പോറ്റിയെ കേറ്റിയെ പാട്ട് നിയമസഭാ തിരഞ്ഞെടുപ്പിലും അലയടിക്കുമെന്നു ഭയന്ന് സിപിഎമ്മും സർക്കാരും. പാട്ടിന് എതിരായ കേസിൽ നടപടികൾ അവസാനിപ്പിക്കാതെ സര്ക്കാർ. വാദിയുടെ മൊഴി രേഖപ്പെടുത്തിയതായും പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും പോലീസ്. കേസ് അവസാനിപ്പിക്കുവാൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും പോലീസ്. പാട്ട് വീണ്ടും വൈറൽ ആയാൽ കേസ് കടുപ്പിക്കും

ഗാനത്തിനെതിരെ എടുത്ത കേസ് അവസാനിപ്പിക്കുവാൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ പോലീസിന്റെ വ്യക്തത.

New Update
cpim111

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് വിവാദമായ പോറ്റിയെ കേറ്റിയെ എന്ന പാരഡി പാട്ടിന് എതിരായ കേസിൽ നടപടികൾ സര്ക്കാർ അവസാനിപ്പിച്ചിട്ടില്ല.

Advertisment

തുടർ നടപടികൾ വേണ്ടെന്ന് തീരുമാനിച്ചതായി പ്രചാരണം ഉണ്ടായിരുന്നു.

ഗാനത്തിനെതിരെ എടുത്ത കേസ് അവസാനിപ്പിക്കുവാൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ പോലീസിന്റെ വ്യക്തത. 

പാരഡി ഗാനത്തിനെതിരെ എടുത്ത കേസ് അവസാനിപ്പിക്കുവാൻ മേലധികാരികൾ നിർദ്ദേശം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന പോലീസിന്റെ വിവരാവകാശ രേഖ പുറത്ത് വന്നു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് നൽകിയ വിവരാവകാശ മറുപടി കത്തിലാണ് കേസ് നിലവിൽ അന്വേഷണ അവസ്ഥയിലാണെന്നും കേസ് അവസാനിപ്പിക്കുവാൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നത്.

കേസിൽ വാദിയുടെ മൊഴി രേഖപ്പെടുത്തിയതായും പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും പ്രതികളെ കസ്റ്റഡിയിൽ എടുക്കുവാൻ പോയിട്ടില്ലെന്നും അഡ്വ. കുളത്തൂർ ജയ്‌സിങിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പോലീസ് വ്യക്തമാക്കുന്നു.

അയ്യപ്പ ഭക്തന്മാർക്ക് മുന്നിൽ ശരണ മന്ത്രത്തെ അപമാനിച്ചു, മത സ്പർദ്ധയുണ്ടാക്കി എന്നാരോപിച്ച് റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിയ്ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

 ഗാന രചയിതാവ് ജി പി കുഞ്ഞബ്ദുള്ള, ഗായകൻ ഡാനിഷ്, നിർമ്മാതാവ് സുബൈർ പന്തല്ലൂർ, സി എം എസ് മീഡിയ എന്നിവരാണ് പ്രതി പട്ടികയിലുള്ളത്. പാട്ട് പ്രചരിപ്പിക്കുന്ന സെറ്റുകളിൽ നിന്ന് നീക്കം ചെയ്യുമെന്നതടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആദ്യം വ്യക്തമാക്കിയെങ്കിലും തുടർ നടപടികളിൽ നിന്ന് ആഭ്യന്തര വകുപ്പ് പിന്നീട് പിന്നോട്ട് പോയി.

പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമോയെന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ ശക്തിപ്പെട്ടതോടെയാണ് തുടർ നടപടികൾ വേണ്ടായെന്ന് നിലപാട് ഉണ്ടായത്.

എന്നാൽ കേസ് അവസാനിപ്പിച്ചിട്ടില്ലെന്നും അന്വേഷണ അവസ്ഥയിലുമാണെന്ന നിലപാടിൽ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഇപ്പോഴും ഉള്ളതെന്ന വിവരമാണ് വിവരാവകാശ മറുപടിയിലൂടെ ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.

പരാതി നൽകി കേസ് എടുപ്പിച്ച് റാന്നി തിരുവാഭരണ സംരക്ഷണ സമിതി 2018-ൽ രജിസ്റ്റർ ചെയ്തതാണ്.

2019-20 കാലയളവിലുള്ള പ്രവർത്തന റിപ്പോർട്ട് മാത്രമേ സമിതി രെജിസ്ട്രേഷൻ വകുപ്പിന് നൽകിയിട്ടുള്ളൂ.

 2021-ന് ശേഷം ഇതുവരെ പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ മറുപടിയും പത്തനംതിട്ട ജില്ലാ രെജിസ്ട്രേഷൻ വകുപ്പ് കഴിഞ്ഞയാഴ്ച അഡ്വ. കുളത്തൂർ ജയ്‌സിങിന് നൽകിയിരുന്നു.

Advertisment