/sathyam/media/media_files/2025/11/08/yellow-ration-card-2025-11-08-01-03-53.png)
തിരുവനന്തപുരം: സംസ്ഥാനത്തെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻകാർഡുകൾ ലഭ്യമായെന്ന് ഉറപ്പു വരുത്തുവാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ.
തിരുവനന്തപുരത്ത് പി.ആർ.ഡി പ്രസ് ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി ഓൺലൈനായി അപേക്ഷിക്കുവാൻ ഈ മാസം തന്നെ വീണ്ടും അവസരം നൽകും.
നിലവിൽ ഓൺലൈനായി ലഭിച്ച 39,682 അപേക്ഷകളിൽ അർഹതപ്പെട്ടവർക്ക് ജനുവരി 15 ന് മുൻപായി PHH കാർഡുകൾ വിതരണം ചെയ്യും. 2026 ജനുവരി 31 ന് മുൻപായി അർഹരായ എല്ലാ കുടുംബങ്ങളും ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
എഎവൈ വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് 2,389 പട്ടികവർഗ്ഗ കുടുംബങ്ങൾ ഉൾപ്പെടെ 6,950 കുടുംബങ്ങൾക്ക് കാർഡുകൾ ഉടൻ തരംമാറ്റി നൽകും. ഈ വിഷയത്തിന്റെ സാമൂഹ്യപ്രാധാന്യം ഗൗരവത്തോടെ മനസ്സിലാക്കേണ്ടതുണ്ട്. 1965 മുതൽ സാർവ്വത്രിക സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം.
ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിലും ഭക്ഷ്യകമ്മി സംസ്ഥാനമെന്ന നിലയിലും ഈ അവകാശം കേരളം ഒറ്റക്കെട്ടായി പൊരുതി നേടിയതാണ്. എന്നാൽ മാറിവന്ന കേന്ദ്ര സർക്കാരുകൾ സബ്സിഡികളും സൗജന്യങ്ങളും പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സാർവ്വത്രിക റേഷനിംഗ് ഇല്ലാതാക്കി.
2013 ലെ NFSA നിയമം ഈ വിവേചനത്തിന് നിയമപരമായ അംഗീകാരം നൽകിയതുമൂലം സംസ്ഥാനത്തെ ജനങ്ങളിൽ 57 ശതമാനം പേരും റേഷൻകവറേജിന് പുറത്തായി.
മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ പരമാവധി സംഖ്യ ഒരുകോടി അൻപത്തിനാല് ലക്ഷത്തി എൺപതിനായിരത്തി നാൽപ്പത് (1,54,80,040) ആയി നിജപ്പെടുത്തപ്പെട്ടു. ഇതിൽപ്പെടാത്തവർ ഭക്ഷ്യധാന്യ വിഹിതത്തിന് മാത്രമല്ല ചികിത്സ ഉൾപ്പെടെയുള്ള മറ്റുപല ആനുകൂല്യങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടു.
സംസ്ഥാന സർക്കാർ ഇപ്രകാരം കവറേജിന് പുറത്തായ മുൻഗണനേതര വിഭാഗത്തെ നീല, വെള്ള കാർഡുകാരായി തിരിച്ച് ലഭ്യമായ പരിമിതമായ ടൈഡ് ഓവർ വിഹിതത്തിൽ നിന്നും ഭക്ഷ്യധാന്യം നൽകി വരുന്നുവെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രം കൊണ്ടുവന്ന നിബന്ധനകൾ മൂലം മുൻഗണനാ വിഭാഗത്തിന് പുറത്തായിപ്പോയ ലക്ഷക്കണക്കിന് കുടുംബങ്ങൾ തങ്ങളുടെ കാർഡ് മുൻഗണനാ വിഭാഗത്തിലേയ്ക്ക് തരംമാറ്റി ലഭിക്കാൻ സർക്കാരിന്റെ വാതിലുകൾ മുട്ടി വർഷങ്ങളോളം നടക്കുന്ന സ്ഥിതിയുണ്ടായി.
മുൻഗണനാ വിഭാഗത്തിൽ നിന്നും ഒരു കുടുംബത്തെ ഒഴിവാക്കിയാൽ മാത്രമെ മറ്റൊരു കുടുംബത്തിന് കാർഡ് നൽകാൻ കഴിയൂ എന്ന നിലവന്നു. സംസ്ഥാന സർക്കാർ ആ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തി പരിഹാരമുണ്ടാക്കി.
