മൂന്നാം ഊഴം തേടി ഇറങ്ങുന്ന എല്‍.ഡി.എഫിനെ നയിക്കാന്‍ പിണറായി വിജയന്‍!. എം.എ ബേബിയുടെ വാക്കുകളില്‍ വിജയത്തിനു ശേഷം നേതൃത്വം മാറിയേക്കാം എന്ന സൂചന. ഭാവിയില്‍ മാറ്റമുണ്ടാകാം എന്ന തോന്നല്‍ നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ ഗുണകരമാകുമെന്ന വിലയിരുത്തലില്‍ സി.പി.എം ദേശിയ നേതൃത്വം. നീക്കം പ്രചരണ രംഗത്തു പ്രതിപക്ഷത്തിന് ആയുധം നല്‍കും

'പിണറായി തന്നെ എന്നും തുടരും' എന്ന ചിന്തയുള്ള നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയില്‍, ഭാവിയില്‍ മാറ്റമുണ്ടാകാം എന്ന തോന്നല്‍ ഉണ്ടാക്കുന്നതു ഗുണകരമാകുമെന്നു സിപിഎം ദേശിയ നേതൃത്വം കണക്കുകൂട്ടുന്നു എന്നും ഈ പ്രസ്താവനയില്‍ നിന്നു വായിച്ചെടുക്കാം.

New Update
img(324)

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും നയിക്കുമെന്ന എം.എ. ബേബിയുടെ പ്രസ്താവന കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളുടെ സൂചന. 

Advertisment

എം.എ. ബേബിയുടെ ഈ പ്രസ്താവന സി.പി.എമ്മിലും പ്രത്യേകിച്ച് ഇടതു മുന്നണിക്കുള്ളിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും വലിയ ചര്‍ച്ചകള്‍ക്കു വഴിവെക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാകും തെരഞ്ഞെടുപ്പിനെ നയിക്കുക എന്ന് ഉറപ്പിക്കുമ്പോഴും, വിജയത്തിനു ശേഷം നേതൃത്വം മാറിയേക്കാം എന്ന സൂചന ഈ വാക്കുകളിലുണ്ട്. 


ഇതു പാര്‍ട്ടിക്ക് അകത്ത് പുതിയൊരു നേതൃനിരയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു തുടക്കമിടാന്‍ കാരണമാകും. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ഭരണവിരുദ്ധ വികാരം തണുപ്പിക്കാന്‍ ഈ പ്രസ്താവന സഹായിച്ചേക്കാം.


'പിണറായി തന്നെ എന്നും തുടരും' എന്ന ചിന്തയുള്ള നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയില്‍, ഭാവിയില്‍ മാറ്റമുണ്ടാകാം എന്ന തോന്നല്‍ ഉണ്ടാക്കുന്നതു ഗുണകരമാകുമെന്നു സിപിഎം ദേശിയ നേതൃത്വം കണക്കുകൂട്ടുന്നു എന്നും ഈ പ്രസ്താവനയില്‍ നിന്നു വായിച്ചെടുക്കാം.

എന്നാല്‍, ഈ നീക്കം പ്രചരണ രംഗത്തു പ്രതിപക്ഷത്തിന് ആയുധം നല്‍കും. 'മുഖ്യമന്ത്രിയുടെ മുഖം കാണിച്ചു വോട്ടു ചോദിച്ചിട്ടു പിന്നീട് മാറ്റുന്നതു ജനങ്ങളെ വഞ്ചിക്കലാണ്' എന്ന ആരോപണം ഉയര്‍ത്താന്‍ യു.ഡി.എഫിനും ബി.ജെ.പിനും ഇത് അവസരം നല്‍കുന്നു. 


പിണറായി വിജയന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് ആത്മവിശ്വാസം കുറഞ്ഞു എന്ന തരത്തിലും പ്രതിപക്ഷത്തിന് ഇതിനെ വ്യാഖ്യാനിക്കാം. പിണറായി വിജയനെ മുന്‍നിര്‍ത്തി വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതു പാര്‍ട്ടിക്ക് അകത്തു ദിന്നത ഉണ്ടാക്കാന്‍ കാരണമാകും എന്ന സംശയവും എം. എ ബേബിയുടെ പ്രസ്താവനയ്ക്ക് പിന്നിലുണ്ട്. 


തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ 'വിജയിച്ച ശേഷം തീരുമാനിക്കാം' എന്ന നിലപാട് സ്വീകരിക്കുന്നതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ സഹായിക്കും. 

എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി വോട്ട് പിടിക്കുക എന്ന തന്ത്രവും ഇതിലൂടെ കേന്ദ്ര നേതൃത്വം പയറ്റുന്നുണ്ട്. പ്രവര്‍ത്തന ശൈലിയെ കുറിച്ചും ഭരണരീതിയെക്കുറിച്ചും ഏറെ വിമര്‍ശങ്ങള്‍ ഉണ്ടെങ്കിലും പാര്‍ട്ടിയില്‍ ഇപ്പോഴും പിണറായിയുടെ അപ്രമാദിത്വം ആണെന്ന് വിമര്‍ശനം പരക്കെയുണ്ട്. 


