പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്. 'പ്രിയപ്പെട്ടവരെ' തിരുകിക്കയറ്റാൻ സി.പി.എം തയ്യാറെടുക്കുന്നുവെന്ന് സൂചന. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് അടിയന്തിര നീക്കം

വിവിധ വകുപ്പുകളിൽ വർഷങ്ങളായി തുടരുന്ന താൽക്കാലികക്കാരെയും കരാർ ജീവനക്കാരെയും കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള ഫയലുകളാണ് സെക്രട്ടറിയേറ്റിൽ ഇപ്പോൾ കുമിഞ്ഞുകൂടുന്നത്.

New Update
CABINET KERALA

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സർക്കാരിലെ 'പ്രിയപ്പെട്ടവരെ' തിരുകിക്കയറ്റാൻ പിണറായി സർക്കാർ അത്യന്തം വേഗത്തിൽ കരുക്കൾ നീക്കുന്നു.

Advertisment

 ബുധനാഴ്ചത്തെ പതിവ് യോഗത്തിന് പിന്നാലെ ഇന്ന് വീണ്ടും പ്രത്യേക മന്ത്രിസഭായോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.

വിവിധ വകുപ്പുകളിൽ വർഷങ്ങളായി തുടരുന്ന താൽക്കാലികക്കാരെയും കരാർ ജീവനക്കാരെയും കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള ഫയലുകളാണ് സെക്രട്ടറിയേറ്റിൽ ഇപ്പോൾ കുമിഞ്ഞുകൂടുന്നത്.

രണ്ടാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉറപ്പായതോടെ ഓരോ ദിവസവും മന്ത്രിസഭായോഗം ചേരാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

 പെരുമാറ്റച്ചട്ടം വന്നാൽ പിന്നെ ഒന്നും നടക്കില്ലെന്ന ബോധ്യമാണ് ഈ 'അടിയന്തര' നീക്കത്തിന് പിന്നിൽ.

 പി.എസ്.സി ഉദ്യോഗാർത്ഥികൾ തെരുവിൽ സമരം ചെയ്യുമ്പോഴും, പിൻവാതിലിലൂടെ സ്വന്തക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ മെഷിനറി മുഴുവനായി ഉപയോഗി ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

സെക്രട്ടറിയേറ്റിലെ ഓരോ വകുപ്പിൽ നിന്നും സഖാക്കളുടെ സ്ഥിരപ്പെടുത്തൽ ഫയലുകൾ പ്രവഹിക്കുകയാണെന്നാണ് വിവരം.

പാർട്ടി അനുഭാവികളെ സ്ഥിരപ്പെടുത്താനുള്ള ഈ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നിയമനങ്ങളിൽ മെറിറ്റും സുതാര്യതയും അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് വരും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം.

എന്നാൽ, പത്തു വർഷത്തിലേറെ സേവനമനുഷ്ഠിച്ചവരെ മാനുഷിക പരിഗണന വെച്ചാണ് സ്ഥിരപ്പെടുത്തുന്നതെന്നാണ് സർക്കാരിന്റെ പതിവ് ന്യായീകരണം.

Advertisment