സ്വമേധയാ സറണ്ടർ ചെയ്യുവാൻ അവസരം നൽകിയതിലൂടെയും ഓപ്പറേഷൻ യെല്ലോ എന്ന് പേരിട്ട തീവ്രപരിശോധനയിലൂടെയും അനർഹർ കൈവശം വച്ച കാർഡുകൾ മടക്കി വാങ്ങി അർഹരായവർക്ക് വിതരണം ചെയ്തു.
ഈ സർക്കാർ വന്നതിനുശേഷം ഇപ്രകാരം 58,487 മഞ്ഞ (എഎവൈ) കാർഡുകളും, 5,45,358 പങ്ക് (പിഎച്ച്എച്) കാർഡുകളും അടക്കം 6,03,845 മുൻഗണനാ കാർഡുകൾ അർഹരായവരുടെ കരങ്ങളിലെത്തിച്ചതായി മന്ത്രി പറഞ്ഞു.
നിലവിലുള്ള ഒഴിവുകളിൽ പൊതുവിതരണ വകുപ്പ് 1,00,000 മുൻഗണനാ കാർഡുകൾ പുതുതായി വിതരണം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അപേക്ഷ നൽകാത്തതിനാൽ അർഹതയുണ്ടായിട്ടും മുൻഗണനാ വിഭാഗത്തിൽപ്പെടുത്താൻ കഴിയാതിരിക്കുന്ന 56,932 എസ്.സി കുടുംബങ്ങൾക്കും 2,046 എസ്.ടി കുടുംബങ്ങൾക്കും കാർഡ് തരം മാറ്റി നൽകുന്നതിനു വേണ്ടി അവരെ നേരിൽ ബന്ധപ്പെട്ട് ഓൺലൈൻ അപേക്ഷ ലഭ്യമാക്കി മുൻഗണനാ കാർഡുകൾ നൽകും. ശേഷിക്കുന്ന ഒഴിവുകളിലേയ്ക്ക് പൊതുവിഭാഗങ്ങളിൽ നിന്നും കണ്ടെത്തുന്നതിനായി മേൽ പ്രകാരമുള്ള നടപടികൾ തന്നെ കൈക്കൊള്ളും.
അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി പ്രത്യേക താമസസ്ഥലം ഇല്ലാത്തവരും അലഞ്ഞ് തിരിയുന്നവരും എല്ലാവരെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെ സർവ്വേയിലൂടെ കണ്ടെത്തി കാർഡുകൾ നൽകിയിരുന്നു.
കോന്നി താലൂക്കിലെ ചെങ്ങറ സമര ഭൂമിയിൽ കാർഡില്ലാത്ത 25 കുടുംബങ്ങൾക്ക് കാർഡ് അനുവദിക്കുകയും 108 കുടുംബങ്ങൾക്ക് പിഎച്ച്എച്ച് വിഭാഗത്തിലേയ്ക്കും 125 കുടുംബങ്ങൾക്ക് എഎവൈ വിഭാഗത്തിലേയ്ക്കും തരംമാറ്റി നൽകിയിട്ടുണ്ട്. ചെങ്ങറ സമരഭൂമിയിൽ ഒരു സഞ്ചരിക്കുന്ന റേഷൻകട അനുവദിക്കുന്നതിനും ഉത്തരവായിട്ടുണ്ട്.
റേഷൻകടകളെ നവീകരിക്കാനും ആധുനീകരിക്കാനും ലക്ഷ്യമിട്ട കെ-സ്റ്റോർ പദ്ധതി തുടർന്നും മുന്നോട്ട് കൊണ്ട് പോകും. നിലവിൽ 2,181 കെ-സ്റ്റോറുകളാണ് പ്രവർത്തിച്ചു വരുന്നത്. 152 റേഷൻകടകൾ കൂടി ഉടൻ കെ-സ്റ്റോറുകളായി മാറി പ്രവർത്തനം ആരംഭിക്കും.
