കോൺഗ്രസ് ഭവനസന്ദർശനം ഇന്ന് മുതൽ. ലഘുലേഖയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ പത്മകുമാറിനും എൻ വാസുവിനും പിഎസ് പ്രശാന്തിനും എതിരെ പേരെടുത്ത് പറഞ്ഞ് വിമർശനം. ശബരിമല സ്വർണക്കൊള്ളയ്ക്ക് പുറമെ ലഘുലേഖയിൽ ഉന്നയിക്കുന്നത് 12 വിഷയങ്ങൾ

വയനാട് ദുരന്തമുണ്ടായപ്പോൾ സ്ഥലം സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയെന്നും ദുരന്തബാധിതരോട് മുഖം തിരിച്ചെന്നും ലഘുലേഖ കുറ്റപ്പെടുത്തുന്നു.

New Update
CONGRESS

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നടത്തുന്ന ഭവനസന്ദർശനം ഇന്ന് തുടങ്ങുമ്പോൾ വീടുകളിൽ വിതരണം ചെയ്യുന്ന ലഘുലേഖയിൽ മുൻ ദേവസ്വം ബോർഡ് അധ്യക്ഷൻമാർക്ക് വിമർശനം.

Advertisment

ശബരിമല സ്വർണ്ണക്കൊള്ള കോൺഗ്രസ് തിരഞ്ഞെടുപ്പ് വിഷയമായി എടുക്കുന്നുവെന്ന സന്ദേശമാണ് ലഘുലേഖ നൽകുന്നത്.  മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ പത്മകുമാറിനും എൻ വാസുവിനും പിഎസ് പ്രശാന്തിനും എതിരെ പേരെടുത്ത് പറഞ്ഞാണ് ലഘുലേഖയിൽ വിമർശനമുള്ളത്.

ദുരിതകാലത്തിന് അന്ത്യം കുറിക്കാം എന്ന തലക്കെട്ടിലിറക്കിയ നോട്ടിസിലാണ് ശബരിമല സ്വർണക്കൊള്ളയടക്കം പരാമർശിച്ചുകൊണ്ട് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നത്.

കോടിക്കണക്കിന് ഭക്തരെ ഞെട്ടിച്ച ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ എംഎൽഎയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ എ പത്മകുമാറും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവും അടക്കം പ്രമുഖ നേതാക്കൾ ജയിലിലായിട്ടും ഒരു നടപടി പോലും സ്വീകരിക്കാൻ സിപിഎം തയാറായില്ലെന്ന് ലഘുലേഖയിൽ കുറ്റപ്പെടുത്തുന്നു.

dec49206-d420-4b1e-a66d-fa556929846e

ദേവസ്വം മന്ത്രിമാരെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും രക്ഷിക്കാൻ നടത്തിയ ശ്രമം കേരളം മറക്കില്ലെന്നും ദേവന്റെ സ്വത്ത് സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ദേവസ്വം ബോർഡുകൾ കൊള്ളക്കാരായി മാറിയെന്നും കോൺഗ്രസ് ആരോപിക്കുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെ പേര് നോട്ടിസിൽ ഉൾപ്പെടുത്തിയപ്പോൾ ദേവസ്വം മന്ത്രിമാരുടെ പേര് ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്.

ശബരിമല സ്വർണക്കൊള്ളയ്ക്ക് പുറമെ 12 വിഷയങ്ങളാണ് ലഘുലേഖയിൽ പ്രധാനമായും ഉന്നയിക്കുന്നത്. കേന്ദ്ര ബജറ്റ്, മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയിലെ ധൂർത്ത്, തൃശൂർ പൂരം കലക്കൽ, മലപ്പുറത്തിനെതിരായ മുഖ്യമന്ത്രിയുടെ വിദ്വേഷ പ്രസംഗം, സംസ്ഥാനത്തിന്റെ വർധിക്കുന്ന കടബാധ്യത, ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ അനധികൃത പരോൾ, കാർഷിക ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനം. തൃശൂർ പൂരം കലക്കിയ എഡിജിപിക്ക് സർക്കാർ സംരക്ഷണമൊരുക്കിയെന്ന വിമർശനവും ഇതിലുണ്ട്.

വയനാട് ദുരന്തമുണ്ടായപ്പോൾ സ്ഥലം സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയെന്നും ദുരന്തബാധിതരോട് മുഖം തിരിച്ചെന്നും ലഘുലേഖ കുറ്റപ്പെടുത്തുന്നു.

81d02255-e6ef-44d2-b947-3bc1b945f03e

 ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തോട് ക്രൂരമായ അവഗണനയാണ് കാട്ടിയതെന്നും എയിംസ് അടക്കമുള്ള സ്വപ്ന പദ്ധതികൾ പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയിലെ ധൂർത്തും ലഘുലേഖയിൽ പരാമർശിക്കുന്നു.

മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഒരു കോടി രൂപയുടെ ആഡംബര ബസ് ഒരുക്കിയതും മുഖ്യമന്ത്രിയുടെ കുടുംബത്തിന് മാസപ്പടി ലഭിക്കുന്നുണ്ടെന്ന ആരോപണവും നോട്ടിസിലുണ്ട്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് വീണ്ടും വോട്ടർമാരെ ഓർമിപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

മന്ത്രിമാർ ധൂർത്ത് നടത്തുന്നവരും ധാർഷ്ട്യം പ്രകടിപ്പിക്കുന്നവരുമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. ഭരണത്തണലിൽ വർഗീയത വിളയാടുകയാണെന്നും മലപ്പുറത്തിനെതിരെ മുഖ്യമന്ത്രി വിദ്വേഷം വിതച്ചുവെന്നും വിമർശനമുണ്ട്.

മന്ത്രി സജി ചെറിയാനും മുതിർന്ന സിപിഎം നേതാവ് എകെ ബാലനും ന്യൂനപക്ഷ വിദ്വേഷവുമായി രംഗത്ത് വന്നുവെന്നും ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായെന്നും ലഘുലേഖയിൽ പറയുന്നു.

Advertisment