തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. കഠിനമായ ചോദ്യം ചെയ്യൽ ഒന്നുമില്ലായിരുന്നു. സൗഹാർദപരമായാണ് ഇഡി ഉദ്യോഗസ്ഥർ പെരുമാറിയത്. ശബരിമല സ്വർണക്കൊള്ള കേസില്‍ നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു

എത്രയോ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണ്. ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിൽ സത്യം 100 ശതമാനം വെളിച്ചത്തു കൊണ്ടുവരണം. അതിൽ ബന്ധപ്പെട്ടിട്ടുള്ളവരെ വെളിച്ചത്തു കൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. 

New Update
jayaram

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ കടവന്ത്രയിലെ ഓഫീസിലാണ് ജയറാം ഹാജരായത്. നാല് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു.

Advertisment

വീണ്ടും ഹാജരാകാൻ വിളിപ്പിച്ചിട്ടില്ലെന്നും തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും ജയറാം പറഞ്ഞു. കഠിനമായ ചോദ്യം ചെയ്യൽ ഒന്നുമില്ലായിരുന്നു. സൗഹാർദപരമായാണ് ഇഡി ഉദ്യോഗസ്ഥർ പെരുമാറിയത്. 


രേഖകളൊന്നും ഹാജരാക്കാൻ പറഞ്ഞിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം നടൻ പറഞ്ഞു.


ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്താനാണ് ഇഡി വിളിപ്പിച്ചത്. ശബരിമല എല്ലാവരുടെയും വികാരമാണ്. തെറ്റുചെയ്തവരെ പുറത്തുകൊണ്ടുവരണമെന്നും ജയറാം പറഞ്ഞു. 

കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെവിടുമോ എന്നും ജയറാം ചോദിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി ജയറാമിന് സമൻസ് നൽകിയിരുന്നു.


''എത്രയോ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണ്. ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിൽ സത്യം 100 ശതമാനം വെളിച്ചത്തു കൊണ്ടുവരണം. അതിൽ ബന്ധപ്പെട്ടിട്ടുള്ളവരെ വെളിച്ചത്തു കൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. 


ആ മലയാളികളുടെ കൂട്ടത്തിൽ പെട്ട ആളാണ് താനും എന്ന് ജയറാം. കഴിഞ്ഞ 38 വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളിൽ പല പരിപാടികളിൽ ആദ്യം ക്ഷണിക്കുന്നത് തന്നെയാണ്. താൻ പോകാറുമുണ്ട്. അത്തരത്തിലാണ് ഇതിനും പോയത്. തന്നിൽ നിന്ന് ഉപകാരപ്പെട്ട വല്ലതും കിട്ടിയാൽ അത് നല്ലതല്ലേ. 

ഇനിയും ആരെങ്കിലും കുടുങ്ങാൻ ഉണ്ടെങ്കിൽ അവരും കുടുങ്ങട്ടെ . അയ്യപ്പൻ അവരെ വെറുതെ വിടില്ല. 50 വർഷമായി ശബരിമലയിൽ പോകുന്ന ഭക്തനാണ്. എന്‍റെ കടമയാണ് ഇത്'' ജയറാം പറഞ്ഞു.


ശബരിമലയിലെ സ്വർണം ഉപയോഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഇതിൽ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ സമൻസ് ജയറാമിന് ലഭിച്ചിരിക്കുന്നത്.


നിർമാണ വേളയിൽ ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാർഥനകളും നടത്തിയിരുന്നു. ജയറാമിന്‍റെ ചെന്നൈയിൽ വീട്ടിലും ഇത്തരത്തിൽ പൂജ നടന്നിരുന്നു. കേസില്‍ നേരത്തെ ജയറാമിനെ എസ്ഐടി ചോദ്യംചെയ്തിരുന്നു. 

ചെന്നൈയിലെ വീട്ടില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. 

തട്ടിപ്പിൽ പങ്കില്ലെന്നും പോറ്റിയുമായി ശബരിമലയിൽ വെച്ചുള്ള ബന്ധമാണെന്നും ജയറാം എസ്ഐടിക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു. പാളികൾ പൂജിച്ച മൂന്ന് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും പോറ്റി പലതവണ തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കിയിട്ടുണ്ട്.

Advertisment