ഈ സാമ്പത്തികവർഷാവസനത്തോടെ ആകെ 2,500 കെ-സ്റ്റോറുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നിലയുണ്ടാകും. കേന്ദ്രസർക്കാരിൽ നിരന്തരമായ സമ്മർദ്ദം ചെലുത്തി മുൻഗണനേതര വിഭാഗത്തിനുള്ള ഗോതമ്പ് വിഹിതം നാല് വർഷത്തിനുശേഷം പുനഃസ്ഥാപിക്കുവാൻ കഴിഞ്ഞു. കാർഡ് ഒന്നിന് 2 കിലോഗ്രാം വീതം ആട്ട ഈ മാസം മുതൽ വിതരണം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ക്രിസ്തുമസ് - പുതുവത്സര വിപണി ഇടപെടൽ
കാര്യക്ഷമമായ ഉപഭോക്തൃ വിപണി ഇടപെടൽ പ്രവർത്തനങ്ങളിലൂടെയാണ് സംസ്ഥാനമായ കേരളത്തിൽ ഉത്സവവേളകളിലുൾപ്പെടെ വിലക്കയറ്റം ഉണ്ടാകാതെ വിപണി സ്ഥിരത നിലനിർത്താൻ സർക്കാരിന് കഴിയുന്നത്.
കഴിഞ്ഞ ഓണക്കാലത്ത് വെളിച്ചെണ്ണയുടെയും അരിയുടെയും വില പൊതുമാർക്കറ്റിൽ ഉയരുന്ന സാഹചര്യം മുൻകൂട്ടി കണ്ടറിഞ്ഞ് ഫലപ്രദമായി തടയാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. ഈ ക്രിസ്മസ് - പുതുവത്സര സീസണിലും സമാനമായ ഇടപെടൽ സപ്ലൈകോ നടത്തി.
ഈ സീസണിൽ സപ്ലൈകോയ്ക്ക് 82 കോടി രൂപയുടെ വിറ്റു വരവ് ഉണ്ടായി. 36.06 കോടി രൂപയാണ് സബ്സിഡി സാധനങ്ങളുടെ വിറ്റു വരവെന്ന് മന്ത്രി പറഞ്ഞു. ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെയുള്ള 10 ദിവസത്തെ കണക്കാണിത്.
ഡിസംബർ 25 അവധിയായിരുന്നു. 6 ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വിൽപ്പന ഉൾപ്പെടെയുള്ള കണക്കാണിത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട.
എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് ഫെയറുകൾ ഈ ദിവസങ്ങളിൽ സപ്ലൈകോ സംഘടിപ്പിച്ചിരുന്നത്.
നെല്ല് സംഭരണം
സംസ്ഥാനത്ത് ഒന്നാംവിള നെല്ല് സംഭരണം മിക്കവാറും പൂർത്തിയായിരിക്കുകയാണ്. 36,311 കർഷകരിൽ നിന്നായി 91,280 മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായ 274.9 കോടി രൂപയിൽ 154.9 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു.
ശേഷിച്ച തുകയും ബാങ്കുകൾ വഴി പി.ആർ.എസ് വായ്പയായി വിതരണം നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാർ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നൽകേണ്ട തുകകൾ തടഞ്ഞുവയ്ക്കുകയോ യഥാസമയം നൽകാതിക്കുകയോ ചെയ്യുന്നത് വഴി വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
എന്നാൽ ഇതുമൂലം കർഷകർക്ക് വിഷമം നേരിടാതിരിക്കാൻ പ്രോത്സാഹന ബോണസ് ഇനത്തിൽ സർക്കാർ വകയിരുത്തിയ തുക മുൻകൂറായി നൽകിക്കൊണ്ടാണ് നിലവിൽ ബാങ്കുകൾക്ക് മുൻകാല വായ്പ തിരിച്ചടവ് നൽകി കർഷകർക്ക് പി.ആർ.എസ് വായ്പ്പ മുടക്കമില്ലാതെ ലഭ്യമാക്കുന്നു.
2017-18 മുതൽ ആകെ 1,344 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കുവാനുണ്ട്. ഇതിൽ 221.52 കോടി രൂപ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള NIC യ്ക്ക് വന്നിട്ടുള്ള സാങ്കേതിക പിഴവിന്റെ പേരിലാണ്, 257.41 കോടി രൂപ ട്രാൻസ്‌പോർട്ടേഷൻ കുടിശ്ശികയാണ്.
ബാക്കി വരുന്ന തുകയെല്ലാം തന്നെ വിവിധ സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് അന്യായമായി തടഞ്ഞു വച്ചിട്ടുള്ളവയാണ്. ഏറ്റവും ഒടുവിൽ സമർപ്പിച്ച ക്ലയിമുകളിൽ തന്നെ 2024-25 വർഷത്തെ 206.46 കോടി രൂപയും 2025-26 വർഷത്തെ 284.91 കോടി രൂപയും ലഭിക്കുവാനുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us