കാറിടിച്ച് നിർത്താതെ പോയ കേസിൽ നടന്‍ മണിയന്‍പിള്ള രാജു അറസ്റ്റില്‍. പുറത്തിറങ്ങാത്തത് പേടിച്ചിട്ടെന്ന് വിശദീകരണം

അപകടത്തിന് പിന്നാലെ റോഡിൽ നിന്ന് തെറിച്ചുവീണ യുവാക്കളുടെ കാലിനും കഴുത്തിനുമടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

New Update
1001641260

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിടിച്ച് നിർത്താതെ പോയ കേസിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ.

Advertisment

തിരുവനന്തപുരം മ്യൂസിയം പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.

അതേസമയം,ബൈക്ക് തന്‍റെ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. ' കാറോടിച്ചത് ഞാന്‍ തന്നെയാണ്.

 സിസിടിവിയിൽ എല്ലാമുണ്ടാകും. താനൊരു കാന്‍സര്‍ രോഗിയാണ്. കൂടാതെ ചിക്കന്‍ഗുനിയയും ബാധിച്ചിട്ടുണ്ട്.

പെട്ടന്ന് പാനിക് ആയി പ്പോയതു കൊണ്ടാണ് കാറില്‍ നിന്ന് പുറത്തിറങ്ങാതിരുന്നത്.

പതുക്കെയാണ് റോഡ് ക്രോസ് ചെയ്തത്. എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ബൈക്ക് വീണുകിടക്കുന്നത് കണ്ടത്.

 ഉടൻ തന്നെ സുഹൃത്തുക്കളെ വിളിച്ച് അപകടം നടന്നിട്ടുണ്ടെന്നും ആംബുലൻസ് ഏർപ്പാടാക്കണമെന്നും പറഞ്ഞു.

രാവിലെ പൊലീസിൽ വിളിച്ച് അറിയിക്കുകയും ചെയ്തു'. മണിയന്‍ പിള്ള രാജു പറഞ്ഞു.

ഇന്നലെ രാത്രിയാണ് ട്രിവാൻഡ്രം ക്ലബ്ബിന് സമീപമുണ്ടായ അപകടത്തിൽ ഇരുചക്ര വാഹനയാത്രക്കാരായ നിവേദിത് കൃഷ്ണ,സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തിന് ശേഷം മണിയൻപിള്ള രാജുവിന്റെ വാഹനം നിർത്താതെ പോയെന്നാണ് പരാതി.

അപകടത്തിന് പിന്നാലെ റോഡിൽ നിന്ന് തെറിച്ചുവീണ യുവാക്കളുടെ കാലിനും കഴുത്തിനുമടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്നിട്ടും മണിയൻ പിള്ള രാജു യുവാക്കൾക്ക് പ്രഥമ ശുശ്രൂഷ നൽകാനോ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയെന്നും പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെതിരെ പൊലീസ് കേസെടുത്തത്

Advertisment