കേരളം വർഗ്ഗീയതയില്ലാത്ത പ്രദേശമായി നിലകൊള്ളുന്നത്തിൽ നവോത്ഥാന സമതിക്ക് നിർണ്ണായക പങ്ക് : മുഖ്യമന്ത്രി

ജാതിഭേദം, മതദ്വേഷവും ഇല്ലാത്ത സംസ്ഥാനമെന്ന കാര്യങ്ങളിൽ നമ്മുടെ സംസ്ഥാനം ഏവർക്കും മാതൃകയാണ്. സോദരത്വേന വാഴുക എന്നത് നമ്മുടെ നാടിന്റെ മാത്രം പ്രത്യേകതയാണ്. 

New Update
pinarayi press meet

തിരുവനന്തപുരം: സംസ്ഥാനം വർഗ്ഗീയ സംഘർഷം ഇല്ലാത്ത പ്രദേശമായി നിൽക്കുന്നതിൽ നവോത്ഥാന സമതിക്കും അതിലെ സംഘടനകൾക്കും നിർണ്ണായക പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

Advertisment

കേരള നവോത്ഥാന സമിതിയുടെ സംസ്ഥാന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തുതന്നെ ചില വർഗ്ഗീയ സംഘടനകൾക്ക് വലിയ സംഘടനാബലമുള്ള സ്ഥലമാണ് നമ്മുടെ സംസ്ഥാനം. 

എന്നിരുന്നാലും ഇവിടെ വർഗ്ഗീയ സംഘർഷം ഇല്ലാത്ത തുരുത്തായി നിൽക്കുന്നത് സംസ്ഥാനം സ്വീകരിക്കുന്ന കർശന നിലപാടും മതേതര കാഴ്ചപ്പാടുകളുമാണ്.

ജാതിഭേദം, മതദ്വേഷവും ഇല്ലാത്ത സംസ്ഥാനമെന്ന കാര്യങ്ങളിൽ നമ്മുടെ സംസ്ഥാനം ഏവർക്കും മാതൃകയാണ്. സോദരത്വേന വാഴുക എന്നത് നമ്മുടെ നാടിന്റെ മാത്രം പ്രത്യേകതയാണ്. 

അതിൽ നവോത്ഥാന സംഘടനകൾക്കും നിർണ്ണായക പങ്കുണ്ട്. നവോത്ഥാന സ്മരണ സാധ്യമാകുമ്പോഴും അത് നാടിന്റെ പുരോഗതിയ്ക്കും വളർച്ചയ്ക്കുമായി പ്രയോജനപ്പെടുത്തുന്നതിൽ നാം ജാഗരൂഗരായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാന നായകർക്ക് നല്ല രീതിയിലുള്ള സ്മൃതി മണ്ഡപങ്ങളും പഠന കേന്ദ്രങ്ങളും വേണമെന്ന് തുടക്കം മുതൽ സമിതി പറയുന്ന കാര്യവും ഗൗരവമായി പരിഗണിച്ചുകൊണ്ട്, ശ്രീനാരായണ ഗുരു, മഹാത്മാ അയ്യൻകാളി, അയ്യാവൈകുണ്ഠ സ്വാമി, കാവാരിക്കുളം കണ്ടൻ കുമാരൻ, പാമ്പാടി ജോൺ ജോസഫ്, വർക്കല രാഘവൻ,കുഞ്ഞൻ വെളുമ്പൻ  എന്നിവർക്ക് സ്മാരക നിർമ്മാണത്തിന് തീരുമാനിച്ചിട്ടുണ്ട്. 

മറ്റ് നവോത്ഥാനനായകരുടെ സ്മാരകങ്ങൾ നിർമ്മിക്കുന്നത് പരിഗണനയിലാണ്.

അയ്യാ വൈകുണ്ഠസ്വാമിക്ക് തലസ്ഥാനത്ത്  സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ച മുഖ്യമന്ത്രിയെ ബാലപ്രജാപതി അടിഗളാർ പൊന്നാട അണിയിച്ച് ആദരിച്ചു. അയ്യാ വൈകുണ്ഠസ്വാമിയുടെ ആറാം തലമുറയിൽപെട്ട ആളാണ് ബാലപ്രജാപതി അടിഗളാർ.

നവോത്ഥാന സമിതി സംസ്ഥാന ട്രഷറർ അഡ്വ.കെ. സോമപ്രസാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. രാമഭദ്രൻ, സെക്രട്ടറി അഡ്വ. കെ.ശാന്തകുമാരി എം.എൽ.എ, കന്യാകുമാരി സ്വാമിത്തോപ്പ് അയ്യാ വൈകുണ്ഠസ്വാമി മഠാധിപതി ബാലപ്രജാപതി അടിഗളാർ എന്നിവർ പങ്കെടുത്തു.

Advertisment