കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവുമടക്കം സംസ്ഥാനത്തെ 200 ലേറെ കോൺഗ്രസ് നേതാക്കൾ വയനാട്ടിലേക്ക്. ലക്ഷ്യ 2026 ക്യാമ്പിന് ഇന്ന് തുടക്കമാകും

സംസ്ഥാനത്തെ 50% സീറ്റുകളിലും യുവാക്കളെയും സ്ത്രീകളെയും നിർത്തി 2021 ലേതിന് സമാനമായ മത്സരം കാഴ്‌ചവെക്കാനാണ് കോൺഗ്രസിൻ്റെ ശ്രമം.

New Update
CONGRESS

 തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഒരുക്കത്തിനായുള്ള കോൺഗ്രസിൻ്റെ ലക്ഷ്യ 2026 ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കമാകും. ഇന്നും നാളെയുമായി ചേരുന്ന ക്യാമ്പിൽ സംസ്ഥാനത്തെ 200 ഓളം കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.

Advertisment

തെരഞ്ഞെടുപ്പ് തന്ത്രങ്ങളും, സമരപരിപാടികളും , സ്ഥാനാർത്ഥിനിർണയം സംബന്ധിച്ച വിഷയങ്ങളുമാകും ക്യാമ്പിൽ ചർച്ച ആവുക. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 

തെരഞ്ഞെടുപ്പ് പ്രചാരണവും സർക്കാരിനെതിരായ സമരവും ചർച്ച ചെയ്യുന്ന സെഷനോടെയാകും ക്യാമ്പ് തുടങ്ങുക. എസ് ഐ ആർ ഉൾപ്പെടെയുള്ള വിഷയങ്ങളിലും ക്യാമ്പിൽ ചർച്ച നടക്കും.തെരഞ്ഞെടുപ്പ് ചുമതലകൾ സംബന്ധിച്ചും തീരുമാനം ഉണ്ടാകും.

സംസ്ഥാനത്തെ 50% സീറ്റുകളിലും യുവാക്കളെയും സ്ത്രീകളെയും നിർത്തി 2021 ലേതിന് സമാനമായ മത്സരം കാഴ്‌ചവെക്കാനാണ് കോൺഗ്രസിൻ്റെ ശ്രമം. 

2021 ൽ അവസാന ഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് മൂലം ജനങ്ങൾക്കിടയിൽ വേണ്ടത്ര സ്വീകാര്യത നേടാൻ യുവാക്കൾക്ക് സാധിച്ചില്ലെന്ന വിലയിരുത്തലുണ്ട്. 

ഈ കാര്യം മുൻനിർത്തി മുൻകൂട്ടി സ്ഥാനാർത്ഥികളെ രംഗത്തിറക്കുകയെന്ന ലക്ഷ്യം ലക്ഷ്യ 2026 ക്യാമ്പിൽ നടപ്പാക്കും. ഇതടക്കമുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സംഘടനാ മാറ്റങ്ങൾക്കും ക്യാമ്പിൽ രൂപം നൽകും.

Advertisment