രാഹുലിന്റെ ‘ജു-ജിറ്റ്‌സു’ : ഉപമയല്ല, അമേരിക്കൻ കെണിയിൽ അകപ്പെട്ട മോദി ഭരണകൂടത്തിനെതിരായ ശക്തമായ മുന്നറിയിപ്പ് .രാഹുൽ ഗാന്ധിയുടെ പരാമർശം വിശദീകരിച്ച് ജയ്ഹിന്ദ് ടി വി മുൻ മേധാവി ഡോ. ബി എസ് . ഷിജു

അമേരിക്കയും ചൈനയും അടക്കമുള്ള ആഗോള ശക്തികളുടെ സമ്മർദ്ദത്തിൽ രാജ്യം ശ്വാസംമുട്ടുന്ന അവസ്ഥയിലാണെന്നാണ് ഈ ഉപമയിലൂടെ അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.

New Update
img(102)

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെൻ്റിൽ നടത്തിയ പരാമർശത്തെ കുറിച്ച് വ്യക്തമായി വിശദീകരിക്കുകയാണ് ജയ് ഹിന്ദ് ടി വി മുൻ മേധാവിയും കോൺഗ്രസ് നേതാവുമായ ഡോ . ബി.എസ് ഷിജു . ഷിജു തൻ്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നതിങ്ങനെ ,

Advertisment

"രാഹുലിന്റെ ‘ജു-ജിറ്റ്‌സു’ : ഉപമയല്ല, അമേരിക്കൻ കെണിയിൽ അകപ്പെട്ട മോദി ഭരണകൂടത്തിനെതിരായ ശക്തമായ മുന്നറിയിപ്പ് 

പാർലമെന്റിൽ ബജറ്റ് പ്രസംഗത്തിനിടെ അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിനെക്കുറിച്ച് സംസാരിക്കുമ്പോൾ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജാപ്പനീസ് ആയോധനകലയായ 'ജു-ജിറ്റ്‌സു'വിനെ (Jiu-Jitsu) ഒരു ഉപമയായി ഉപയോഗിച്ചു. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത്. എന്താണ് ഈ ഉപമയുടെ പ്രസക്തി?

ഇന്ത്യ അകപ്പെട്ടിരിക്കുന്ന 'തന്ത്രപരമായ കെണി' (Strategic Trap) ചൂണ്ടിക്കാട്ടാനാണ് രാഹുൽ ഗാന്ധി ജു-ജിറ്റ്‌സുവിനെ കൂട്ടുപിടിച്ചത്. എതിരാളിയുടെ കരുത്തിനെ സ്വന്തം കരുത്ത് കൊണ്ട് നേരിടുന്നതിന് പകരം, അവരുടെ തന്നെ ഊർജ്ജവും ശരീരഭാരവും അവർക്കെതിരെ തിരിച്ചുവിട്ടാണ് ഈ ആയോധനകലയിൽ വിജയിക്കുന്നത്.

ഈ കലയിലെ രണ്ട് പ്രധാന തന്ത്രങ്ങളാണ് 'ഗ്രിപ്പും' (Grip), 'ചോക്കും' (Choke). ശത്രുവിന്റെ നീക്കങ്ങളെ തടയാൻ മുറുക്കിപ്പിടിക്കുന്നതിനെ 'ഗ്രിപ്പ്' എന്ന് പറയുന്നു. ശ്വാസമോ രക്തയോട്ടമോ തടസ്സപ്പെടുത്തി ഒരാളെ നിശബ്ദനാക്കുന്ന തന്ത്രമാണ് 'ചോക്ക്'.

ഒരു ജു-ജിറ്റ്‌സു അഭ്യാസി തന്റെ എതിരാളിയെ അനങ്ങാൻ കഴിയാത്തവിധം പൂട്ടുന്നത് പോലെ, പുതിയ അന്താരാഷ്ട്ര കരാറിലൂടെ ഇന്ത്യയുടെ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അധികാരം മോദി ഭരണകൂടം അമേരിക്കയ്ക്ക് അടിയറവ് വെച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറയുന്നു. അമേരിക്കയും ചൈനയും അടക്കമുള്ള ആഗോള ശക്തികളുടെ സമ്മർദ്ദത്തിൽ രാജ്യം ശ്വാസംമുട്ടുന്ന അവസ്ഥയിലാണെന്നാണ് ഈ ഉപമയിലൂടെ അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.

ഈ പശ്ചാത്തലത്തിൽ ഭരണകൂടം മറുപടി നൽകേണ്ട അഞ്ച് നിർണ്ണായക ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്.

1. രാജ്യത്തെ കർഷകരെ ഒറ്റിക്കൊടുത്തത് എന്തിന്?

2. മോദി ഭരണകൂടം അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ പണയപ്പെടുത്തിയത് എന്തിന്?

3. നമ്മുടെ ഡാറ്റ വിദേശികൾക്ക് വിട്ടുനൽകി ഇന്ത്യയെ ഒരു ഡാറ്റാ കോളനിയാക്കി മാറ്റുന്നത് എന്തിന്?

4. പ്രധാനമന്ത്രി സ്വതന്ത്രമായ തീരുമാനങ്ങളാണോ എടുക്കുന്നത്?

5. അദാനിയെന്ന തന്റെ 'ചങ്ങാത്ത മുതലാളിയെ' സംരക്ഷിക്കാനായി പ്രധാനമന്ത്രി മോദി ആഗോള ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങുകയാണോ?

കരാറിന് പിന്നിലെ 'ദുരൂഹവും അപകടകരവുമായ രാഷ്ട്രീയം' ജനങ്ങൾ തിരിച്ചറിയണമെന്നാണ് രാഹുൽ ഗാന്ധി ആവർത്തിച്ചു പറയുന്നത്.

ഡൽഹിയിലെ ജവഹർ ഭവനിൽ ഗവേഷണ വിഭാഗം ഭാരവാഹികളുമായി നടത്തിയ സമ്പർക്ക പരിപാടിയിൽ രാഹുൽ ഗാന്ധി ഈ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചു. രാവിലെ 11 മണിക്ക് ആരംഭിച്ച് വൈകിട്ട് നാല് മണി വരെ നീണ്ട ആശയവിനിമയത്തിൽ, ആഗോള രാഷ്ട്രീയത്തെക്കുറിച്ചും രാജ്യം നേരിടുന്ന വിവിധതരം പ്രതിസന്ധികളെക്കുറിച്ചും സംഘടന സംവിധാനം ശക്തിപ്പെടുത്താൻ നടത്തിവരുന്ന പ്രവർത്തനങ്ങളെ കുറിച്ചുമൊക്ക അദ്ദേഹം സംസാരിച്ചു. അത്യന്തം ചിന്താപ്രേരകവും പ്രചോദനാത്മകവുമായിരുന്നു പരിപാടി "

Advertisment