വയോജനങ്ങളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കും ; വയോജന നയത്തിന് അംഗീകാരം

ശാരീരിക മാനസിക ക്ഷേമം, സാമ്പത്തിക സുരക്ഷ, ഡിജിറ്റൽ ഹെൽത്ത്, ഇ- ഹെൽത്ത് സംവിധാനം പ്രയോജനപ്പെടുത്തൽ എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് പുതിയ നയം. 

New Update
old-age-women

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ ക്ഷേമവും സാമൂഹിക പങ്കാളിത്തവും ഉറപ്പാക്കുന്നതിനുള്ള "സംസ്ഥാന വയോജന നയത്തിന്' മന്ത്രിസഭ അംഗീകാരം നൽകി. 

Advertisment

വാർധക്യം അവഗണനയുടെ കാലമായല്ല, ആത്മസാക്ഷാത്കാരത്തിന്റെയും സജീവ പങ്കാളിത്തത്തിന്റെയും ഘട്ടമായി മാറ്റാനാണ് പുതിയ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.


​ശാരീരിക മാനസിക ക്ഷേമം, സാമ്പത്തിക സുരക്ഷ, ഡിജിറ്റൽ ഹെൽത്ത്, ഇ- ഹെൽത്ത് സംവിധാനം പ്രയോജനപ്പെടുത്തൽ എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് പുതിയ നയം. 

ഇതിന്റെ ഭാഗമായി വയോജനങ്ങളുടെ പരാതി പരിഹാരത്തിന് ഏകജാലക സംവിധാനവും ഫാസ്റ്റ് ട്രാക്ക് കോടതിയും സ്ഥാപിക്കും. സാമൂഹ്യക്ഷേമ പെൻഷനുകൾ സാർവത്രികമാക്കുന്നതിനൊപ്പം അനൗപചാരിക മേഖലയിലെ തൊഴിലാളികൾക്ക് താങ്ങാനാകുന്ന ഇൻഷുറൻസും വയോധികർക്ക് സാമ്പത്തിക സുരക്ഷിതത്വത്തിനായി റിവേഴ്സ് മോർട്ട്ഗേജ് സൗകര്യവും ഏർപ്പെടുത്തും.

​ആരോഗ്യമേഖലയിൽ മെമ്മറി ക്ലിനിക്ക്‌, സാന്ത്വന ചികിത്സാ വിപുലീകരണം, വാർധക്യകാല രോഗചികിത്സാ പഠനം (ജെറിയാട്രിക്സ്) എന്നിവയ്ക്ക് പ്രാധാന്യം നൽകും. വീടുകളിൽ വയോജനങ്ങളെ പരിചരിക്കുന്നവർക്ക് പരിശീലനവും സാമ്പത്തിക സഹായവും ഉറപ്പാക്കും. 

പൊതുഗതാഗത സംവിധാനങ്ങളും ഭവന നിർമാണവും വയോജന സൗഹൃദമാക്കും. നൈപുണ്യമുള്ള വയോജനങ്ങൾക്ക് ഇന്റേൺഷിപ്പ് സൗകര്യങ്ങളും വായ്‌മൊഴി ചരിത്രങ്ങളും പരമ്പരാഗത അറിവുകളും സംരക്ഷിക്കാനുള്ള പദ്ധതികളും നയത്തിന്റെ ഭാഗമാണ്‌. വാർധക്യ വിജ്ഞാന പഠനത്തിനായി പ്രത്യേക "മികവിന്റെ കേന്ദ്രം' സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

Advertisment