ഹരിതകേരളം മിഷന്‍ ദേശീയ പരിസ്ഥിതി സമ്മേളനത്തിന് തുടക്കം

വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനൊപ്പം ഭാവിതലമുറയ്ക്കായി പ്രകൃതിയെയും പ്രകൃതിസമ്പത്തിനെയും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2016-ൽ ഹരിതകേരളം മിഷൻ രൂപീകരിച്ചത്. 

New Update
HARITHA KERALAM

തിരുവനന്തപുരം: കേരളം മുന്നോട്ട് വയ്ക്കുന്ന സുസ്ഥിര വികസന നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതിയെ മുൻനിർത്തിയുള്ള വികസന പദ്ധതികൾക്കാണ് സംസ്ഥാനം എപ്പോഴും ശ്രദ്ധ നൽകുന്നത്. 

Advertisment

ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനം തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനൊപ്പം ഭാവിതലമുറയ്ക്കായി പ്രകൃതിയെയും പ്രകൃതിസമ്പത്തിനെയും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2016-ൽ ഹരിതകേരളം മിഷൻ രൂപീകരിച്ചത്. 


‘വെള്ളം, വൃത്തി, വിളവ്’ എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന ഈ മിഷനിലൂടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി ഇത്രയും വിപുലമായ സംവിധാനമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാലഘട്ടം നേരിടുന്ന പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കൂട്ടായ ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തുക എന്നതാണ് ഹരിതകേരളം മിഷൻ സെമിനാറിന്റെ പ്രധാന ലക്ഷ്യം. 


കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യ ശോഷണം, ജല-വായു മലിനീകരണം തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ഈ വേദിയിൽ ചർച്ചകൾ നടത്തും. 


പരിസ്ഥിതിക്ക് ആഘാതം ഏൽപ്പിച്ചതിന്റെ ഫലമായി ആഗോളതാപനം വർധിക്കുകയും അതിന്റെ ദൂഷ്യവശങ്ങൾ നമ്മൾ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ സീറോ എമിഷൻ എന്ന ലക്ഷ്യത്തിലേക്ക് നാടിനെ എത്തിക്കാനുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ സെമിനാറിൽ ഉയർന്നു വരണം.

മാലിന്യ സംസ്‌കരണ മേഖലയിൽ സംസ്ഥാനം വലിയ മുന്നേറ്റമാണ് നടത്തിയത്. ജനങ്ങൾ സ്വയമേവ മുന്നോട്ടുവന്നതോടെ ഇല്ലാതായിക്കൊണ്ടിരുന്ന പല നദികളും വീണ്ടെടുക്കാൻ കഴിഞ്ഞു. 


തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും മികച്ച സഹകരണത്തോടെയാണ് ‘പച്ചത്തുരുത്ത്’ പോലുള്ള വലിയ പദ്ധതികൾ നടപ്പിലാക്കിയത്. 


പരിസ്ഥിതി സംരക്ഷണത്തിനായി ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും, അതിനായി സർക്കാരിന് ഇടപെടാൻ കഴിയുന്ന ഗൗരവമായ നിർദ്ദേശങ്ങൾ സെമിനാറിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നെറ്റ് സീറോ പദവി നേടിയ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാര വിതരണം മുഖ്യമന്ത്രി നിർവഹിച്ചു. ഹരിത കേരള മിഷൻ പ്രസിദ്ധീകരിച്ച ‘പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ കേരള മാതൃക’ എന്ന പുസ്തകം മുഖ്യമന്ത്രി സംസ്ഥാന പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സെക്രട്ടറി ഡോ. വീണാ എൻ. മാധവന് നൽകി പ്രകാശനം ചെയ്തു.

എ.എ. റഹീം എംപി അധ്യക്ഷനായി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രുചിക ദ്രാൽ, കില ഡയറക്ടർ ജനറൽ എ നിസാമുദ്ദീൻ, പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ഡയറക്ടർ മുഹമ്മദ് ഷഫീഖ്, ദേശീയ തലത്തിൽ ശ്രദ്ധേയരായ പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ടി എൻ സീമ സ്വാഗതം ആശംസിച്ചു.

Advertisment