പട്ടയഭൂമി ജീവനോപാധിക്ക് വിനിയോ​ഗിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള ചട്ട രൂപീകരണം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

സര്‍ക്കാര്‍ നല്‍കിയ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ഭൂമി വിനിയോഗിക്കാത്ത, ചട്ടലംഘനം നടത്താത്ത ഉടമകൾ എന്നത് പരിഗണിച്ച് ഏറ്റവും ലഘൂകരിച്ചുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളുമാണ് ചട്ടങ്ങളിലുണ്ടാവേണ്ടത്.

New Update
PATTAYAM

തിരുവനന്തപുരം: കൃഷിക്കും ഗൃഹനിർമ്മാണത്തിനും മറ്റുമായി പതിച്ച് നൽകിയ പട്ടയഭൂമി, ജീവനോപാധി ലക്ഷ്യമാക്കി മറ്റുതരത്തിൽ വിനിയോഗിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള ചട്ടങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഉന്നതതലയോ​ഗം ചേർന്നു. 

Advertisment

ചട്ടലംഘനങ്ങൾ ക്രമീകരിക്കുന്നതിന് സ്വീകരിച്ചതിനേക്കാൾ ലളിതവും ജനങ്ങൾക്ക് സൗകര്യപ്രദവുമാകണം പുതിയ ചട്ടങ്ങൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മലയോര ജില്ലയിലെ കർഷകരുടെ ജീവിത രീതിക്ക് വന്ന മാറ്റങ്ങൾക്കനുസൃതമായി വേണം ജീവനോപാധിക്കുള്ള ഭൂവിനിയോഗത്തെ കാണേണ്ടത്.

സര്‍ക്കാര്‍ നല്‍കിയ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ഭൂമി വിനിയോഗിക്കാത്ത, ചട്ടലംഘനം നടത്താത്ത ഉടമകൾ എന്നത് പരിഗണിച്ച് ഏറ്റവും ലഘൂകരിച്ചുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളുമാണ് ചട്ടങ്ങളിലുണ്ടാവേണ്ടത്. പൂർണമായും കർഷക സൗഹൃദമായ നില സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തരംമാറ്റി വിനിയോഗിക്കുന്നതിനുള്ള അനുമതി തേടുന്നതിന് സമയപരിധി നിശ്ചയിക്കേണ്ടതില്ല. ഉടമ ആഗ്രഹിക്കുന്ന സമയത്ത് തരംമാറ്റം അനുവദിക്കാവുന്നതാണ്. 

പൊതുആവശ്യത്തിനും വ്യാപാരാവശ്യത്തിനുമുള്ള നിർമ്മിതികൾക്കായുള്ള തരംമാറ്റലിന്‍റെ കാര്യത്തിൽ അപേക്ഷാ ഫീസ് മാത്രം ഈടാക്കി മാറ്റം അനുവദിക്കണം.

ഏതാവശ്യത്തിനാണോ തരം മാറ്റപ്പെടുന്നത് അതിനനുസൃതമായ നിർമ്മാണങ്ങൾ, ഭൂമിയുടെ പരിവർത്തനങ്ങൾ എന്നിവയ്ക്ക് ആകെ ഭൂമിയുടെ നിശ്ചിത ശതമാനം വരെയെന്ന് നിജപ്പെടുത്തണം. 

എന്നാൽ ചെറിയ അളവിലുള്ള പട്ടയങ്ങളിൽ ഈ വ്യവസ്ഥയ്ക്ക് മതിയായ ഇളവും ലഭിക്കണം. തരം മാറ്റുന്നതിന് നിശ്ചിത സമയപരിധി നിശ്ചയിക്കണം. 

പട്ടയം ലഭ്യമല്ലാത്ത സാഹചര്യത്തിൽ അപേക്ഷയോടൊപ്പം നിജസ്ഥിതി സർട്ടിഫിക്കറ്റ് പരിഗണിക്കണം. ഉയർന്ന അളവിലുള്ള തരംമാറ്റലിന് അപേക്ഷാഫീസിന് പുറമേ നിശ്ചിത ഫീസ് ഈടാക്കാവുന്നതാണ്. എന്നാൽ അത് കനത്ത ഫീസ് ആകരുത്.

അപേക്ഷകൾ തഹസിൽദാർ പരിശോധിച്ച് അതത് ജില്ലയില്‍ തന്നെ അനുമതി നൽകുന്നതിനുള്ള വ്യവസ്ഥ ഉണ്ടാകണം. നിര്‍മാണങ്ങളെ പരിവര്‍ത്തനം ലക്ഷ്യമിടുന്ന ആദായം അടിസ്ഥാനമാക്കി തരംതിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോ​ഗത്തിൽ റവന്യു വകുപ്പ് മന്ത്രി കെ രാജൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ, അഡ്വക്കറ്റ് ജനറൽ കെ ​ഗോപാലകൃഷ്ണകുറുപ്പ്, ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ പങ്കെടുത്തു.

Advertisment