/sathyam/media/media_files/2026/02/05/unnikrishnan-potty-bail-2026-02-05-19-53-37.png)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍മോചിതനായി. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെയാണ് പോറ്റി പുറത്തിറങ്ങിയത്.
കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റിക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ സബ് ജയിലിലായിരുന്നു പോറ്റി.
ഉപാധികളോടെയാണ് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ദ്വാരപാലക ശില്‍പ കേസിലും കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.
റിമാന്‍ഡിലായി 90 ദിവസം പൂര്‍ത്തിയായത് കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യഹർജിയിലാണ് കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം ജാമ്യഹർജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. 2025 നവംബര്‍ മൂന്നിനാണ് കട്ടിളപ്പാളി കേസില്‍ പോറ്റി അറസ്റ്റിലാകുന്നത്.
സ്വർണക്കൊള്ള കേസില്‍ ജയില്‍ മോചിതനാകുന്ന നാലാമത്തെയാളാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. നേരത്തെ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായ മുരാരി ബാബുവും എസ്. ശ്രീകുമാറും എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാറും ജയില്‍ മോചിതരായിരുന്നു.
മുന്‍ തിരുവാഭരണം കമ്മീഷണറായ കെ.എസ് ബൈജുവും സ്വഭാവിക ജാമ്യംതേടി കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.
റിമാന്‍ഡ് ചെയ്ത് 90 ദിവസം കഴിയുന്നതോടെ മറ്റു പ്രതികളും സ്വാഭാവിക ജാമ്യം തേടി വിജിലന്‍സ് കോടതിയെ സമീപിക്കും. കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിക്കാന്‍ പ്രധാന കാരണം.
അതേസമയം, ജയില്‍ മോചിതരാകുന്ന പ്രതികളെ ഇഡി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം മുരാരി ബാബുവിനെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ജയില്‍ മോചിതനാകുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഉടന്‍ ചോദ്യം ചെയ്യാന്‍ ആണ് സാധ്യത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us