തെളിവില്ലാതെ സ്വർണക്കൊള്ളയിൽ തന്ത്രിയെ പ്രതിയാക്കിയത് എന്തിന് ? യുവതീ പ്രവേശനത്തെ എതിർത്തതിന് സർക്കാർ വൈരാഗ്യം തീർത്തതെന്ന് തന്ത്രി. എസ്.ഐ.ടിയെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെന്ന ആക്ഷേപം ശക്തിപ്പെട്ടു. തെളിവിന്റെ കണിക പോലുമില്ലെന്നും തന്ത്രിക്ക് പൂജകൾ അടക്കം താന്ത്രിക കാര്യങ്ങളിൽ മാത്രമാണ് ഉത്തരവാദിത്തമെന്നും കോടതി. തന്ത്രിയെ അകത്തിട്ടത് സി.പി.എം നേതാക്കളുടെ അറസ്റ്റ് ബാലൻസ് ചെയ്യാനെന്നും ആരോപണം. 41 ദിവസം തന്ത്രിയെ ജയിലിലടച്ചതിന് ഉത്തരമില്ലാതെ എസ്.ഐ.ടി

തന്ത്രി കട്ടിളപ്പാളി കേസിൽ 13ാംപ്രതിയും ദ്വാരപാലകപാളി കേസിൽ 16-ാം പ്രതിയുമാണ്.

New Update
NH09KantaruRajeevaru004

തിരുവനന്തപുരം: തെളിവിന്റെ കണിക പോലുമില്ലാതെയാണ് അറസ്റ്റെന്ന് കോടതി വ്യക്തമാക്കുകയും ശബരിമല യുവതീ പ്രവേശനത്തെ എതിർത്തതിൽ സർക്കാർ തന്നോട് വൈരാഗ്യം തീർക്കുകയായി രുന്നെന്നും തന്ത്രി കണ്ഠര് രാജീവര് തുറന്നടിക്കുകയും ചെയ്തതോടെ സ്വർണ ക്കൊള്ളക്കേസിൽ എസ്.ഐ.ടിക്ക് മേലുള്ള രാഷ്ട്രീയ സ്വാധീനം ചർച്ചയാവുന്നു. 

Advertisment

വ്യക്തമായ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തതെന്തിനെന്ന ചോദ്യത്തിന് എസ്.ഐ.ടി ഇനി മറുപടി പറയേണ്ടി വരും. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് നിഗമനം.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് എസ്.ഐ.ടിയെ നിയന്ത്രിക്കുന്നതെന്ന ആരോപണത്തിനും ഇത് ബലംപകരും.

സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്കു വ്യക്തമാക്കുന്ന തരത്തിൽ തെളിവിന്റെ ഒരു കണിക പോലും ഹാജരാക്കാൻ എസ്‌ഐടിക്കു കഴിഞ്ഞിട്ടില്ലെന്നാണ് കൊല്ലം വിജിലൻസ് കോടതി ചൂണ്ടിക്കാട്ടിയത്. 

ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്താനുള്ള ഉത്തരവാദിത്തം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കാണെന്നും പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നും തന്ത്രിയുടെ ജാമ്യ ഉത്തരവിൽ കോടതി പറയുന്നു.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്ന എസ്‌ഐടിയുടെ വാദം കോടതി പാടെ തള്ളിക്കളഞ്ഞിട്ടുണ്ട്. 

2019 ജൂലൈ 20ലെയും 2019 മേയ് 18ലെയും മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല എന്നത് ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്ന വ്യാഖ്യാനിക്കാൻ പാകത്തിലുള്ളതല്ലെന്നും കോടതി വ്യക്തമാക്കി.

ബോർഡിന്റെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് മഹസർ തയാറാക്കിയിരിക്കുന്നത്. ഗൂഢാലോചന ഉണ്ടായിരുന്നെങ്കിൽ തന്ത്രി രണ്ടു മഹസറുകളിലും ഉറപ്പായും ഒപ്പിടുമായിരുന്നു.

ദേവസ്വം ബോർഡ് മുൻപ് എടുത്ത തീരുമാനങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന തന്ത്രിയുടെ വാദം കോടതി അംഗീകരിച്ചു.

