/sathyam/media/media_files/2026/02/08/img195-2026-02-08-00-17-12.png)
തിരുവനന്തപുരം:ശബരിമല സ്വർണക്കൊളള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടെന്ന ആരോപണം ശക്തമാകുന്നു.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തട്ടിപ്പിനെ കുറിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണ സംഘത്തിൻെറ പുതിയ നീക്കങ്ങളാണ് രാഷ്ട്രീയ ഇടപെടലിനെ കുറിച്ച് സംശയം ഉയർത്തിയിരിക്കുന്നത്.
യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിച്ചതിന് തിരഞ്ഞെടുത്ത സമയമാണ് സംശയത്തിന് ഇടയാക്കിയത്.
യു.ഡി.എഫിൻെറ രാഷ്ട്രീയ ജാഥ കാസർകോട് നിന്ന് പ്രയാണം ആരംഭിച്ചതിൻെറ തൊട്ടടുത്ത ദിവസം തന്നെയാണ് അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
കാസർകോട് യു.ഡി.എഫ് ജാഥയുടെ ഉദ്ഘാടനം നടക്കുന്നതിന് തൊട്ടുമുൻപ് ജാഥയുടെ ഉദ്ഘാടകനായ കെ.സി.വേണുഗോപാലിനെ സ്വർണ കൊളള കേസിലേക്ക് മുഖ്യമന്ത്രി വലിച്ചിട്ടിരുന്നു.
കൊള്ളയുടെ മുഖ്യശിൽപ്പിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് വേണുഗോപാൽ ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന 2004ൽ ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
പോറ്റി ശബരിമലയിൽ എത്തിയത് 2007ൽ ആണെന്ന് സിപിഎം നേതാക്കൾ തന്നെ പറയുന്നതിന് ഇടയിലാണ് യുഡിഎഫ് ജാഥ ഉദ്ഘാടനം ചെയ്യുന്ന കെ.സി.വേണുഗോപാലിനെ കൂടി മുഖ്യമന്ത്രി ആരോപണത്തിലേക്ക് തളളിയിട്ടത്.
അതിൻെറ തൊട്ടടുത്ത ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘം അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക കൂടി ചെയ്തതോടെ ഗ്രാൻഡ് പൊളിറ്റിക്കൽ ഡിസൈൻ അതിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
അന്വേഷണം ശരിയായ ദിശയിലേക്ക് പോകുന്നുവെന്ന ഹൈക്കോടതിയുടെ പ്രശംസയാണ് സർക്കാരിനെ കൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ ധൈര്യം നൽകുന്നത്.
ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത് എന്നൊക്കെ പറയാമെങ്കിലും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ അടിസ്ഥാനപരമായി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്നവരാണ്.
രാഷ്ട്രീയ നേതൃത്വത്തിൻെറ ആജ്ഞകളെ ധിക്കരിക്കാനോ ശ്രദ്ധിക്കാതെ മുന്നോട്ടുപോകാനോ എത്ര വലിയ ഉദ്യോഗസ്ഥരായാലും കഴിയില്ല.ഈ സാഹചര്യം കൂടി മുതലെടുത്താണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ തങ്ങളുടെ വഴിക്ക് തിരിച്ചുവിടാൻ ശ്രമിക്കുന്നത്.
യു.ഡി.എഫ് ജാഥയുടെ രണ്ടാം ദിവസം തന്നെ അടൂർ പ്രകാശിനെ അടിയന്തിരമായ ചോദ്യം ചെയ്യാൻ വിളിപ്പിപ്പിക്കാൻ പര്യാപ്തമായ തെളിവ് എന്താണെന്നതാണ് പ്രധാന ചോദ്യം.
സ്വർണം കട്ട ഉണ്ണികൃഷ്ണൻ പോറ്റിയും കട്ടമുതൽ വാങ്ങിയതെന്ന് സംശയിക്കുന്ന ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനും ഒന്നിച്ചുളള ചിത്രമാണ് അടൂർ പ്രകാശിനെതിരെ പുറത്തുവന്നിട്ടുളള ഏക തെളിവ്.ഈ ചിത്രം പുറത്തുവന്നിട്ട് ഏകദേശം രണ്ട് മാസത്തോളമായി.
അന്നൊന്നും അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാതിരുന്ന പ്രത്യേക അന്വേഷണ സംഘം യുഡിഎഫ് രാഷ്ട്രീയ ജാഥ തുടങ്ങിയതിന് തൊട്ടടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് തിരഞ്ഞെടുത്തതിൽ അസ്വഭാവികതയുണ്ട്.
ഇതാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അടക്കമുളള നേതാക്കൾ ആരോപിക്കാൻ കാരണം.
തദ്ദേശ തിരഞ്ഞെടുപ്പിൽ കടപുഴക്കിയ സ്വർണക്കൊളള കേസ് നിയമസഭാ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് തിരിച്ചടി ആകാതിരിക്കാനുളള പ്രത്യേക കരുതലാണ് അന്വേഷണ സംഘത്തിൻെറ പുതിയ നീക്കങ്ങൾ എന്നാണ് ആക്ഷേപം.
ശബരിമല സ്വർണക്കൊളളയുടെ മുഖ്യസൂത്രധാരനായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളുണ്ടോയെന്ന് ചോദിച്ച് അറിയുന്നതിന് വേണ്ടിയാണ് അടൂർ പ്രകാശ് എം.പിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘം അവകാശപ്പെടുന്നത്.
എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന ആരോപണങ്ങൾ അടൂർ പ്രകാശ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നിഷേധിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്നാണ് അടുർ പ്രകാശ് മൊഴി നൽകിയിരിക്കുന്നത്.
അടൂര്‍ പ്രകാശിനെ വിളിപ്പിച്ചത് സാമ്പത്തിക ഇടപാട് അന്വേഷണത്തിന്റെ ഭാഗമായെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുടെ ചില നിർണ്ണായക രേഖകൾ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം അവകാശപ്പെടുന്നുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് അടൂര്‍ പ്രകാശ് മൊഴി നല്‍കി.ചിത്രങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ വിശദീകരണം ആവര്‍ത്തിച്ചു.
മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വീണ്ടുമൊരു ചോദ്യം ചെയ്യൽ നാടകം ഉണ്ടാകുമെന്ന് കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us