ചരിത്രത്തെ വളച്ചൊടിച്ചും മിത്തുകളെ യാഥാർഥ്യങ്ങളായി അവതരിപ്പിച്ചും ഉന്നതവിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. സർവകലാശാലകളുടെ സ്വയംഭരണാധികാരം തകർക്കാനും ഭരണഘടനാപരമായ ഫെഡറൽ മൂല്യങ്ങളെ കാറ്റിൽപ്പറത്താനുമുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

ദേശീയ വിദ്യാഭ്യാസനയം 2020ന്‌ പിന്നാലെവന്ന യുജിസി കരട് മാർഗനിർദേശങ്ങൾ, വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ തുടങ്ങിയവ ഉന്നതവിദ്യാഭ്യാസത്തെ ജനാധിപത്യവിരുദ്ധവും കേന്ദ്രീകൃതവുമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

New Update
v sivankutty

തിരുവനന്തപുരം: ചരിത്രത്തെ വളച്ചൊടിച്ചും മിത്തുകളെ യാഥാർഥ്യങ്ങളായി അവതരിപ്പിച്ചും ഉന്നതവിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. 

Advertisment

ദേശീയ വിദ്യാഭ്യാസനയം 2020ന്‌ പിന്നാലെവന്ന യുജിസി കരട് മാർഗനിർദേശങ്ങൾ, വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ തുടങ്ങിയവ ഉന്നതവിദ്യാഭ്യാസത്തെ ജനാധിപത്യവിരുദ്ധവും കേന്ദ്രീകൃതവുമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

സർവകലാശാലകളുടെ സ്വയംഭരണാധികാരം തകർക്കാനും ഭരണഘടനാപരമായ ഫെഡറൽ മൂല്യങ്ങളെ കാറ്റിൽപ്പറത്താനുമുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കണം. അരാഷ്ട്രീയതയുടെയും വർഗീയതയുടെയും പുതിയ രൂപങ്ങൾ ക്യാമ്പസുകൾ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. 

ഇതിനെതിരെ ശാസ്ത്രീയവും മതനിരപേക്ഷവുമായ ബോധം വിദ്യാർഥികളിൽ വളർത്താൻ അധ്യാപകർക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (എകെപിസിടിഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഭാരതത്തിന്റെ മതനിരപേക്ഷതയും ശാസ്ത്രബോധവും വിചാരണ ചെയ്യപ്പെടുന്ന കാലത്ത് വർഗീയമുക്ത ഇന്ത്യ ജനപക്ഷ വൈജ്ഞാനിക കേരളം എന്ന മുദ്രാവാക്യം പ്രസക്തമാണ്. എകെപിസിടിഎ പ്രസിഡന്റ് എ നിശാന്ത് അധ്യക്ഷനായി. 


സ്വാഗതസംഘം ചെയർപേഴ്സൺ വി ജോയി എംഎൽഎ, വിവിധ സംഘടനാ ഭാരവാഹികളായ എം വി ശശിധരൻ, ടി കെ എ ഷാഫി, എ ഷാജഹാൻ, എം വിജയകുമാർ, ഡോ. ടി മുഹമ്മദ് റഫീഖ്, ഹരിലാൽ, എ എം ജുനൈദ്, ഡോ. അബ്ദുൾ വഹാബ്, പ്രൊഫ. ടി കെ ജി നായർ, ടി സുബ്രഹ്മണ്യൻ, ബി ബിജു എന്നിവർ സംസാരിച്ചു. 

മികച്ച കോളേജ് യൂണിയനുള്ള അഭിമന്യു അവാർഡ് തിരുവനന്തപുരം ഗവ. ആർട്സ് കോളേജിന് സമ്മാനിച്ചു. സാഹിത്യമത്സര വിജയികൾക്കും ലോഗോ ഡിസൈനർക്കുമുള്ള ഉപഹാരവും വിതരണം ചെയ്തു.


എകെപിസിടിഎ മുഖപത്രത്തിന്റെ പുതിയ ലക്കം എം വി ശശിധരനും അക്കാദമിക് കമ്മിറ്റി ലഘുലേഖ ടി കെ എ ഷാഫിയും പ്രകാശിപ്പിച്ചു. ആഷ പ്രഭാകരൻ, ഡോ. എൻ രേണുക എന്നിവർ ഏറ്റുവാങ്ങി. യാത്രയയപ്പ് സമ്മേളനം ഡോ. പി കെ ബിജു ഉദ്ഘാടനം ചെയ്തു. 


ആഷ പ്രഭാകരൻ അധ്യക്ഷയായി. പ്രൊഫ. വി എൻ മുരളി, പ്രൊഫ. കെ വിശ്വനാഥൻ, ഡോ. എൻ രേണുക, ഡോ. എസ് സോജു എന്നിവർ സംസാരിച്ചു. തുടർന്ന് കലാ സാംസ്കാരിക സന്ധ്യ നടന്നു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

Advertisment