നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഏത് വിധേനയും സതീശനെ കേസിൽ കുടുക്കാൻ സർക്കാർ. മണപ്പാട്ട് ഫൗണ്ടേഷനുമായി അവിശുദ്ധ ബന്ധമെന്നും പുനർജനി പദ്ധതിക്കായി 1.27കോടി പിരിച്ചെടുത്തെന്നും പുതിയ വാദം. സതീശൻ ലണ്ടനിലേക്ക് പോയതും തിരിച്ചുവന്നതും ഒമാൻ എയർവെയ്‌സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റിൽ. ഇതിന് ടാക്സടച്ചത് മണപ്പാട് ഫൗണ്ടേഷൻ. സതീശന് ലണ്ടനിൽ താമസസൗകര്യമൊരുക്കിയതും ഫൗണ്ടേഷൻ. അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നെന്ന് ചൂണ്ടിക്കാട്ടി കേസിന് സർക്കാർ നീക്കം

ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പുനർജ്ജനി പദ്ധതിക്കായി 1,27,33,545. 24 രൂപ പിരിച്ചെടുത്തതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

New Update
V D Satheesan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കേസിൽ കുടുക്കാൻ വീണ്ടും വഴിവിട്ട നീക്കവുമായി സർക്കാർ. പ്രതിപക്ഷ നേതാവും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിലുള്ള ബന്ധം ‘അവിശുദ്ധം’ ആണെന്ന ആരോപണവുമായി സർക്കാർ തന്നെ രംഗത്തെത്തി. 

Advertisment

പുനർജ്ജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ഒരു ബാങ്ക് അക്കൗണ്ട് തുറക്കുകയും 2018 നവംബ‌ർ 27മുതൽ 2022 മാർച്ച് 8വരെ ആ അക്കൗണ്ടിലൂടെ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സർക്കാർ കണ്ടെത്തി.


ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പുനർജ്ജനി പദ്ധതിക്കായി 1,27,33,545. 24 രൂപ പിരിച്ചെടുത്തതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.


‘പുനർജ്ജനി’ സ്പെഷ്യൽ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ, കറന്റ് അക്കൗണ്ട് വഴിയും ആണ് പണം സ്വരൂപിച്ചത്.

അതേ സമയം യുകെയിലെ മലയാളികളിൽ നിന്നും പണം സ്വരൂപിച്ച മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റും ആ പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ യാതൊരു വിധ എംഒയുവും ഒപ്പുവെച്ചിട്ടില്ല. സാധാരണഗതിയിൽ എൻജിഒകൾ തമ്മിൽ ഇത്തരം ഇടപാടുകളിൽ എംഒയു ഒപ്പുവെക്കാറുണ്ട്. 


ഒമാൻ എയർവെയ്‌സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി ഡി സതീശൻ യുകെയിലേക്ക് പോയതും തിരികെ വന്നതും.


മണപ്പാട്ട് ഫൌണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദാണ് സതീശന് വേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത്. ഈ ടിക്കറ്റിന് ടാക്സ് അടച്ചിരിക്കുന്നത് മണപ്പാട്ട് ഫൗണ്ടേഷനാണ്.

വി ഡി സതീശന്റെ യുകെയിലെ താമസ സൗകര്യവും മറ്റു ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയർമാൻ അമീർ അഹമ്മദ് വിജിലൻസിനോട് വ്യക്തമാക്കിയിട്ടുണ്ട്.


യുകെ യാത്രയ്ക്ക് പിന്നിൽ മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദും വി ഡി സതീശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നുവെന്നാണ് വിജിലൻസ് സംശയിക്കുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. 


സതീശന് വിജിലൻസ് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ നേതാവിനെ കൂടാതെ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന എൻജിഒയ്ക്കും അതിന്റെ ചെയർമാൻ അമീർ അഹമ്മദിനെതിനെതിരെയും എഫ്‌സിആർഎ നിയമപ്രകാരം സിബിഐ അന്വേഷണം വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. 


സിബിഐ അന്വേഷണം വേണമെന്ന വിജിലന്‍സ് ശുപാര്‍ശയില്‍ തീരുമാനം നിയമപരിശോധനയ്ക്ക് ശേഷമായിരിക്കും. അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്നാവും നിയമോപദേശം തേടുക. 


കഴിഞ്ഞ വര്‍ഷം വിജിലൻസ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്നും സിബിഐ അന്വേഷിക്കണമെന്നും ശുപാര്‍ശയുണ്ടായിരുന്നത്. 

മണപ്പാട്ട് ഫൗണ്ടേഷന്റെ സിഇഒ അമീർ അഹമ്മദും വി ഡി സതീശനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രളയബാധിതരെ പുനരധിവസിപ്പിക്കാനെന്ന പേരിൽ വിദേശത്ത് പണം പിരിച്ചു കേരളത്തിലേക്ക് അയച്ചതെന്നു ആരോപണം ഉയർന്നിരുന്നു.  


മണപ്പാട്ട് ഫൗണ്ടേഷൻ ഇത്തരത്തിൽ വിദേശ ഫണ്ട് സ്വീകരിച്ചതിന്റെ രേഖകളോ റെക്കോർഡുകളോ സൂക്ഷിച്ചിട്ടില്ല എന്നും എഫ്‌സിആർഎ നിയമത്തിന്റെ റൂൾ 19ന്റെ ലംഘനമാണെന്ന് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 


മണപ്പാട്ട് ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ പരിശോധിച്ചതിൽ അക്കൗണ്ടിലേക്ക് വന്ന പണവും അതിനായി നൽകിയ രേഖകളും തമ്മിൽ പൊരുത്തക്കേടുകളുള്ളതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് വിജിലൻസിന്റെ നിഗമനം.

മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഐ അക്കൗണ്ടിലേക്കും കറണ്ട് അക്കൗണ്ടിലേക്കും മറ്റൊരക്കൗണ്ടിലേക്കും ആണ് പണം വന്നത്.


ഇതുകൂടാതെ ചില വിദേശ രാജ്യങ്ങളിൽ നിന്നും ഇവരുടെ അക്കൗണ്ടിലേക്ക് ഈ കാലയളവിൽ പണം വന്നിട്ടുണ്ട്.


ഇങ്ങനെ വന്ന പണം എഫ് സി ആർ എ നിയമത്തിന്റെ ലംഘനമാണെന്നും ഇങ്ങനെ അവിടുന്ന് പണം സ്വരൂപിച്ച് അയച്ചത് സതീശന്റെ പ്രസംഗത്തിന്റെ. അടിസ്ഥാനത്തിൽ ആണെന്നും പ്രസംഗ വീഡിയോയിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്.

ഇക്കാര്യത്തിൽ എഫ്സിആർ എ നിയമത്തിന്റെ ലംഘനം നടന്നതായി കണ്ടെത്തിയതിനാൽ സിബിഐ അന്വേഷണം വേണമെന്നാണ് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നതെന്നും സർക്കാർ വിശദീകരിക്കുന്നു.

Advertisment