സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സ്ഥിരനിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെ പരിഗണിച്ചു വരികയാണ്. സ്ക്രീനിങ് കമ്മിറ്റി അധ്യാപകരുടെ യോഗ്യതയും പ്രായപരിധിയിൽ നൽകേണ്ട ഇളവുകളും പരിശോധിച്ച് ശമ്പള സ്കെയിലിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

സുപ്രീംകോടതിയുടെ വിധിന്യായ പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഭിന്നശേഷി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ തസ്തികകൾ അനുവദിക്കേണ്ടതുണ്ട് . 

New Update
SIVANKUTTY

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് മികച്ച പിന്തുണ ഉറപ്പാക്കുന്നതിനായി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സ്ഥിരനിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെ പരിഗണിച്ചു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 

Advertisment

നിലവിൽ സമഗ്ര ശിക്ഷ കേരളയിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 2,707 സ്പെഷ്യൽ എഡ്യൂക്കേറ്റർമാരിൽ യോഗ്യതയുള്ളവരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.


സുപ്രീംകോടതിയുടെ വിധിന്യായ പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഭിന്നശേഷി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ തസ്തികകൾ അനുവദിക്കേണ്ടതുണ്ട് . 


ഈ തസ്തികകൾ വിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും വെബ്സൈറ്റുകളിലും മുൻനിര പത്രങ്ങളിലും പരസ്യപ്പെടുത്തേണ്ടതാണ് . നിയമന നടപടികളിൽ ആർസിഐ നിർദ്ദേശിച്ചിട്ടുള്ള യോഗ്യതകൾ നിർബന്ധമാണെന്ന് കോടതി പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട് .

കുറഞ്ഞത് 20 വർഷത്തോളമായി കരാർ അല്ലെങ്കിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരപ്പെടുത്തുന്നതിനായി അവരുടെ യോഗ്യത പരിശോധിക്കാൻ ഒരു മൂന്നംഗ സ്ക്രീനിംഗ് കമ്മിറ്റി രൂപീകരിക്കാൻ വിധിന്യായത്തിൽ നിർദ്ദേശമുണ്ട് . 


ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ആർ.സി.ഐ പ്രതിനിധി എന്നിവരടങ്ങുന്ന മൂന്നംഗ സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 


ഈ കമ്മിറ്റി അധ്യാപകരുടെ യോഗ്യതയും പ്രായപരിധിയിൽ നൽകേണ്ട ഇളവുകളും പരിശോധിച്ച് ശമ്പള സ്കെയിലിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ഈ വിഷയത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സംഘടനയായ കെആർടിഎ നേതൃത്വവുമായി സർക്കാർ നേരത്തെ തന്നെ ചർച്ചകൾ നടത്തിയിട്ടുള്ളതാണ്. സ്ഥിരനിയമനത്തിന് ആവശ്യമായ സമയം തേടിക്കൊണ്ടുള്ള അനുകൂല സത്യവാങ്മൂലമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. 


എന്നാൽ ഈ സത്യവാങ്മൂലത്തിലെ കാര്യങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് ചിലർ പ്രചരിപ്പിക്കുന്നത് നിർഭാഗ്യകരമാണ് . സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സംരക്ഷിക്കുന്ന നിലപാടിൽ എൽഡിഎഫ് സർക്കാർ ഉറച്ചുനിൽക്കുകയാണ്.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാനദണ്ഡമനുസരിച്ച് എലമെന്ററി തലത്തിൽ 10:1 എന്ന അനുപാതത്തിലും മിഡിൽ, സെക്കന്ററി തലങ്ങളിൽ 15:1 എന്ന അനുപാതത്തിലും അധ്യാപക സേവനം ഉറപ്പാക്കും. 

വിദ്യാലയങ്ങളെ ക്ലസ്റ്റർ സംവിധാനത്തിൽ ഉൾപ്പെടുത്തി സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനം കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കാനും സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Advertisment