ഇതിനു കൂടി തടയിടാനുള്ള നീക്കമാണ് എം.എ ബേബി തന്റെ പ്രസ്താവനയിലൂടെ നടത്തിയിരിക്കുന്നത് എന്ന ചര്‍ച്ചയും സി.പി.എമ്മില്‍ സജീവമാണ്.


ഇതുവരെ പിണറായി വിജയന്‍ എന്ന ഒറ്റ കേന്ദ്രത്തിലേക്കു കേന്ദ്രീകരിച്ചിരുന്ന പാര്‍ട്ടി ഇമേജ്, ഇനി മുതല്‍ ഒരു 'കൂട്ടുത്തരവാദിത്തം' അല്ലെങ്കില്‍ 'പാര്‍ട്ടി തീരുമാനിക്കും' എന്ന പഴയ രീതിയിലേക്ക് മാറുന്നു എന്നതിന്റെ സൂചനയായും ഇതിനെ കാണാം. 

എന്നാല്‍ പിണറായി തന്നെ പ്രചരണം നയിക്കുമെന്നു പ്രസ്താവനയ്ക്ക് ചില അനുകൂല ഘടകങ്ങളുമുണ്ട്. രണ്ടു തവണ തുടര്‍ച്ചയായി എല്‍.ഡി.എഫിനെ വിജയത്തിലേക്കു നയിച്ച പിണറായി വിജയന്റെ 'ക്യാപ്റ്റന്‍സി'യില്‍ പാര്‍ട്ടിക്കു വലിയ വിശ്വാസമുണ്ട് എന്ന പ്രതീതി ഉണ്ടാക്കാനാവും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട അനുകൂല ഘടകം. 


പിണറായി തന്നെ പ്രചരണം നയിക്കും എന്ന് വ്യക്തമാക്കുന്നതിലൂടെ, ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നുവെന്നും ഭരണവിരുദ്ധ വികാരം മറികടക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിയുമെന്നും പ്രവര്‍ത്തകര്‍ക്കു സന്ദേശം നല്‍കാനും കഴിയും.


നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും എം.എ ബേബിയുടെ പ്രസ്താവന വിരാമമിടുന്നു. പാര്‍ട്ടിക്കുള്ളില്‍ പിണറായി വിജയന് ഇപ്പോഴും ചോദ്യം ചെയ്യപ്പെടാത്ത സ്വാധീനമുണ്ടെന്നും, വരാനിരിക്കുന്ന പോരാട്ടത്തില്‍ നേതൃത്വത്തെക്കുറിച്ചു യാതൊരു വിധത്തിലുള്ള ആശയ ക്കുഴപ്പവും ഇല്ലെന്നും ഇതു വ്യക്തമാക്കുന്നു. 

പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും വോട്ടര്‍മാര്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ പിണറായി വിജയന്റെ പ്രചരണത്തിലെ സാന്നിധ്യം സഹായിക്കും. 


'പിണറായി സ്‌റ്റൈല്‍' ഭരണത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം വോട്ടര്‍മാരെ കേന്ദ്രീകരിക്കാന്‍ ഇതു സഹായകമാകും. യു.ഡി.എഫും ബി.ജെ.പി.യും മുഖ്യമന്ത്രിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെ നേരിട്ടു നേരിടാനാണു പാര്‍ട്ടി തയ്യാറെടുക്കുന്നത് എന്നും ഇതിലൂടെ വ്യക്തമാകുന്നു.


പ്രതിപക്ഷത്തിന്റെ വ്യക്തിപരമായ ആക്രമണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള സാന്നിധ്യം സഹായിക്കുമെന്നു സി.പി.എം ദേശിയ നേതൃത്വം കണക്കു കൂട്ടുന്നു. എന്നാല്‍, സര്‍ക്കാരിനെതിരെ ഉള്ള ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, പിണറായി വിജയന്‍ തന്നെ നയിക്കുന്നതു പ്രതിപക്ഷത്തിന് തങ്ങളുടെ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടാന്‍ അവസരം നല്‍കിയേക്കാം. 

മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുള്ള വ്യക്തിപരമായ പ്രചരണങ്ങള്‍ക്കു പ്രതിപക്ഷം കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ ഇതു വഴിവെച്ചേക്കും. ചുരുക്കത്തില്‍, പിണറായി വിജയന്റെ നേതൃത്വത്തില്‍ മൂന്നാം ഊഴം തേടി ഇറങ്ങാനുള്ള എല്‍.ഡി.എഫിന്റെ ശക്തമായ നീക്കമായാണ് ഇതിനെ കാണുന്നത്.

Advertisment