ദേവസ്വം ബോർഡിന്റെ രണ്ട് മുൻ പ്രസിഡന്റുമാരടക്കം സി.പി.എം നേതാക്കൾ അറസ്റ്റിലായതിന് പിന്നാലെ ചർച്ചകൾ വഴിമാറ്റാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

ബോർഡ് അംഗമായിരുന്ന കെ.പി.ശങ്കരദാസിനെ പ്പോലും അറസ്റ്റ് ചെയ്യുന്നതിന് മുമ്പായിരുന്നു തന്ത്രിയെ പിടികൂടിയത്.

സ്വർണപ്പാളികൾ ഇളക്കാൻ തന്ത്രി അനുഞ്ജ നൽകിയെന്നും പാളികൾ വാതിലിൽ ഇല്ലാതിരുന്നിട്ടും അത് ബോർഡിനെ അറിയിച്ചില്ലെന്നുമായിരുന്നു തന്ത്രിക്കെതിരായ എസ്.ഐ.ടിയുടെ കുറ്റങ്ങൾ. 

എ‌ന്നാൽ അറ്റകുറ്റപ്പ ണികളുമായി ബന്ധപ്പെട്ട് ബോർഡ് എടുത്ത തീരുമാനങ്ങൾ ക്ഷേത്രത്തിലെ പൂജകളുമായോ ആചാരങ്ങളുമായോ മതപരമായ ചടങ്ങുകളുമായോ ബന്ധപ്പെട്ടതല്ലെന്നാണ് കോടതി ഉത്തരവിലുള്ളത്. 

ബോർഡ് ആവശ്യപ്പെടുമ്പോൾ മാത്രം അനുജ്ഞ നൽകുകയാണ് തന്ത്രിയുടെ ചുമതല എന്നാണ് ബോർഡ് മാന്വലിൽ പറയുന്നത്.

ക്ഷേത്രത്തിലെ പൂജകളുമായും താന്ത്രികചടങ്ങുകളുമായും ബന്ധപ്പെട്ടു മാത്രമാണ് തന്ത്രിയുടെ ചുമതല.

 ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികളുമായോ തിരുവാഭരണം സൂക്ഷിപ്പിലോ തന്ത്രിക്കു ഒരു പങ്കു വഹിക്കാനില്ല.

ഇതിനായി ദേവസ്വം ബോർഡിന്റെ ഉദ്യോഗസ്ഥ വൃന്ദമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കേസിൽ പ്രധാനപ്രതിയാണ് കണ്ഠര് രാജീവര് എന്നും എസ്‌ഐടി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും എസ്‌ഐടി ആരോപിച്ചിരുന്നു.

പോറ്റിയെ ശബരിമലയിൽ എത്തിച്ചതിലും തന്ത്രിക്ക് മുഖ്യപങ്കുണ്ടെന്നും തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും എസ്ഐടി വാദിച്ചിരുന്നു.

 എന്നാൽ അറസ്റ്റ് ചെയ്ത ശേഷവും തന്ത്രിക്കെതിരേ തെളിവുകൾ കണ്ടെത്താൻ എസ്.ഐ.ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി ഉതത്രവിൽ വ്യക്തമാക്കി.

തന്ത്രിയുടെ വീട്ടിൽ നിന്ന് ശബരിമലയിലെ കൊടിമരത്തിലെ വാജിവാഹനം പിടിച്ചെടുത്തെങ്കിലും അത് ബോർഡ് കൈമാറിയതാണെന്ന് വന്നതോടെ അതിലും കേസെടുക്കാനായില്ല.

തന്ത്രി കട്ടിളപ്പാളി കേസിൽ 13ാംപ്രതിയും ദ്വാരപാലകപാളി കേസിൽ 16-ാം പ്രതിയുമാണ്. ജനുവരി 9നാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായി 41 ദിവസം കഴിഞ്ഞാണ് തന്ത്രിക്കു ജാമ്യം കിട്ടിയത്. ബാക്കി പ്രതികൾക്കെല്ലാം 90 ദിവസത്തിനകം കുറ്റപത്രം നൽകാത്തതിനെത്തുടർന്നാണ് സ്വാഭാവിക ജാമ്യം ലഭിച്ചതെങ്കിലും തന്ത്രിക്ക് വളരെ നേരത്തേ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Advertisment