
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ ഭരണവിരുദ്ധ വികാരത്തിൽ നിന്നും തടിയൂരാൻ തുറുപ്പ് ചീട്ടിറക്കി സി.പി.എം.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിനുള്ള വിജിലൻസിന്റെ ശുപാർശയാണ് സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രമായി വ്യഖ്യാനിക്കപ്പെടുന്നത്.
ശബരിമല സ്വർണ്ണക്കൊള്ള, ആന്റണി രാജുവിന്റെ അടിവസ്ത്രമോഷണക്കേസ് എന്നിവ ഉയർത്തി രംഗത്ത് വന്ന യു.ഡി.എഫിനെ തളയ്ക്കാനാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ സി.ബി.ഐ അനേ്വഷണത്തിന് ശുപാർശ നൽകിയതെന്നും കരുതപ്പെടുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അന്വേഷിച്ച് കഴമ്പില്ലെന്ന് തള്ളിക്കളഞ്ഞ കേസാണ് നിലവിൽ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സജീവമാക്കിയിട്ടുള്ളത്.
ശബരിമല സ്വർണ്ണക്കൊള്ളയടക്കം നിരവധി വിഷയങ്ങൾ പെട്ട് നിൽക്കുന്ന സർക്കാരിന് തദ്ദേശ ത്തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ഭരണമാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.
ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടെന്ന് ഇതിലൂടെ തെളിയിക്കപ്പെടുകയും ചെയ്തു. ഇത് മറികടക്കാനും യു.ഡി.എഫിന്റെ പ്രചാരണങ്ങളെ മറികടക്കാനുമാണ് ഇത്തരമൊരു കേസ് സർക്കാർ കൊണ്ട് വരുന്നതെന്നാണ് മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തൽ.
കോൺഗ്രസിനുള്ളിൽ നിലവിൽ നിലനിൽക്കുന്ന ഐക്യത്തെ തകർക്കുകയെന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ ബുദ്ധിയും ഇതിന് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിലുണ്ടായ ചേരിതിരിവ്, തദ്ദേശത്തിരഞ്ഞെടുപ്പിന് ശേഷം മേയർ തർക്കത്തിൽ കൊച്ചിയിലും മറ്റ് പലയിടത്തുമുണ്ടായ ചേരിതിരിവ് മുതലെടുത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സതീശനെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായത്.
എന്നാൽ പത്ത് വർഷം സംസ്ഥാനത്ത് അധികാരത്തിൽ ഇരുന്നപ്പോഴൊന്നും വിഷയത്തിൽ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യാതിരുന്ന സർക്കാർ നിലവിൽ സി.ബി.ഐ അനേ്വഷണം ആവശ്യപ്പെടുന്നതിന് പിന്നിൽ ബി.ജെ.പി ഡീലുണ്ടോ എന്ന കാര്യത്തിലും കോൺഗ്രസിന് സംശയമുണ്ട്. കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തിന് സി.പി.എം എണ്ണ പകരുന്നുവെന്ന ആരോപണമാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ ചിലർ ഉന്നയിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us