കോര്‍പറേറ്റ് അജണ്ടകളുടെ വക്താക്കളായി മാധ്യമങ്ങൾ മാറി, ജനബോധവല്‍ക്കരണമാണ് മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനം: മുഖ്യമന്ത്രി

സ്വദേശാഭിമാനി - കേസരി പുരസ്കാരം മലയിന്‍കീഴ് ഗോപാലകൃഷ്ണന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

New Update
KESARY AWARD 2026

തിരുവനന്തപുരം : കോര്‍പറേറ്റ് അജണ്ടകളുടെ വക്താക്കളായി പ്രധാന മാധ്യമങ്ങളൊക്കെ മാറിയെന്നും ജനങ്ങള്‍ അറിയേണ്ടത് ജനങ്ങളെ അറിയിക്കുക എന്ന ചുമതല കൂടി പത്രപ്രവര്‍ത്തകര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വദേശാഭിമാനി - കേസരി പുരസ്കാരം മലയിന്‍കീഴ് ഗോപാലകൃഷ്ണന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisment

പത്രപ്രവര്‍ത്തന ചരിത്രത്തിലെ ദീപസ്തംഭങ്ങള്‍ എന്നു പറയാവുന്നവരാണ് സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയും കേസരി എ ബാലകൃഷ്ണപിള്ളയും. 

ഈ രണ്ടു മഹത്തുക്കളുടെയും കാലാതീതമായ സാംഗത്യം ഉള്‍ക്കൊണ്ടു തന്നെയാണ് പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയതും അതിന് സ്വദേശാഭിമാനി - കേസരി പുരസ്കാരം എന്നു നാമകരണം ചെയ്തിട്ടുള്ളതും.

ഇവര്‍ ഇരുവരും പ്രവര്‍ത്തിച്ചിരുന്നത് ഒരു നൂറ്റാണ്ടിനു മുമ്പായിരുന്നു. ഇന്നത്തെ സാമൂഹ്യ സാഹചര്യമായിരുന്നില്ല അന്നത്തേത്. കേരളം എന്ന സംസ്ഥാനം അന്ന് നിലവില്‍ വന്നിരുന്നില്ല. 

സ്വാതന്ത്ര്യം, ജനാധിപത്യം, പൗരാവകാശം തുടങ്ങിയ സങ്കല്‍പ്പനങ്ങളും അന്ന് അന്യമായിരുന്നു. അത്തരമൊരു കാലത്തായിരുന്നു സ്വദേശാഭിമാനിയും കേസരിയും പത്രപ്രവര്‍ത്തനം നടത്തിയത്. 

അതുകൊണ്ടുതന്നെ സ്വാഭാവികമായും അധികാര ശാസനങ്ങളോടുള്ള ഏറ്റുമുട്ടലായി അവരുടെ പത്രപ്രവര്‍ത്തനം.

അന്നത്തെ രാജഭരണം നടത്തിയ എല്ലാ കൊള്ളരുതായ്മകളോടും സന്ധിയില്ലാതെ സ്വദേശാഭിമാനി പോരാടി. അതുവഴി തിരുവിതാംകൂറിലെ സാമൂഹ്യ ജീവിതം ചിട്ടപ്പെടുത്താനും മെച്ചപ്പെടുത്താനുമാണ് അദ്ദേഹം ശ്രമിച്ചത്. 

തിരുവതാംകൂറിലെ രാജാധികാരത്തിന്‍റെയും സേവകവൃന്ദത്തിന്‍റെയും അഴിമതിയേയും ദുരധികാരപ്രമത്തതയേയും എതിര്‍ത്തതിന്‍റെ പേരിലായിരുന്നു അദ്ദേഹത്തെ നാടുകടത്തിയത്. ആ നാടുകടത്തല്‍ തന്നെയാണ് അദ്ദേഹത്തെ രാജ്യാന്തര പ്രശസ്തനാക്കിയതും.

മലയാളത്തില്‍ ആദ്യമായി പത്രങ്ങളെ രാഷ്ട്രീയ സാമൂഹ്യ വിമര്‍ശനത്തിന്‍റെ വേദിയാക്കിയത് യഥാർഥത്തില്‍ സ്വദേശാഭിമാനിയായിരുന്നു. ഇതുവഴി ജനാധിപത്യവല്‍ക്കരണത്തിനും പൊതുമണ്ഡലനിര്‍മിതിക്കും അദ്ദേഹം വഴി തുറക്കുകയാണ് ചെയ്തത്. 

