ? മുസ്‍ലിം വിരുദ്ധ നിലപാട് പാര്‍ട്ടിയുടേതല്ല. മലപ്പുറത്ത് എസ്എന്‍ഡിപിക്ക് സ്കൂള്‍ തുടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാറുമായി സംസാരിച്ച് പരിഹരിക്കണം.അതില്‍ പാര്‍ട്ടിക്ക് ഒരു താല്‍പര്യമില്ല. ഗോവിന്ദന്‍ പറഞ്ഞു.

Advertisment