/sathyam/media/media_files/2026/02/24/unisef-2026-02-24-00-17-51.jpg)
തിരുവനന്തപുരം: കുട്ടികളിലെ സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പ്രവർത്തനങ്ങൾക്ക് യുണിസെഫ് അംഗീകാരം.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ സ്പീക്കർ എ എൻ ഷംസീർ ന്യൂയോർക്കിലെ യുണിസെഫ് സാംക്രമികേതര രോഗ വിദഗ്ധൻ റൗൾ ബർമിജോയിൽ നിന്നും പ്രശംസാപത്രം ഏറ്റുവാങ്ങി.
കേരളത്തിലെ കുട്ടികളിലെ സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച് കമ്മിഷനും യുണിസെഫും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് യുണിസെഫിന്റെ അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സ്പീക്കർ പറഞ്ഞു.
കുട്ടികൾക്കിടയിലെ ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനും അവരുടെ ആരോഗ്യ സംരക്ഷണത്തിനുമായി കമ്മീഷൻ നടത്തുന്ന പ്രവർത്തനങ്ങൾ വളരെ വലുതാണ്. സ്‌കൂൾ കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗം തടയാനും ബാലാവകാശ കമ്മീഷൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.
മുൻ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ കോവിഡ്, നിപ്പ തുടങ്ങിയ വെല്ലുവിളികളെ നേരിട്ട രീതി ലോകം അംഗീകരിച്ച കേരള മോഡൽ ആരോഗ്യ നേട്ടങ്ങളാണ്.
കേരളത്തിലെ ശിശു മരണനിരക്ക് വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. ആരോഗ്യരംഗത്ത് കേരളം ലോകത്ത് തന്നെ ഒന്നാമതാണെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
ശിശുക്ഷേമത്തിലും ആരോഗ്യമേഖലയിൽ കേരളം ഏറെ മുന്നിലാണെന്ന് മുൻ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിന്റെ ശിശു മരണനിരക്ക് 2016 ൽ പന്ത്രണ്ട് ആയിരുന്നത് 2020 ഓടെ അഞ്ചായി കുറയ്ക്കാൻ സാധിച്ചു എന്നത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട നേട്ടമാണ്.
ശിശു മരണങ്ങളുടെ പ്രധാന കാരണമായ ജന്മനായുള്ള ഹൃദയവൈകല്യങ്ങൾ പരിഹരിക്കുന്നതിനായി ആരംഭിച്ച ഹൃദ്യം പദ്ധതി ഇതിൽ വലിയ പങ്കുവഹിച്ചു. സാമ്പത്തിക ഭേദമന്യേ 15,000 ൽ അധികം കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ ലഭ്യമാക്കിയിട്ടുണ്ട്.
മാതൃ മരണനിരക്കിന്റെ കാര്യത്തിലും സമാനമായ പുരോഗതി ദൃശ്യമാണ്. ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്ക് കൈത്താങ്ങായി മിഠായി പദ്ധതി ആവിഷ്‌കരിച്ചു. ഇതിലൂടെ അർഹരായ എല്ലാ കുട്ടികൾക്കും സൗജന്യമായി ഇൻസുലിൻ ലഭ്യമാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
എം.എൽ.എ മാരായ ശ്രീനിജൻ, ഡോ. സുജിത് വിജയൻ, സി.എച്ച് കുഞ്ഞാമ്പു എന്നിവരും സംസാരിച്ചു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ ആമുഖ പ്രഭാഷണവും യുണിസെഫിന്റെ റൗൾ ബർമിജോ മുഖ്യ പ്രഭാഷണവും നടത്തി.
കമ്മിഷൻ അംഗം കെ.കെ ഷാജു ശുപാർശകൾ സംബന്ധിച്ച അവതരണം നടത്തി. സെക്രട്ടറി എച്ച്. നജീബ് യോഗത്തിൽ നന്ദി പറഞ്ഞു.
ചടങ്ങിൽ കമ്മിഷൻ അംഗങ്ങളായ ജലജമോൾ റ്റിസി, ബി. മോഹൻ കുമാർ, സിസിലിജോസഫ്, ഡോ. എഫ്. വിൽസൺ, പി.ഷാജേഷ് ഭാസ്‌കർ യുണിസെഫ് ഇന്ത്യൻ പ്രതിനിധി ഡോ.വിവേക് വീരേന്ദ്ര സിംഗ് കേരള-തമിഴ്നാട് കമ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ശ്യാം സുധീർ ബണ്ടി, സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് കൗഷിക് ഗാംഗുലി, കുട്ടികൾ, മാധ്യമ പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.
പലമേഖലകളിലും മുന്നിലുള്ള കേരളത്തിന്റെ കുട്ടികളിലെ സാംക്രമികേതര രോഗങ്ങളെ മുൻനിർത്തിയുള്ള ഇടപടലുകൾ പ്രശംസനീയമെന്ന് കമ്മീഷൻ ഓഫീസ് സന്ദർശിച്ച യുണിസെഫ് സംഘം അഭിപ്രായപ്പെട്ടു.
കുട്ടികളിലെ സാംക്രമികേതര രോഗങ്ങൾ അഭിസംബോധന ചെയ്തുകൊണ്ട് ബാലാവകാശ കമ്മിഷനും യുണിസെഫും സംയുക്തമായി 2025 ൽ 5 കൺസൾട്ടേഷനുകൾ സംഘടിപ്പിച്ചിരുന്നു.
കുട്ടികളിലെ സാംക്രമികേതര രോഗങ്ങളും ആരോഗ്യ പ്രശ്നങ്ങളും സംബന്ധിച്ച് കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ, ആരോഗ്യ വിദഗ്ധർ എന്നിവരുമായാണ് ആദ്യം യോഗം നടത്തിയത്.
തുടർന്ന് രാഷ്ട്രീയ കക്ഷിനേതാക്കൾ, യുവജനസംഘടനകൾ, വിദ്യാർത്ഥി സംഘടന നേതാക്കൾ എന്നിവരുമായി പ്രത്യേക യോഗം കൂടി. കുട്ടികളിലെ സാംക്രമികേതര രോഗങ്ങൾ സംബന്ധിച്ച് സാമൂഹിക ബോധവത്കരണം നടത്തുന്നതിൽ മാധ്യമങ്ങളുടെ പങ്കിന്റെ പ്രാധാന്യം കണക്കിലെടുത്ത് അച്ചടി ദൃശ്യ-ശ്രവ്യ ഓൺലൈൻ മാധ്യമ പ്രതിനിധികളുമായി യോഗം നടത്തിയിരുന്നു.
അതുപോലെ കുട്ടികളുടെ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻ.ജി.ഒ കൾ, വിവിധ വകുപ്പ് മേധാവികൾ, ആരോഗ്യ വിദഗ്ധർ എന്നിവരുമായി ചർച്ച ചെയ്തു.
തുടർന്ന് കേരള നിയമസഭ അംഗങ്ങൾ, സംസ്ഥാനതല കർത്തവ്യവാഹകർ, കുട്ടികൾ എന്നിവരുമായുള്ള ചർച്ചകൾക്കു ശേഷമാണ് സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച വിശദമായ ശുപാർശ സർക്കാരിന് സമർപ്പിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us