/sathyam/media/media_files/2025/05/06/8mOd0YZpFSX8Tk0jK5pb.jpg)
തിരുവനന്തപുരം : കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കാൻ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇഎസ്ഐ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കുന്നത് സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് ആദ്യം ലഭിക്കുന്നത് 2026 ജനുവരി ഏഴിനാണ്.
2025 ജൂണിൽ നടന്ന 196-ാമത് ഇഎസ്ഐ കോണ്‍ഫറന്‍സിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷയെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ അപേക്ഷ സമർപ്പിക്കുന്നത് 6 മാസങ്ങൾ കഴിഞ്ഞ് 2026 ജനുവരിയിലാണ്.
അപേക്ഷ സമര്‍പ്പിയ്ക്കാനുള്ള സമയം കഴിഞ്ഞിട്ട് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ റിജക്ട് ചെയ്തില്ല എന്നുമാത്രമല്ല, അപേക്ഷയുടെ അടിസ്ഥാനത്തിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡപ്രകാരം പരിശോധന നടത്തുകയും സർക്കാർ ചെയ്തു.
നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡം പാലിച്ച് മെഡിക്കല്‍ കോളേജ് ആരംഭിക്കാനുള്ള സൗകര്യം ആശുപത്രിയില്‍ ഇല്ലെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്.
ഇഎസ്ഐ ആശുപത്രി സൂപ്രണ്ടിനെ വിവരം ധരിപ്പിച്ച് പരിമിതി പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്. റിജക്ട് ചെയ്തു എന്നത് അവാസ്തവമാണ്. ആവശ്യമായ സ്ഥലം, ക്ലാസ് മുറികള്‍, ലൈബ്രറി, ലാബ്, ക്ലിനിക്കല്‍ മെറ്റീരിയലുകള്‍ ഇവയൊന്നും അവിടെ ഇല്ലാത്തതിനാല്‍ ഇവ ഒരുക്കുന്നത് സംബന്ധിച്ച ഒരു പ്ലാന്‍ നല്‍കാനാണ് ആവശ്യപ്പെട്ടത്.
മെഡിക്കല്‍ കോളേജിനുള്ള സൗകര്യം ഉണ്ടാക്കിയിട്ടില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ പ്രവേശനം നിര്‍ത്താനുള്ള അധികാരം കൗണ്‍സിലിനുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിന്റെ ഉത്തരവാദിത്വം സംസ്ഥാനത്തിനാകും.
ജനുവരി അഞ്ചിനാണ് ഇഎസ്ഐ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട അറിയിപ്പ് ഇഎസ്ഐ ആശുപത്രിക്ക് ലഭിക്കുന്നത്. തുടര്‍നടപടി മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ആരംഭിക്കുകയും ചെയ്തു.
ഇതുപ്രകാരം ജനുവരി 19ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആശുപത്രിയിൽ പരിശോധന നടത്തിയാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് നല്‍കിയത്. ഇൗ യാഥാര്‍ഥ്യം മറച്ചുവച്ച് ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദം സൃഷ്ടിക്കാനാണ് ഒരുകൂട്ടര്‍ ശ്രമിക്കുന്നത്.
സംസ്ഥാനത്തെ അംഗീകാരം നഷ്ടമായ കോളേജുകളിലെ വിദ്യാർഥികൾ കോടതികളെ സമീപിച്ചപ്പോൾ പുറപ്പെടുവിച്ച വിധിന്യായത്തിൽ എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കേണ്ട കാര്യം സംബന്ധിച്ച് കൃത്യമായി വിശദീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യം ഒന്നും ഇല്ലാതെ കുട്ടികളെ വഴിയാധാരമാക്കാന്‍ അനുവദിക്കില്ല. അതുകൊണ്ട്, വകുപ്പ് ആവശ്യപ്പെട്ട പ്രകാരമുള്ള പ്ലാൻ എങ്കിലും നല്‍കുക, അല്ലെങ്കില്‍, കുട്ടികളെ വഴിയാധാരമാക്കില്ല എന്നും അവരുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും കേന്ദ്രം ഏറ്റെടുക്കുമെന്നും കേന്ദ്ര മന്ത്രാലയം ഒരു കത്ത് നല്‍കുക. (ഇതുവരെ കേന്ദ്ര മന്ത്രാലയത്തിന്റെ ഒരു ആശയ വിനിമയവും ഉണ്ടായിട്ടില്ല). സര്‍ക്കാര്‍ നിഷേധിച്ചു എന്ന് അവാസ്തവം പറയാതെ, ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം എന്നും ആരോ​ഗ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us