/sathyam/media/media_files/2026/03/01/img15-2026-03-01-00-31-57.jpg)
തിരുവനന്തപുരം: തളിപ്പറമ്പ് മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ ഭാര്യ പി.കെ.ശ്യാമളയെ മത്സരിപ്പിക്കാൻ സിപിഎമ്മിൽ ധാരണ. എം.വി.ഗോവിന്ദൻ മത്സരിക്കാതെ മാറിനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിൻെറ ഭാര്യയ്ക്കായി ഉറച്ച മണ്ഡലമായി തളിപ്പറമ്പ് വിട്ടുകൊടുക്കുന്നത്.
സിപിഎം ബൂർഷ്വാ പാർട്ടികൾ എന്ന് ആക്ഷേപിക്കുന്ന പാർട്ടികളിൽ നടക്കുന്നത് പോലെയുളള കുടുംബാധിപത്യത്തിൻെറ കാഴ്ചകൾക്ക് വഴിയൊരുക്കുന്നതാണ് തളിപ്പറമ്പിൽ പി.കെ.ശ്യാമളയെ മത്സരിപ്പിക്കാനുളള സിപിഎം തീരുമാനം. ഭർത്താവ് ഒഴിഞ്ഞാൽ ഭാര്യ എന്ന കണക്കിൽ സീറ്റ് വെച്ചുമാറുമ്പോൾ പാർട്ടി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ് കാറ്റിൽ പറത്തപ്പെടുന്നതെന്നാണ് സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ ഉയരുന്ന ആക്ഷേപം.
പാർട്ടിയുടെ സജീവ പ്രവർത്തകരെയും നേതാക്കളെയും തഴഞ്ഞാണ് സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തളിപ്പറമ്പിൽ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.
സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം എൻ.സുകന്യ അടക്കമുളള വനിതാ നേതാക്കളുടെ പേരുകളും തളിപ്പറമ്പിൽ ഉയർന്നുവന്നെങ്കിലും അവരെയെല്ലാം ഒഴിവാക്കിയാണ് കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് എം.വി.ഗോവിന്ദൻെറ ഭാര്യയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ.ശ്യാമളയുടെ പേര് ഒന്നാമതായി നിർദ്ദേശിച്ചത്.
ശ്യാമളയുടെ പേരിനോട് എതിർപ്പുണ്ടെന്നും ജില്ലാ നേതൃത്വം അറിയിച്ചിരുന്നു.എന്നാൽ എതിർപ്പ് അവഗണിച്ചും ശ്യാമളയുടെ പേരുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചചത്. എതിർപ്പുകളെ വകവെക്കുന്നില്ലെന്ന സന്ദേശമാണ് നേതൃത്വം ഇതിലൂടെ നൽകുന്നത്.
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് അടക്കമുളള ആരോപണങ്ങളിൽ ഉലഞ്ഞു നിൽക്കുന്ന കണ്ണൂരിലെ സിപിഎമ്മിലെ പ്രശ്നങ്ങൾ രൂക്ഷമാകാൻ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഇടയാക്കുമെന്നാണ് സൂചന.
തഴയപ്പെട്ടതിലും ഒതുക്കപ്പെട്ടതിലും അതൃപ്തി ഉളള നേതാക്കൾ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പ്രതിഷേധം പ്രകടിപ്പിക്കാനുളള അവസരമാക്കിയെടുക്കാൻ ശ്രമിച്ചേക്കും.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ പരസ്യ നീക്കത്തിന് മുതിർന്നേക്കില്ലെങ്കിലും, തിരഞ്ഞെടുപ്പിൽ പാർട്ടി പ്രതിപക്ഷത്തായി പോയാൽ കണ്ണൂർ പാർട്ടിയിൽ അടിപൊട്ടിയേക്കും.സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ നിന്ന് പുറത്തുവരുന്ന തീരുമാനം അനുസരിച്ച് കണ്ണൂരിലെ പ്രധാന നേതാക്കളായ ഇ.പി.ജയരാജനും പി.ജയരാജനും സീറ്റില്ല.
2019ൽ വടകരയിൽ നിന്ന് ലോക സഭയിലേക്ക് മത്സരിപ്പിച്ച ശേഷം പാർട്ടിയിൽ ഒതുക്കപ്പെട്ട പി.ജയരാജന് പിന്നീട് പാർലമെൻററി പദവികളോ സംഘടനാ പദവികളോ നൽകിയിട്ടില്ല.സീനിയോറിറ്റി ഉണ്ടായിട്ടും സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്ന് മാറ്റിനിർത്തപ്പെട്ട നേതാവാണ് പി.ജയരാജൻ.
പാർട്ടിയിൽ ജൂനിയറായ എം.വി.ജയരാജൻ , പി.ജയരാജനെ മറികടന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റിൽ എത്തിയത്.അടുത്ത സമ്മേളന കാലത്ത് 75 വയസിലേക്ക് എത്തുന്ന പി.ജയരാജന് മത്സരിക്കാൻ ഇനിയൊരവസരമില്ല.
2021ൽ രണ്ട് ടേം നിബന്ധനയുടെ പേരിൽ സീറ്റ് നിഷേധിക്കപ്പെട്ട ഇ.പി.ജയരാജനെ ഇത്തവണയും പരിഗണിച്ചില്ല.ഒരിക്കൽ കൂടി മത്സരിക്കാൻ ആഗ്രഹിച്ച ഇ.പിയെ കണ്ണൂരിലെ ഒരു സീറ്റിലേക്കും പരിഗണിച്ചതേയില്ല.
മത്സര രംഗത്തിറങ്ങാൻ ഇ.പി ജയരാജന് മേൽ അനുയായികളുടെ സമ്മർദ്ദമുണ്ടെങ്കിലും മുഖ്യമന്ത്രിയെ ഭയന്ന് മൌനം പാലിക്കുകയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ മാറ്റിനിർത്തപ്പെട്ട ഡോ.ടി.എം.തേമാസ് ഐസക്കിനും ജി.സുധാകരനും എ,കെ.ബാലനും ഇത്തവണ സീറ്റില്ല.
സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്ന് പിണറായി വിജയനെ കൂടാതെ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, ടി.പി.രാമകൃഷ്ണൻ,വി.എൻ.വാസവൻ, സജി ചെറിയാൻ, പി.എ മുഹമ്മദ് റിയാസ് എന്നിവർ മത്സരിക്കും.എം.സ്വരാജിൻെറ പേര് കുന്ദംകുളത്തും തൃപ്പൂണിത്തുറ തുടങ്ങിയ മണ്ഡലങ്ങളിൽ ഉണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.
പൊന്നാനിയിൽ വഖഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ സ്ഥാനാർത്ഥിയാകും.ജില്ലാ സെക്രട്ടറിമാർ മത്സരിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം.
കൊല്ലം സീറ്റിൽ മത്സരിക്കാൻ കോപ്പുകൂട്ടിയിരുന്ന കൊല്ലം ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ,അരൂരിലോ കായംകുളത്തോ മത്സരിക്കാനിരുന്ന ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസറിനും സീറ്റ് നൽകില്ല.
വർക്കല മണ്ഡലത്തിലെ എം.എൽ.എയായ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെ വീണ്ടും മത്സരിപ്പിക്കണം എന്നാണ് ജില്ലാ സെക്രട്ടേറിയേറ്റിൻെറ നിർദ്ദേശം.എന്നാൽ സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ല.ഞായറാഴ്ച ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റിൽ അന്തിമ തീരുമാനമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us