/sathyam/media/media_files/2025/01/30/HflgC5MwKqnWic4iCCKP.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്‌ഐടിയുടെ അന്വേഷണം തടസ്സപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം ഇടപെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്വേഷണ സംഘത്തിനു മേൽ സർക്കാർ അനാവശ്യ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.
അവസാനമായി സിപിഎം ബന്ധമുള്ള രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ എസ്‌ഐടിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ്. സിപിഎം ബന്ധമുള്ള ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ, എസ്‌ഐടിയിൽ കടന്നുകയറി അന്വേഷണ വിവരങ്ങൾ സിപിഎമ്മിന് ചോർത്തിക്കൊടുക്കാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു.
ഇത്തരം നീക്കങ്ങളെ പ്രതിപക്ഷം ശക്തമായി എതിർക്കും. ശബരിമലയിൽ കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ആ അന്വേഷണത്തിൽ പ്രതിപക്ഷത്തിന് വിശ്വാസമുണ്ട്.
എന്നാൽ സർക്കാർ മനപ്പൂർവമായി സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എസ്‌ഐടി അന്വേഷിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി ആർക്കൊപ്പമൊക്കെ നിന്ന് ചിത്രം എടുത്തു എന്നല്ലല്ലോ? .
ശബരിമലയിലെ സ്വർണം കവർച്ച ചെയ്തത് ആരാണ്?. എവിടെ കൊണ്ടുപോയി വിറ്റു, ഏതു കോടീശ്വരനാണ് ദ്വാരപാലക ശില്പം കൊടുത്തത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
പല ക്രിമിനലുകളും, പല കുഴപ്പക്കാരും പലരുടെയും കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. ഫോട്ടോയിൽ ഉള്ളവരെയെല്ലാം പ്രതികളാക്കാനാകുമോ?. ഏതു കേസിലായാലും പ്രതികളുടെ ഒപ്പം ഫോട്ടോ എടുത്തവരെല്ലാം പ്രതികളാകുമോയെന്ന് വിഡി സതീശൻ ചോദിച്ചു.
മൂന്ന് സിപിഎം നേതാക്കൾ ജയിലിലാണ്. അതിനേക്കാൾ മുതിർന്ന സിപിഎം നേതാക്കൾ ജയിലിലേക്കുള്ള ക്യൂവിലാണ്. അതിൽ ബാക്കിയുള്ളവരെക്കൂടി ബന്ധപ്പെടുത്താൻ വേണ്ടിയുള്ള വൃഥാശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.
അയ്യപ്പന്റെ സ്വർണം കടന്ന കേസിൽ ജയിലിൽ കഴിയുന്ന സിപിഎം നേതാക്കൾക്കെതിരെ എന്തു കൊണ്ട് പാർട്ടി നടപടി സ്വീകരിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്.
കൂടുതൽ നേതാക്കളുടെ പേരു വെളിപ്പെടുത്തുമെന്ന ഭയം കൊണ്ടാണ് ജയിലിലുള്ളവർക്കെതിരെ നടപടിയെടുക്കാത്തത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
വടക്കാഞ്ചേരിയിലെ കേസ് ഇപ്പോൾ പുറത്തുവന്നു. യുഡിഎഫിലെ ഒരാളെ സ്വാധീനിക്കാൻ 50 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. 50 ലക്ഷം രൂപ കൊടുത്തപ്പോൾ അയാൾ എൽഡിഎഫിന് വോട്ടു ചെയ്തു.
ഇതു തന്നെയാണ് മറ്റത്തൂരും നടന്നത്. ജനാധിപത്യത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുക, എന്നിട്ട് പണം കൊടുത്ത് ആളെ സ്വാധീനിക്കാൻ ബിജെപി രീതിയിൽ പരിശ്രമിക്കുന്നു. സിപിഎം എത്രമാത്രം അധഃപതിച്ചു എന്നതിന്റെ ഉദാഹരണമാണ് വടക്കാഞ്ചേരിയിലും മറ്റത്തൂരും കണ്ടതെന്ന് വിഡി സതീശൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us