/sathyam/media/media_files/2026/01/04/1001535673-2026-01-04-15-06-33.jpg)
തിരുവനന്തപുരം: 2018ലെ പ്രളയത്തിന് ശേഷം വി.ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണ് 'പുനർജ്ജനി'.
ഇതുവരെ പുതിയ വീടുകൾ 250 എണ്ണത്തിലേറെ വെച്ചു നൽകി. ഭാഗികമായി തകർന്നവ പുനരുദ്ധരിച്ചതടക്കം നോക്കിയാൽ 300ലധികം വീടുകളായി.
വീട് നിർമ്മാണം മാത്രമല്ല ആരോഗ്യ, വിദ്യാഭ്യാസ പരിപാടികളും കൂടെ നടത്തുന്നു. ശ്രവണോപകരണങ്ങൾ നൽകുന്നു. വീട് ലഭിക്കുന്നതിന് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി സ്‌പോൺസേഴ്‌സിനെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്.
അല്ലാതെ ഒരു രൂപ പോലും വി.ഡി സതീശൻ ഇതിൽ നിന്നും നേരിട്ട് സ്വീകരിക്കുന്നില്ല.
പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ.
ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശുപാർശ ചെയ്തത്. എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഈ കേസ് ആഭ്യന്തര വകുപ്പിന്റെ വിജിലൻസ് അടക്കമുള്ള മുഴുവൻ സന്നാഹവും ഉപയോഗിച്ച് തലങ്ങും വിലങ്ങും അന്വേഷിച്ചെങ്കിലും കാര്യമാത്രപ്രസക്തമായി ഒന്നും കണ്ടെത്തിയില്ല.
മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ പുനർജ്ജനി പദ്ധതിക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്.
യു.കെയിൽ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലൻസിന്റെ കണ്ടെത്തൽ.
യുകെ ആസ്ഥാനമായുള്ള മിഡ്ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഎ അക്കൗണ്ടിലേക്ക് പണം അയച്ചതെന്നും അന്ന് കണ്ടെത്തിയിരുന്നു.
കേസിൽ വി.ഡി സതീശനെതിരെ ഇടത് സർക്കാരിന്റെ കാലത്ത് പ്രോസിക്യൂഷൻ അനുമതി തേടിയപ്പോൾ പരാതിയിൽ കഴമ്പില്ലെന്നു പറഞ്ഞ് നിയമസഭാ സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണൻ തള്ളിക്കളയുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ ഹൈക്കോടതി സിംഗിൾ ബഞ്ചിനും ഡിവിഷൻ ബെഞ്ചിനും നൽകിയ പരാതികൾ നോട്ടീസ് പോലും അയയ്ക്കാതെ തള്ളുകയും ചെയ്തിരുന്നു.
യുകെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് വി ഡി സതീശൻ അഭ്യർത്ഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.
നിലവിൽ ഇക്കാര്യം മാത്രമാണ് ആകെ പുതുതായി അനേവഷണസംഘം കണ്ടെത്തിയിരിക്കുന്ന തെളിവെന്നും സൂചനയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us