/sathyam/media/media_files/2025/05/25/1Qj2us8JSIFyATKYtm4L.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കടത്ത് കേസിൽ ഇഡി നടത്തുന്ന സജീവമായ അന്വേഷണത്തെ ഭയപ്പെട്ട് സിപിഎം.
രാഷ്ട്രീയ ലക്ഷ്യത്തോടെ അന്വേഷണ പ്രഹസനങ്ങൾ നടത്താനാണ് ഇഡി കേരളത്തിലേക്ക് എത്തുന്നതെങ്കിൽ അതിനെതിരെ ശക്തമായ പ്രതിരോധവും പ്രതിഷേധവും ഇഡിക്ക് നേരിടേണ്ടി വരുമെന്നാണ് സിപിഎം നിലപാട്.
നേതാക്കൾ സോഷ്യൽ മീഡിയ വഴി ഈ നിലപാട് പ്രചരിപ്പിക്കുന്നുണ്ട്.
എന്നാല് അന്വേഷണത്തെ സിപിഎം പരസ്യമായി എതിർക്കാൻ തയ്യാറായിട്ടില്ല.
ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഇഡി കേരളത്തിൽ എത്തി അന്വേഷണ പ്രഹസനങ്ങൾ നടത്തുക എന്നത് ഒരു സ്ഥിരം ശൈലിയായി മാറിയിരിക്കുന്നു എന്നാണ് സിപിഎം പ്രതിരോധം.
കൂടുതൽ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീളും എന്ന് ഉറപ്പായത്തോടെയാണ് ഈ പ്രതിരോധം. തന്ത്രിയൊഴികെയുള്ള മറ്റു പ്രതികളുടെ വീട്ടിൽ ഇന്ന് ഇഡി പരിശോധന നടത്തിയതും സിപിഎം ചർച്ചയാകുന്നു.
പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണം ഇഡി ഏറ്റെടുത്തു എന്ന രൂപത്തിലുള്ള വാർത്തകളെയും സിപിഎം തല്ലുന്നു.
ശബരിമലയിലെ സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു സർക്കാർ നിർദ്ദേശപ്രകാരം ഹൈക്കോടതി ഒരു പ്രത്യേക അന്വേഷണ ഏജൻസിക്ക് രൂപം നൽകി.
ഈ അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ ശബരിമല കേസിൽ ഇതുവരെ ക്രൈംബ്രാഞ്ച് രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടുകൊണ്ടും ശ്രീകോവിലിലെ കട്ടിലയിലെ സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടുകൊണ്ടുമാണ് ഈ കേസുകൾ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഓരോ രണ്ടാഴ്ചയും നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹൈക്കോടതിക്ക് സമർപ്പിക്കുകയും ചെയ്യുന്നു.
ഹൈക്കോടതി അത് പരിശോധിച്ചു തുടർഅന്വേഷണത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.
സാധാരണയായി ഒരു കുറ്റകൃത്യത്തെക്കുറിച്ച് ഏതെങ്കിലും ഒരു അന്വേഷണ ഏജൻസി അന്വേഷിച്ചാൽ അന്വേഷണം പൂർത്തീകരിച്ച ശേഷം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകുന്നത്.
എന്നാൽ ഈ കേസിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അതുവരെ നടത്തിയ അന്വേഷണ നടപടികൾ പരിശോധിച്ചു തൃപ്തി അറിയിക്കുകയും പിന്നീടുള്ള ദിവസങ്ങളിൽ നടത്തേണ്ട തുടരന്വേഷണത്തെക്കുറിച്ച് കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ മുന്നേറുന്ന ഈ രണ്ടു കേസുകളും ഏറ്റെടുക്കാൻ ഇഡിക്ക് കഴിയില്ല. ഹൈക്കോടതിയുടെ അധികാരപരിധിക്ക് മുകളിലും അല്ല ഇഡി. ഇഡിക്ക് ഒരു ഭരണഘടന അധികാരവുമില്ല.
രണ്ടു കേസുകളിലെ പ്രതികൾ ഈ കേസിലെ കുറ്റകൃത്യവുമായി ബന്ധപ്പെട്ടുകൊണ്ട് കള്ളപ്പണം വിളിപ്പിച്ചിട്ടുണ്ടോ, കണക്കിൽ പെടാത്ത പണം സമ്പാദിച്ചിട്ടുണ്ടോ എന്നത് മാത്രമാണ് ഇഡിക്ക് അന്വേഷിക്കാൻ കഴിയുക.
ഒരുതരത്തിലും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന തരത്തിലോ അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിലോ പ്രവർത്തിക്കാൻ അധികാരമില്ല.
നിലവിലെ രണ്ടു കേസുകളിലെ പ്രതികളോ മറ്റേതെങ്കിലും പ്രതികളോ ഈ രണ്ടു കേസുകളുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ട്, അനധികൃത പണം കണ്ടെത്തിയിട്ടുണ്ട് എന്ന് തെളിവുകൾ ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ടു പോകാവുന്നതാണ്.
ആരോപിക്കപ്പെട്ട കുറ്റകൃത്യം അല്ലാതെ നേരിട്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധമാണ്.
നയതന്ത്ര ബാഗേജിലുള്ള സ്വർണക്കടത്തും ബിരിയാണി ചെമ്പിലുള്ള സ്വർണക്കടത്തും ഈന്തപ്പഴത്തിന്റെ കുരുവിന്റെ രൂപത്തിലുള്ള സ്വർണ്ണക്കടത്തും ഖുർആന്റ ഉള്ളിലുള്ള സ്വർണക്കടത്തുമെല്ലാം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഡി അന്വേഷിച്ച് തിമിർത്താടി സെലക്ടീവ് ലീക്കേജ് നടത്തി മാധ്യമങ്ങളിലൂടെ ആറാടി അവസാനം തലയിൽ തുണിയിട്ട് തിരിച്ചുപോയത് കേരളീയർ മറന്നിട്ടില്ല.
അതുകൊണ്ടുതന്നെ നിയമപരമായ പ്രവർത്തികളിൽ മാത്രം കേന്ദ്രീകരിക്കുന്നതായിരിക്കും നല്ലത്.
നിലവിൽ നടക്കുന്ന അന്വേഷണത്തെ അട്ടിമറിക്കാനും സുപ്രധാന രേഖകൾ കൈപ്പടിയിൽ ഒതുക്കുവാനും തങ്ങൾക്ക് ഇഷ്ടമുള്ളവരെ രക്ഷിച്ചെടുക്കാനും അന്വേഷണ മേൽനോട്ടം വഹിക്കുന്ന ഹൈക്കോടതിയും വെറുതെ ഇരിക്കുമെന്ന് കരുതാനാവില്ല.
കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ നിർദ്ദേശങ്ങൾ നടപ്പാക്കാനായി ഇഡി അന്വേഷണ പ്രഹസനവുമായി കേരളത്തിൽ വന്നപ്പോഴെല്ലാം ലജ്ജിച്ചു തലതാഴ്ത്തി തിരിച്ചു പോയിട്ടുണ്ട് എന്ന് ഓർക്കുന്നത് നല്ലതാണെന്നു സിപിഎം പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us