/sathyam/media/media_files/2025/09/22/kuwait-court-2025-09-22-00-12-36.png)
തിരുവനന്തപുരം : കേസിൽ പ്രതിയാക്കാതിരിക്കുന്നതിന് കൈക്കൂലി വാങ്ങിയ സിവിൽ പൊലീസ് ഓഫീസറെ വിജിലൻസ് കോടതി 7 വർഷം കഠിന തടവിന് ശിക്ഷിച്ചു.
മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ പരാതിക്കാരൻ പ്രതിയായിട്ടുള്ള കേസിൽ ഇയാളുടെ ഭാര്യയെ പ്രതിയാക്കാതിരിക്കുന്നതിനു വേണ്ടി 3,000 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോ​ഗസ്ഥനു തടവ് ശിക്ഷ.
തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിലെ മുൻ സിവിൽ പൊലീസ് ഓഫീസറും ഇപ്പോൾ തൃശ്ശൂർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ രാമനാട്ടുകര സ്വദേശി എം ബൈജുവിനെയാണ് കോഴിക്കോട് വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി 7 വർഷം കഠിന തടവിന് ശിക്ഷിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം.
2017-ൽ വ്യാജ രേഖ ചമച്ചതിന് പരാതിക്കാരനെ പ്രതിയാക്കി മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബൈജുവാണ് കേസ് കൈകാര്യം ചെയ്തിരുന്നത്.
കേസിൽ ജാമ്യം ലഭിച്ച് സ്റ്റേഷനിൽ ഒപ്പിടുന്നതിനായി വന്ന പരാതിക്കാരനോട് ഭാര്യയേയും കേസിൽ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കേസിൽ നിന്നും ഒഴിവാക്കുന്നതിന് 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് 2,000 രൂപ വാങ്ങിയെടുത്തു. തുടർന്നും പരാതിക്കാരനെ ബാക്കി തുക നൽകണമെന്ന് ഫോൺ വഴിയും നേരിട്ടും ഭീഷണിപ്പെടുത്തിയതോടെ ഇയാൾ വിജിലൻസിനെ അറിയിച്ചു. 3,000 രൂപ കൈക്കൂലി വാങ്ങവെ ബൈജുവിനെ ഉത്തര മേഖല വിജിലൻസ് യൂണിറ്റാണ് പിടികൂടിയത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us