ഒരു തവണ വീട്ടിൽ പോയി; ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് കടകംപള്ളി സുരേന്ദ്രൻ. അയ്യപ്പന്റെ ഭക്തൻ എന്ന നിലയിലാണ് അന്ന് പോറ്റിയെ കണ്ടിട്ടുള്ളത്. പോറ്റിയിൽ നിന്നും ഒരു ഉപഹാരവും വാങ്ങിയിട്ടില്ലെന്നും കടകംപള്ളി

ശബരിമല സ്വാമിയുടെ ശരിയായ ഭക്തന്‍ എന്ന നിലയിലാണ് പോറ്റിയുടെ വീട്ടില്‍ പോയത്

New Update
1001605736

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയതായി സ്ഥിരീകരിച്ച് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

Advertisment

ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോറ്റിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവിടെ പോയതെന്നും പൊലീസ് അകമ്പടി ഉണ്ടായിരുന്നെന്നും കടകംപള്ളി പറഞ്ഞു.

 പോറ്റിയുടെ കൈയില്‍ നിന്ന് ഒരു സമ്മാനവും വാങ്ങിയിട്ടില്ലെന്നും അറിയാവുന്ന എല്ലാകാര്യങ്ങളും പ്രത്യേക അന്വേഷണസംഘത്തിനോട് പറഞ്ഞിട്ടുണ്ടെന്നും കടകംപള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'പോറ്റിയുടെ വീട്ടില്‍ ഒരുതവണ പോയിട്ടുണ്ട്. 2017ലാണ് പോയതെന്നാണ് തോന്നുന്നത്.

ദേവസ്വം മന്ത്രിയായി ശബരിമലയിലെത്തുന്ന കാലത്ത് ശബരിമലയില്‍ നില്‍ക്കുന്ന പോറ്റിയെ നിരവധി തവണ കണ്ടിട്ടുണ്ട്.

 മന്ത്രിയായിരിക്കെ ഒരു ദിവസം ശബരിമലയിലേക്ക് പോകുന്ന യാത്രാമധ്യേ എന്നെ വിളിച്ചിട്ട് വീട്ടില്‍ ഒരു കുട്ടിയുടെ ചടങ്ങ് ഉണ്ട്, അവിടെ കയറണമെന്ന് സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു.

അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അകമ്പടിയോടെയാണ് അവിടെ പോയത്. അവിടെ നിന്ന് ഭക്ഷണം കഴിച്ച് പിരിയുകയും ചെയ്തു.

ഇന്നത്തെ വീട്ടില്‍ അല്ല പോയത്. ശബരിമല സ്വാമിയുടെ ശരിയായ ഭക്തന്‍ എന്ന നിലയിലാണ് പോറ്റിയുടെ വീട്ടില്‍ പോയത്.

ഇക്കാര്യം അന്വേഷണ സംഘത്തിനോട് പറഞ്ഞിട്ടുണ്ട്' - കടകംപള്ളി പറഞ്ഞു

Advertisment