1891ലെ മലയാളി മെമ്മോറിയലില്‍ തുടക്കമിട്ട ജനാധിപത്യ അവബോധം രൂപപ്പെടുത്തുന്നതില്‍ സ്വദേശാഭിമാനി വഹിച്ച പങ്ക് ചരിത്രപരമാണ്. ഫ്യൂഡല്‍ ബന്ധങ്ങളില്‍ അധിഷ്ഠിതമായ രാജവാഴ്ചയുടെ ഭരണസമ്പ്രദായത്തിന് പകരം അദ്ദേഹം വിഭാവനം ചെയ്തത് ജനങ്ങളുടെ താല്പര്യങ്ങളില്‍ ഊന്നിയ ഒരാധുനിക വ്യവസ്ഥയാണ്. 

രാജ്യത്തെ രാജഭക്തിയില്‍ നിന്ന് വേര്‍തിരിച്ച് ആധുനിക രാഷ്ട്ര സങ്കല്‍പ്പനത്തിന് രൂപം കൊടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇതാണ് സ്വദേശാഭിമാനിയുടെ പത്രപ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാന സംഭാവന.

സ്വദേശാഭിമാനിയുടെ പത്രപ്രവര്‍ത്തനപന്ഥാവിന്‍റെ തുടര്‍ച്ചയെന്നോ അനുബന്ധമെന്നോ പറയാവുന്നതാണ് കേസരിയുടെ ചരിത്രവും.

സ്വദേശാഭിമാനിയെപ്പോലെ കേസരിയും രാജാധികാരത്തിന്‍റെ എല്ലാ ദുഷ്പ്രവണതകളോടും പോരാടുകയായിരുന്നു. സ്വന്തം ജീവിതംപോലും ദുരിതക്കയങ്ങളിലേക്കു കൂപ്പുകുത്തുമ്പോഴും അദ്ദേഹം പുതിയൊരു സാമൂഹ്യ സൃഷ്ടിക്കുവേണ്ടി പത്രപ്രവര്‍ത്തനത്തിലൂടെ പൊരുതുകയായിരുന്നു.

കേസരി നിഷ്പക്ഷവും നിര്‍ഭയവുമായി ലോകകാര്യങ്ങളെ വിമര്‍ശിച്ചു. ജാതിവ്യവസ്ഥയുടെ നൃശംസതകളെ ഏറെ ഉള്‍ക്കാഴ്ചയോടെ അദ്ദേഹം അവതരിപ്പിച്ചു. വൈക്കം സത്യാഗ്രഹം സംബന്ധിച്ച് അദ്ദേഹം എഴുതിയ കുറിപ്പുകള്‍ തന്നെ ഇതിനു തെളിവാണ്. 

പിന്നോക്കക്കാരുടെ പ്രാതിനിധ്യം മുന്‍നിര്‍ത്തി നടത്തിയ നിവര്‍ത്തന പ്രക്ഷോഭത്തെ ഒരു ശങ്കയും കൂടാതെ കേസരി പിന്തുണച്ചു. അത് പക്ഷെ അദ്ദേഹത്തിന്‍റെ പത്രം പൂട്ടിക്കെട്ടുന്നതിലേക്കു വരെ കാര്യങ്ങളെ എത്തിച്ചു. 

പില്‍ക്കാലത്ത് കേസരി ചരിത്ര ഗവേഷണത്തിലും സാഹിത്യ നിരൂപണത്തിലും ഏറെ വ്യാപൃതനായി. അത് സാഹിത്യത്തിന്‍റെ നവീകരണത്തിനു വലിയ സംഭാവനയാവുകയും ചെയ്തു.

സ്വദേശാഭിമാനിക്കും കേസരിക്കും ശേഷം ഒരു നൂറ്റാണ്ടാകുന്ന സമയത്താണ് നാം പത്രപ്രവര്‍ത്തനത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നത്. ഇന്ന് പത്രങ്ങള്‍ മാത്രമല്ല, റേഡിയോയും ടെലിവിഷനും സോഷ്യല്‍ മീഡിയയും ഒക്കെയായി നമ്മുടെ മാധ്യമ മണ്ഡലം വളരെ വിപുലമായിരിക്കുന്നു. 

