/sathyam/media/media_files/2025/06/08/OL5W8wr969GhCf1ppBgu.jpg)
കോട്ടയം: ഭിന്നശേഷി സംവരണ നിയമം കാരണം എയ്ഡഡ് അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ ആവശ്യം ഒടുവില്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍.
എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസ്സിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്ക് കൂടി ബാധകമാകുന്നതാണ് നീതിയുക്തമെന്ന് കേരളം സുപ്രീം കോടതിയെ സമീപിച്ചു.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് സമര്‍പ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 284 ശിപാര്‍ശകളും 45 ഉപശുപാര്‍ശകളും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാദത്തിനിടെയാണ് ഭിന്നശേഷി നിയമനത്തിലും സഭകള്‍ ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്.
ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ക്രൈസ്തവ മാനേജ്‌മെന്റുകള്‍ ആകും.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണായകമായ ഈ നീക്കം.
ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന് ക്രൈസ്തവ സഭകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന നിയമ മന്ത്രി പി. രാജീവുമായി നടത്തിയ ചര്‍ച്ചകളില്‍ ആണ് ആവശ്യം ക്രൈസ്തവ സഭാ അധ്യക്ഷന്മാര്‍ ഉന്നയിച്ചത്.
ഇതിന് പിന്നാലെയാണ് അടിയന്തിരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളില്‍ നിലവില്‍ 6230 ജീവനക്കാര്‍ ജോലി ചെയ്യുന്നത് താത്കാലിക ശമ്പള സ്‌കെയില്‍ അടിസ്ഥാനത്തിലാണ്.
17729 പേര്‍ ജോലി ചെയ്യുന്നത് ദിവസ വേതന അടിസ്ഥാനത്തിലും. ഭിന്നശേഷി സംവരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണ്.
സംസ്ഥാനത്തെ 5279 മാനേജ്‌മെന്റുകളില്‍ 1538 മാനേജുമെന്റുകള്‍ ഭിന്നശേഷി സംവരണത്തിനായുള്ള തസ്തികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.
സ്റ്റാന്‍ഡിങ് കൗണ്‍സില്‍ സി.കെ. ശശിയാണ് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. അപേക്ഷ അടിയന്തിരമായി സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തിക്കാനുള്ള നടപടിയും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു.
എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍ എസ് എസ്സിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്ക് കൂടി ബാധകമാക്കാന്‍ കഴിഞ്ഞ 90 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഒക്ടോബറില്‍ ആയിരുന്നു സുപ്രീം കോടതിയെ ആദ്യം സമീപിച്ചത്.
എന്നാല്‍ കേസിലെ എല്ലാ കക്ഷികളും ആയി ബന്ധപ്പെട്ട സര്‍വ്വീസ് പൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നവംബറില്‍ ഈ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടി വെച്ചിരുന്നു.
നിലവില്‍ ഭിന്ന ശേഷിക്കാര്‍ക്കുള്ള തസ്തികകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ആണ് എന്‍എസ്എസ് വിധി ബാധകമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നത്.
ജസ്റ്റിസ് ജെ.കെ. മഹേശ്വരിയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചാണ് കേരളത്തിലെ എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us