ആഗോള അയ്യപ്പ സംഗമം വിവാദമായതൊടെ പ്രതിരോധത്തിലായി സർക്കാർ. രാഷ്ട്രീയ നേട്ടത്തിനായി അയ്യനെ ഉപയോ​ഗപ്പെടുത്തിയെന്ന് ആക്ഷേപം. ആഗോള അയ്യപ്പ സംഗമത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ കോടിക്കണക്കിന് രൂപയാണ് ധൂർത്തടിച്ചത്. വരവ് ചെലവ് കണക്കുകളിലെ പൊരുത്തക്കേടുകൾ തുറന്നുകാണിക്കുന്നത് വലിയ ക്രമക്കേടുകളുടെ സൂചന. ക്രമക്കേടുകൾ പുറത്തുവന്നത് ദേവസ്വം സ്പെഷ്യൽ കമ്മീഷണറുടെ റിപോർട്ട് പുറത്തുവന്നതിലൂടെ

സംഗമത്തിൻെറ വരവ് ചെലവ് കണക്കുകളിലെ പൊരുത്തക്കേടുകൾ തുറന്നുകാണിക്കുന്നത് വലിയ ക്രമക്കേടുകളുടെ സൂചനയാണ്. കിടക്ക വാങ്ങിയതിനും ഭക്ഷണത്തിനും എത്ര തുക ചെലവിട്ടു എന്നതിനൊന്നും ശരിയായ കണക്കുകളില്ല.

New Update
ayyappasangamam

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളയ്ക്ക് പിന്നാലെ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടും ആക്ഷേപങ്ങൾ ഉയർന്നതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സംഘടിപ്പിച്ചതെന്ന് ആക്ഷേപമുളള ആഗോള അയ്യപ്പ സംഗമത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ കോടിക്കണക്കിന് രൂപയാണ് ധൂർത്തടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

Advertisment

സംഗമത്തിൻെറ വരവ് ചെലവ് കണക്കുകളിലെ പൊരുത്തക്കേടുകൾ തുറന്നുകാണിക്കുന്നത് വലിയ ക്രമക്കേടുകളുടെ സൂചനയാണ്. കിടക്ക വാങ്ങിയതിനും ഭക്ഷണത്തിനും എത്ര തുക ചെലവിട്ടു എന്നതിനൊന്നും ശരിയായ കണക്കുകളില്ല. ക്രമക്കേടുകളിലേക്ക് വിരൽ ചൂണ്ടിയത് ദേവസ്വം സ്പെഷ്യൽ കമ്മീഷണറുടെ റിപോർട്ടാണ്.


ദേവസ്വം മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ നൽകിയ മറുപടിയിലെ വിവരങ്ങൾക്ക് നേരെ കടകവിരുദ്ധമാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപോർട്ട്.


ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ഉപകമ്പനിക്കാണ് ആഗോള അയ്യപ്പ സംഗമത്തിൻെറ നടത്തിപ്പ് ചുമതല നൽകിയത്.ലക്ഷങ്ങൾ ചെലവിട്ട് പമ്പാ മണപ്പുറത്ത് ഒരുക്കിയ ജർമ്മൻ പന്തലിന് നിർമ്മാണ കരാർ നൽകിയത് ടെൻഡറില്ലാതെയാണ്.

10 ശതമാനം അധിക തുക നൽകിയാണ് കരാർ നൽകിയത്.മരാമത്ത് ജോലികൾക്ക് കരാർ നൽകിയതും ടെണ്ടറില്ലാതെയാണ്.ആഗോള അയ്യപ്പസംഗമത്തിൻെറ നടത്തിപ്പ് ചുമതല മൊത്തത്തിൽ ഏറ്റെടുത്ത ഊരാളുങ്കലിൻെറ കമ്പനി പന്തലിനും പി.ആർ.ജോലികളും മറ്റും ഉപകരാർ നൽകുകയായിരുന്നു.എന്നാൽ ഉപകരാറിൻെറ കണക്കോ രേഖകളൊ ഒന്നും ഓഡിറ്റിങ്ങിന് ഹാജരാക്കിയിട്ടില്ല.


കരാറുകൾക്ക് പണം നൽകിയത് ജി.എസ്.ടി ബിൽ ഇല്ലാതെയാണ്.ജി.എസ്.ടി ബില്ല് ഇല്ലാത്തത് മൂലം ദേവസ്വം ബോർഡിന് വലിയ നഷ്ടം നേരിട്ടതായും സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.


അയ്യപ്പസംഗമത്തിൻെറ സമാപന സമ്മേളനം കഴിഞ്ഞ് ചലച്ചിത്ര പിന്നണി ഗായകരായ  വിജയ് യേശുദാസിൻെറയും സുദീപ് കുമാറിൻെറെയും നേതൃത്വത്തിലുളള സംഗീത പരിപാടി നടന്നു.

2 ലക്ഷം രൂപയാണ് കലാപരിപാടികൾക്കായി നീക്കി വെച്ചിരുന്നത്. എന്നാൽ കണക്കിൽ കാണിച്ചിരിക്കുന്നത് എട്ട് ലക്ഷം രൂപയാണ്.സംഗമത്തിൽ പങ്കെടുക്കാനെത്തിയവർ തന്നെ നന്നേ കുറവായിരുന്നത് കൊണ്ട് ദേവസ്വം ബോർഡ് ജീവനക്കാരെയും കരാർ തൊഴിലാളികളെയും പൊലീസുകാരെയും ഇരുത്തിയാണ് കസേര നിറച്ചത്.


സമാപന സമ്മേളനത്തിന് മുൻപ് ഭൂരിപക്ഷം പേരും സദസ് വിട്ടതോടെ ആളൊഴിഞ്ഞ കസേരകളെ സാക്ഷിയാക്കിയായിരുന്നു കലാപരിപാടി നടന്നത്.നിശ്ചയിച്ച സമയം പോലും പരിപാടി നീണ്ടുനിന്നതുമില്ല.ഇതിനാണ് എട്ട് ലക്ഷം രൂപയുടെ ചെലവ് കാണിച്ചിരിക്കുന്നത്.


ആഗോള അയ്യപ്പ സംഗമത്തിൻെറ നടത്തിപ്പിനായി പണം കണ്ടെത്തുന്നതിന് വേണ്ടി ആരിൽ നിന്നൊക്കെ സ്പോൺഷിപ്പ് നേടി എന്നതിലും വ്യക്തതയില്ല.വി.ഐ.പികൾക്കായുളള ഭക്ഷണം,ഫർണീച്ചർ, കിടക്കകൾ എന്നിവ സംബന്ധിച്ച കണക്കുകളും പൂർണമല്ലെന്നാണ് പുറത്തുവരുന്ന വിവരം.കേരളാ ബാങ്ക് , ധനലക്ഷ്മി ബാങ്ക് എന്നിവർ ആഗോള അയപ്പ സംഗമത്തിന് ഒരു കോടി രൂപ വീതം സംഭാവന നൽകിയിട്ടുണ്ട്.

ഇവരെ കൂടാതെ അദാനി പോർട്സ്, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവരിൽ നിന്നും സ്പോൺസർ ഷിപ്പ് നേടിയിരുന്നു. ഇതിൽ അദാനി പോർട്സ് പണം കൈമാറിയെന്നാണ് ലഭ്യമാകുന്ന വിവരം.മറ്റ് ബാങ്കുകൾ പണം ഇതുവരെ  നൽകിയിട്ടില്ലെന്നും ദേവസ്വം ബോർഡ് അധികൃതർ പറയുന്നുണ്ട്.ഇതുതന്നെ വാസ്തവമാണോയെന്നത് പരിശോധനയിൽ വ്യക്തമാകേണ്ട കാര്യമാണ്.


ശബരിമല സ്വർണ കൊളളയ്ക്ക് പിന്നാലെ ആഗോള അയ്യപ്പ സംഗമത്തിലും അടിമുടി ക്രമക്കേടാണെന്ന് വരുന്നത് സർക്കാരിൻെറ നില ദുർബലമാക്കും.


ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോർഡും സർക്കാരും സംയുക്തമായി സംഘടിപ്പിച്ചതായതിനാൽ ഇതിൽ മറ്റാരെയും കുറ്റപ്പെടുത്താനോ പഴിചാരാനോ കഴിയുകയുമില്ല.

ക്രമക്കേട് , ധൂർത്ത് എന്നിവയുടെ പൂർണ ഉത്തരവാദിത്തം സർക്കാരിന് മേൽ വരുമ്പോൾ അത് തിരഞ്ഞെടുപ്പ് കാലത്ത് വലിയ തിരിച്ചടിയുണ്ടാക്കും.


ആഗോള അയ്യപ്പ സംഗമത്തിൻെറ മൊത്തം ഈവൻറ് ചുമതല ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കമ്പനി പബ്ളിക് റിലേഷനും പരസ്യങ്ങളും പി.ആർ സ്ഥാപനത്തിന് ഉപകരാർ നൽകുകയായിരുന്നു. 


പാർട്ടി അനുകൂല മാധ്യമ സ്ഥാപനത്തിലെ എഡിറ്റോറിയൽ മേധാവിയുടെ ശുപാർശയിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻറ് ഇടപെട്ടാണ് ഊരാളുങ്കലിൽ നിന്ന് പി.ആർ.സ്ഥാപനത്തിന് കരാർ നേടിക്കൊടുത്തത്.

എന്നാൽ പി.ആറും പബ്ളിസിറ്റിയും ആകെ പൊളിഞ്ഞുപോയി.ക്ഷണിക്കപ്പെട്ട അതിഥികൾക്കും ജീവനക്കാർക്കും മാധ്യമ പ്രവർത്തകർക്കും പ്രത്യേകം പ്രത്യേകം തിരിച്ചറിയൽ കാർഡ് നൽകുന്നത് മുതലുളള എല്ലാ കാര്യങ്ങളും പൊളിഞ്ഞുപോയി.പരസ്യ ബോർഡുകളിൽ ശബരിമല അയപ്പൻെറ ചിത്രം ഇല്ലാതെ പോയതും വിവാദമായിരുന്നു.


ഇതേ തുടർന്ന് പരസ്യ ബോർഡ് പലയിടത്തും മാറ്റി സ്ഥാപിക്കേണ്ടി വന്നു.ബോർഡിന് വരുമാനമായി മാറേണ്ട അരവണ പ്രസാദവും അപ്പവും വൻതോതിൽ കൊണ്ടുവന്ന് സംഗമ വേദിക്ക് പുറത്തെ പന്തലിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.


ഇതെല്ലാം പൊലീസുകാരും ജീവനക്കാരും ആവോളം കൊണ്ടുപോയി. എത്ര അരവണയും അപ്പം പാക്കറ്റുകളും കൊണ്ടുവന്നു, എത്ര വിതരണം ചെയ്തു എന്നതിനൊന്നും കണക്കില്ല.

ഈയിനത്തിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലക്ഷങ്ങൾ നഷ്ടപ്പെട്ടു.രാഷ്ട്രീയ നേട്ടത്തിനായി സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ക്രമക്കേടിൻെറയും കൊളളയുടെയും ധൂർത്തിൻെറയും മഹാമേളയായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

Advertisment