'Journalism is reshaping the society' എന്നു പറയാറുണ്ട്. സമൂഹത്തെ മാറ്റത്തിനു വിധേയമാക്കാൻ കഴിയുന്ന തരത്തിൽ ആശയങ്ങൾ സമൂഹത്തിനു നൽകുക എന്നതാണല്ലൊ അതിന്റെയർത്ഥം. സ്വദേശാഭിമാനിയും കേസരിയുമൊക്കെ ചെയ്തത് അതായിരുന്നുതാനും.

സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം മാധ്യമ സംവിധാനത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. പത്രമുടമ പത്ര മുതലാളിയായി. മുതലാളിക്ക് ലാഭത്തിലാണ് കണ്ണ്. ലാഭമുണ്ടാക്കാനുള്ള തത്രപ്പാടില്‍ മൂല്യവിചാരങ്ങള്‍ക്ക് ശോഷണം വന്നു. 

നവോത്ഥാന കാലത്ത് പത്രങ്ങള്‍ തന്നെ പൊരുതി പരാജയപ്പെടുത്തിയ ആശാസ്യമല്ലാത്ത പ്രവണതകളെ പുതിയ കാലത്ത് പത്രങ്ങള്‍ തന്നെ പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയായി. 

അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ആശയ പ്രചാരകരായി പ്രധാന പത്രങ്ങളൊക്കെ മാറുന്ന അവസ്ഥയായി. ജ്യോത്സ്യം, മഷിനോട്ടം, ചാത്തന്‍സേവ ഇവയെല്ലാം മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചു.

ആഗോളവല്‍ക്കരണ കാലമായപ്പോള്‍ പത്രമുതലാളിയില്‍ നിന്ന് മാധ്യമ കോര്‍പറേറ്റുകളിലേക്ക് വളര്‍ന്നു. കോര്‍പറേറ്റുകളാകട്ടെ ആഗോള മൂലധനത്തിന്‍റെ വക്താക്കളുമാണ്. ആഗോള മൂലധന വക്താക്കള്‍ അധികാരസംവിധാനവുമായി ചങ്ങാത്തത്തിലുമാണ്. 

ഈ കോര്‍പ്പറേറ്റ് - ഭരണചങ്ങാത്തം മൂലധന താല്പര്യത്തിനൊപ്പം, രാഷ്ട്രീയ താല്‍പ്പര്യവും സംരക്ഷിക്കാന്‍ ബാധ്യസ്ഥമായി. അതിന്‍റെ കെടുതികളാണ് നാമിന്നു കാണുന്നത്. 

Watch dog, lap dog ആയി എന്നൊക്കെ പറയുന്നത് ഇതുകൊണ്ടാണ്. ഇവിടെ നമുക്ക് എന്താണ് ചെയ്യാന്‍ കഴിയുക? ആദ്യം വേണ്ടത് ഇത് തിരിച്ചറിയുക എന്നതാണ്. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം പരമമായ സത്യമാണെന്ന ധാരണ ഉപേക്ഷിക്കുക.

പൊതുവില്‍ കോര്‍പറേറ്റ് അജണ്ടകളുടെ വക്താക്കളായി പ്രധാന മാധ്യമങ്ങളൊക്കെ മാറുമ്പോള്‍ത്തന്നെ കടുത്ത ഇടതുപക്ഷ വിരുദ്ധതയും അവര്‍ ആവശ്യം പോലെ ഉപയോഗിക്കുന്നുണ്ട്. 

കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കേരളത്തില്‍ അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് ഗവണ്‍മെന്‍റിനെതിരെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വസ്തുതയുമായി ബന്ധം ഇല്ലാത്ത പച്ചക്കള്ളങ്ങള്‍ അതിനു തെളിവാണ്. 

വലതുപക്ഷ രാഷ്ടീയ നേതാക്കള്‍ എന്തു പറഞ്ഞാലും, എന്തു ദുരാരോപണങ്ങള്‍ ഉന്നയിച്ചാലും, അതിന്‍റെ ന്യായാന്യായങ്ങളെപ്പറ്റി ലവലേശം ചിന്തിക്കാതെ ഗവണ്‍മെന്‍റിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ആക്രമിക്കുകയാണ്.

