/sathyam/media/media_files/YzhfpgQxh8GULuE2lT74.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇടതുമുന്നണിയുടെ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പിനുള്ള മുന്നണിയുടെ പ്രകടന പത്രിക തയാറാക്കാനുള്ള ഉപസമിതിയും ഇന്ന് രൂപീകരിക്കും.
എല്ലാ പ്രധാന ഘടകക്ഷികളിൽ നിന്നും ഓരോ പ്രതിനിധിയെ വീതം ഉൾപ്പെടുത്തി കൊണ്ടാകും ഉപസമിതി രൂപീകരിക്കുക. ഇന്നലെ സമാപിച്ച സി.പി.എമ്മിൻെറ കേരള പഠന കോൺഗ്രസിൽ ഉരുത്തിരിഞ്ഞ ആശയങ്ങളും നിർദ്ദേശങ്ങളും ആകും പ്രകടന പത്രികയുടെ അടിത്തറ.
തിരഞ്ഞെടുപ്പിൽ വോട്ടർമാരെ പാട്ടിലാക്കാൻ കഴിയുന്ന ആകർഷകമായ വാഗ്ദാനങ്ങൾ പ്രകടന പത്രികയിൽ ഉണ്ടാകും. സ്ത്രീ വോട്ടർമാരുടെയും യുവ വോട്ടർമാരുടെയും പിന്തുണ നേടുക ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ ഇടംപിടിക്കും.
തുടർ ഭരണംകൊണ്ടുമാത്രം സാധ്യമാകുന്ന വാഗ്ദാനങ്ങളാകും പ്രകടന പത്രികയിലെ മുഖ്യ ആകർഷണം. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സീറ്റ് വിഭജനം സംബന്ധിച്ച പ്രാഥമിക ചർച്ചകളും ഇന്നത്തെ എൽ.ഡി.എഫ് നേതൃ യോഗത്തിലുണ്ടാകും.
മുന്നണിയിലെ ഓരോ പാർട്ടിയുമായും മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും പ്രത്യേകം പ്രത്യേകം ചർച്ച നടത്തിയാകും സീറ്റ് വിഭജനത്തിൽ ധാരണ ഉണ്ടാക്കുക. ഉദയകക്ഷി ചർച്ചയിൽ ധാരണയായ ശേഷം പിന്നീട് മുന്നണിയോഗം ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം 86 സീറ്റുകളിലാണ് മത്സരിച്ചത്. പൊതു സ്വതന്ത്രർ അടക്കമാണ് സിപിഎം 86 സീറ്റ് ലഭിച്ചത്. ഇത്തവണയും അത്ര തന്നെ സീറ്റിൽ മത്സരിക്കാനാണ് സിപിഎം താൽപര്യപ്പെടുന്നത്. 90 സീറ്റിൽ മത്സരിച്ചിരുന്ന സിപിഎം, പുതിയ പാർട്ടികൾ എത്തി മുന്നണി വികസിച്ചപ്പോൾ വിട്ടുവീഴ്ച ചെയ്താണ് 86 സീറ്റിലേക്ക് എത്തിയത്.
മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐ 25 സീറ്റിലാണ് കഴിഞ്ഞ തവണ മത്സരിച്ചത്. കേരള കോൺഗ്രസ് എം ഇടതു മുന്നണിയിലേക്ക് വന്നതിനെ തുടർന്ന് 27 സീറ്റിൽ മത്സരിച്ചിരുന്ന സിപിഐ രണ്ട് സീറ്റ് വിട്ടു കൊടുക്കുകയായിരുന്നു.
2021ൽ 12 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് എം ഇത്തവണ ഒരു സീറ്റ് കൂടി അധികം ആവശ്യപ്പെടും മധ്യതിരുവിതാംകൂറിലെ നിർണായക സാന്നിധ്യമായ കേരള കോൺഗ്രസിൻ്റെ ആവശ്യത്തോട് മുന്നണി നേതൃത്വം എന്ത് സമീപനം സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇപ്പോൾ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാ പാർട്ടിയായി മാറിയ പഴയ ജനതാദൾ എസ് 2021 ൽ നാല് സീറ്റുകളിലാണ് ജനവിധി തേടിയത്. ഇത്തവണയും നാലു സീറ്റ് തന്നെ വേണമെന്നാണ് പാർട്ടിയുടെ ആവശ്യം.
എന്നാൽ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്ന പഴയ ജനതാദൾ എസ് കേരള ഘടകത്തിന് ഇത്രയും സീറ്റ് നൽകണോ എന്ന കാര്യത്തിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ട്.
സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള ജനതാദൾ എസ് കേരള ഘടകവും ഇപ്പോഴത്തെ ആർജെഡിയും തമ്മിൽ ലയിച്ച് ഒന്നാകണം എന്നായിരുന്നു സിപിഎം ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഒരു പാർട്ടികളുടെയും നേതൃത്വം അതിൽ ഒരു താൽപര്യവും കാട്ടിയില്ല.രണ്ടു കൂട്ടരേയും പിടിക്കാൻ കിട്ടുന്ന അവസരം എന്ന നിലയിൽ സീറ്റ് വിഭജന ചർച്ചയിൽ സിപിഎം കർശന നിലപാടെടുക്കാനാണ് സാധ്യത.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻസിപിയും , ആർജെഡിയും , ഐഎൻഎല്ലും മൂന്നു വീതം സീറ്റിലാണ് മത്സരിച്ചത്. എൻസിപിയിലും ഐഎൻഎല്ലിലും പിളർപ്പുണ്ടായ സാഹചര്യത്തിൽ 3 സീറ്റ് നൽകണോയെന്ന് സിപിഎം ആലോചിക്കുന്നുണ്ട്.
ആർജെഡി മത്സരിച്ച കൽപ്പറ്റ സീറ്റ് സിപിഎം ആവശ്യപ്പെട്ടേക്കും. ആർ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിപിഎം കൽപ്പറ്റ ആവശ്യപ്പെടുന്നത്. എന്നാൽ ആർജെഡി നേതൃത്വം അതിന് വഴങ്ങുമോയെന്ന് കണ്ടറിയണം.
ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ബി, പുറത്ത് നിന്ന് മുന്നണിയെ പിന്തുണക്കുന്ന ആർഎസ്പി ലെനിനിസ്റ്റ് എന്നീ പാർട്ടികൾക്ക് കഴിഞ്ഞ തവണ ഓരോ സീറ്റ് വീതമാണ് നൽകിയത്. ഇത്തവണയും അത് തന്നെ ആവർത്തിക്കപ്പെടാനാണ് സാധ്യത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us