/sathyam/media/media_files/NJUjwW9v4FKDrTbXIIjN.jpg)
തിരുവനന്തപുരം: വികസനപരമായ തൊഴിൽ സംസ്‌ക്കാരം നടപ്പിലാക്കുന്നതിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിലെ മികച്ച തൊഴിലാളികൾക്കായി സർക്കാർ നൽകുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരങ്ങളുടെ (2024) വിതരണം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ഒട്ടുമിക്ക മേഖലകളിലും മിനിമം വേതനം നടപ്പിലാക്കിയതും, തൊഴിലിടങ്ങളിലെ 'ഇരിപ്പിടവകാശം' പോലുള്ള വിപ്ലവകരമായ തീരുമാനങ്ങൾ നടപ്പിലാക്കിയതും സർക്കാരിന്റെ അഭിമാനകരമായ നേട്ടങ്ങളാണ്.
സ്ത്രീ സൗഹൃദ തൊഴിലിടങ്ങൾ ഒരുക്കുന്നതിലും തൊഴിലാളികളുടെ സാമൂഹ്യ-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിലും സംസ്ഥാനം ഒന്നാമതാണെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികൾക്കുള്ള സർക്കാരിന്റെ കരുതലിന്റെ തെളിവാണ് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം. തൊഴിലാളികളുടെ ഉൽപാദനക്ഷമതയും തൊഴിൽപരമായ കഴിവും പ്രോത്സാഹിപ്പിക്കാനാണ് 2019 മുതൽ ഈ പുരസ്‌കാരം നൽകി വരുന്നത്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു പുരസ്‌കാര സമ്പ്രദായമില്ല. സെക്യൂരിറ്റി ഗാർഡ്, ചുമട്ടുതൊഴിലാളി, നിർമ്മാണ തൊഴിലാളി, തയ്യൽ തൊഴിലാളി, ഐടി മേഖല, നഴ്‌സ് തുടങ്ങി വൈവിധ്യമാർന്ന ഇരുപതോളം മേഖലകളിൽ നിന്നാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.
അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേരിട്ടുള്ള പരിശോധനയ്ക്ക് ശേഷം ജില്ലാ, റീജിയണൽ, സംസ്ഥാന തലങ്ങളിലുള്ള ഇന്റർവ്യൂകളിലൂടെ വളരെ സുതാര്യമായാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ തൊഴിൽ മേഖലയെ ആധുനികവൽക്കരിക്കുന്നതിനായി 'വിഷൻ 2031'-ൽ ഉൾപ്പെടുത്തി മികച്ച പദ്ധതികൾക്ക് സർക്കാർ രൂപം നൽകുകയാണ്.
പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പരമ്പരാഗത തൊഴിൽ മേഖലകളെ നവീകരിക്കാനും, പഠനത്തോടൊപ്പം തൊഴിൽ എന്ന രീതിയിലേക്ക് യുവജനങ്ങളെ ആകർഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. തൊഴിലിടങ്ങൾ ലഹരിമുക്തമാക്കാനുള്ള കർമ്മപദ്ധതികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
സമത്വം, നീതി, കരുതൽ എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു തൊഴിൽ മേഖലയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുരസ്‌കാരം ലഭിച്ച എല്ലാ തൊഴിലാളികളെയും മന്ത്രി അഭിനന്ദിച്ചു. പുരസ്‌ക്കാര ജേതാക്കളുടെ ഈ കഠിനാധ്വാനം എല്ലാ തൊഴിലാളികൾക്കും പ്രചോദനമാകട്ടെയെന്നും മന്ത്രി ആശംസിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us