പ്രതിപക്ഷം കെട്ടിപ്പൊക്കിക്കൊണ്ടുവരുന്ന വ്യാജ ആരോപണങ്ങള്‍ കോടതിയില്‍ അസത്യമെന്നു തെളിയിക്കപ്പെട്ടാല്‍ പോലും അത് ജനങ്ങളെ ബോധ്യപ്പെടുത്താനോ സത്യം പറയാനോ ഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറല്ല. 

രാഷ്ട്രീയ നിരീക്ഷകര്‍, സാമൂഹ്യ നിരീക്ഷകര്‍ എന്നെല്ലാമുള്ള പേരുകളില്‍ ചാനൽ ചര്‍ച്ചകളില്‍ നിറയുന്നവരൊക്കെ സര്‍ക്കാരിനെ ആക്ഷേപിക്കാനായി തെരഞ്ഞെടുക്കപ്പെട്ടവരാണ് എന്നുവരുന്നു. 

ഇത്തരക്കാര്‍ക്കെല്ലാം മാധ്യമങ്ങള്‍ വലിയ സ്വീകാര്യതയും നല്‍കുന്നുണ്ട്. ഉത്തരേന്ത്യയില്‍ പത്രപ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ വേട്ടയാടപ്പെടുകയാണ് പല പത്രമാധ്യമ പ്രവര്‍ത്തകരും. ജയിലിലായവര്‍ വരെയുണ്ട്. അവരുടെ അവസ്ഥയൊന്നും ഇവിടെ വിശദീകരിക്കുന്നില്ല.

ഒരു കാര്യം മാത്രം പറയട്ടെ, ഇത്തരമൊരു കലുഷ കാലത്താണ് കേരള സര്‍ക്കാര്‍ പത്രപ്രവര്‍ത്തകരെ ആദരിക്കുന്നത്. ഇവിടെ പുരസ്ക്കാരം സ്വീകരിക്കുന്നവരില്‍ സര്‍ക്കാരിന്‍റെ അതിനിശിത വിമര്‍ശകര്‍ പോലുമുണ്ട്. 

വിമര്‍ശനത്തെ ഭയക്കാത്ത ഒരു സര്‍ക്കാരാണിത് എന്നതുകൊണ്ടും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തില്‍ വിമര്‍ശനം വേണ്ടതു തന്നെയാണ് എന്നുള്ളതുകൊണ്ടും അവാര്‍ഡ് നിര്‍ണയ കാര്യങ്ങളില്‍ സര്‍ക്കാര്‍ രാഷ്ട്രീയമായി ഇടപെടാറില്ല.

അവാര്‍ഡുകള്‍ക്ക് അടിസ്ഥാനം മെറിറ്റു മാത്രമാകണം എന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. അത് ഇവിടെ പ്രതിഫലിക്കുന്നുമുണ്ട്. പത്രപ്രവര്‍ത്തനത്തില്‍ വിമര്‍ശനം ഉള്‍പ്പെടുന്നു എന്നു പറഞ്ഞല്ലൊ. 

മറ്റൊന്നുകൂടി പത്രപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. അത് ജനബോധവല്‍ക്കരണത്തിന്‍റെ അംശമാണ്. ജനങ്ങള്‍ അറിയേണ്ടത് ജനങ്ങളെ അറിയിക്കുക എന്ന ചുമതല കൂടി പത്രപ്രവര്‍ത്തകര്‍ക്കുണ്ട്. 

വികസന കാര്യങ്ങളെ സമ്പൂര്‍ണ്ണമായി തമസ്ക്കരിക്കുകയും അത്തരം കാര്യങ്ങള്‍ ജനങ്ങള്‍ അറിയാന്‍ പാടില്ലെന്ന നിലപാട് എടുത്തുകൊണ്ട് അടിസ്ഥാനരഹിതമായി പോലും വിമര്‍ശിക്കുകയും ചെയ്യുന്ന രീതി സ്വദേശാഭിമാനിയുടെയും കേസരിയുടെയും പൈതൃകത്തിനു നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment