/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗൃഹസന്ദർശന പരിപാടി നടത്താൻ കോൺഗ്രസ്. നേതാക്കൾ അടക്കം വീടുകളിൽ എത്തി വോട്ടർമാരെ കാണുന്ന സംസ്ഥാന വ്യാപകമായ പരിപാടിക്ക് വെളളിയാഴ്ച തുടക്കമാകും.
തീവ്രവോട്ടർ പട്ടികാ പരിഷ്കരണത്തിന് ശേഷം അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം വോട്ടർമാരിലേക്ക് എത്തുകയാണ് ലക്ഷ്യം.
നേതാക്കളും പ്രവർത്തകരും അടക്കം പാർട്ടിയുടെ സംസ്ഥാനതലം മുതൽ ബൂത്ത് തലം വരെയുളളവർ ഗൃഹസന്ദർശനം നടത്തണം എന്നാണ് ഇന്ന് ചേർന്ന കെ.പി.സി.സി നേതൃയോഗത്തിലെ തീരുമാനം.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ ഗൃഹസന്ദർശന പരിപാടി നടന്നിരുന്നു.ഇത് ഗുണം ചെയ്തുവെന്ന വിലയിരുത്തലിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപും നേതാക്കളും പ്രവർത്തകരും വീടുകളിലേക്ക് എത്തുന്നത്.
ജനങ്ങളുമായുളള ഇഴയടുപ്പം വർദ്ധിപ്പിക്കുക, അവരുടെ വിശ്വാസം നേടുക തുടങ്ങിയവയാണ് ഗൃഹസന്ദർശന പരിപാടിയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്.
വിവിധ വിഷയങ്ങളിൽ കോൺഗ്രസും യുഡിഎഫും സ്വീകരിക്കുന്ന നയങ്ങളും നിലപാടും വീടുകൾ സന്ദർശിക്കുമ്പോൾ ജനങ്ങളെ ബോധ്യപ്പെടുത്താനും തീരുമാനമുണ്ട്.
സംസ്ഥാന സർക്കാരിൽ നിന്നുളള പണം ചെലവഴിച്ചു കൊണ്ട് നടത്തുന്ന നവകേരള സർവേ,ജനുവരി 15 മുതൽ നടന്ന സിപിഎമ്മിൻെറ ഗൃഹസന്ദർശന പരിപാടി എന്നിവക്കെതിരായ പ്രതിരോധവും വീടുകൾ കയറാനുളള കോൺഗ്രസ് തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
സർക്കാർ അനുകൂല വികാരം സൃഷ്ടിക്കാനും ജനങ്ങൾക്ക് വാഗ്ദാനം നൽകാനും നവകേരള സർവേയിലൂടെ ശ്രമം നടക്കുന്നതായിട്ടാണ് കോൺഗ്രസ് വിലയിരുത്തൽ.
ശബരിമല സ്വർണക്കൊളള വിഷയത്തിൽ കോൺഗ്രസിന് എതിരായ അപവാദ പ്രചരണത്തിന് ഗൃഹസന്ദർശന പരിപാടിയെ സിപിഎം ഉപയോഗപ്പെടുത്തിയതായും സംശയിക്കുന്നു.
ഇതിനെല്ലാം എതിരായ വിപുലമായ പ്രചരണത്തിന് ഗൃഹസന്ദർശന പരിപാടിയെ മാറ്റുകയാണ് കെ.പി.സി.സിയുടെ പദ്ധതി.നിർണായകമായ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പരിപാടി വൻവിജയമാക്കണമെന്നാണ് കെ.പി.സി.സി. നേതൃത്വത്തിൻെറ നിർദ്ദേശം.
സിപിഎമ്മിൻെറ ഗൃഹ സന്ദർശന പരിപാടി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നാണ് പാർട്ടി സംസ്ഥാന സമിതിയുടെ വിലയിരുത്തൽ.
വീടുകയറി വോട്ടർമാരെ കാണുന്ന പ്രവർത്തനം വിജയിപ്പിക്കുന്നതിൽ കീഴ് ഘടകങ്ങൾ കുറ്റകരമായ അനാസ്ഥ കാട്ടിയെന്നും സിപിഎം വിലയിരുത്തിയിരുന്നു.ഇത്തരം വീഴ്ചകൾ കോൺഗ്രസിൻെറ ഗൃഹ സന്ദർശന പരിപാടിയിൽ ആവർത്തിക്കരുതെന്നാണ് കെ.പി.സി.സിയുടെ കർശന നിർദ്ദേശം.
തദ്ദേശ തിരഞ്ഞെടുപ്പിലെ തകർപ്പൻ ജയത്തിന് ശേഷം കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം തിരിച്ചു പിടിക്കാൻ സാധിച്ചുവെന്നാണ് നേതൃത്വത്തിൻെറ വിലയിരുത്തൽ.
തുടർച്ചയായ തോൽവിയിലും അധികാര നഷ്ടത്തിലും നിരാശരായിരുന്ന പ്രവർത്തകരിൽ വിജയതൃഷ്ണ എത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.
ചിട്ടയായ പ്രവർത്തനത്തിനും കഠിനാധ്വാനത്തിനും ഫലം ഉണ്ടാകുമെന്ന സന്ദേശമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസിന് നൽകിയ സന്ദേശം.
ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച ഫലം ഉണ്ടാക്കാൻ കഴിയുമെന്ന ബോധ്യത്തിലേക്ക് പ്രവർത്തകരും പ്രാദേശിക നേതാക്കളും എത്തിയതോടെ താഴെത്തട്ടിലെ സംഘടനാ സംവിധാനം ചലനാത്മകമാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് നേതൃത്വം പങ്കുവെക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us