സിപിഎം നിലപാടിനു പിന്നാലെ നിയമസഭയിൽ മൂന്ന് ടേം പിന്നിട്ടവർക്ക് സീറ്റ് നൽകേണ്ടെന്ന് സിപിഐ. ഇ.ചന്ദ്രശേഖരൻ, ഇ.കെ.വിജയൻ, ചിറ്റയം ഗോപകുമാർ, പി.എസ്.സുപാൽ, വി.ശശി എന്നീ പ്രമുഖ നേതാക്കൾക്ക് ഇക്കുറി സീറ്റില്ല. പാർട്ടി തുടർച്ചായായി തോൽക്കുന്ന പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മണ്ഡലത്തിൽ പൊതു സ്വതന്ത്രനെ പരീക്ഷിക്കാൻ ധാരണ. തൃശൂരിലെ പാർട്ടിയിൽ വലിയ സ്വാധീനമുളള കെ.രാജന് ഒരവസരം കൂടി നൽകാൻ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടേക്കും. മുല്ലക്കര രത്നാകരൻ കരുനാഗപ്പളളിയിൽ മത്സരിച്ചേക്കും

സി.കെ.ചന്ദ്രപ്പൻെറ കാലത്താണ് സിപിഐയിൽ രണ്ട് ടേം നിബന്ധന നടപ്പിലാക്കിയത്. പരക്കെ സ്വീകാര്യത നേടിയ തീരുമാനം പിന്നീട് സിപിഎം അടക്കമുളള രാഷ്ട്രീയ പാർട്ടികൾ പകർത്തി. എന്നാൽ കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത്  രണ്ട് ടേം നിബന്ധനയിൽ  ഇളവ് നൽകി. വിജയസാധ്യത കണക്കിലെടുത്ത് രണ്ട് ടേം പൂർത്തിയാക്കിയവർക്ക് മൂന്നാമതൊരു ടേം കൂടി നൽകാൻ തീരുമാനിക്കുകയായിരുന്നു. 

New Update
cpi

തിരുവനന്തപുരം: ജയസാധ്യതയുളള മണ്ഡലങ്ങളിൽ രണ്ട് ടേം നിബന്ധന കർശനമാക്കാൻ സിപിഎം തീരുമാനിച്ചതിന് പിന്നാലെ  നിയമസഭയിൽ മൂന്ന് ടേം പിന്നിട്ടവർക്ക് സീറ്റ് നൽകേണ്ടെന്ന് സിപിഐയും. 

Advertisment

ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ധാരണ. ബുധനാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊളളും. മൂന്ന് ടേം പിന്നിട്ടവർക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന തീരുമാനം നടപ്പാകുന്നതോടെ ആറ് മണ്ഡലങ്ങളിലെ എം.എൽ.എമാർക്ക് മാറിക്കൊടുക്കേണ്ടിവരും.


കാഞ്ഞങ്ങാട് എം.എൽ.എയും മുൻമന്ത്രിയുമായ ഇ.ചന്ദ്രശേഖരൻ, നാദാപുരം എം.എൽ.എ ഇ.കെ.വിജയൻ,അടൂർ എം.എൽ.എയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ, പുനലൂർ എം.എൽ.എയും സിപിഐ ജില്ലാ സെക്രട്ടറിയുമായ പി.എസ്.സുപാൽ, ചിറയിൻകീഴ് എം.എൽ.എയും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ വി.ശശി എന്നിവർക്കാണ് മാറിനിൽക്കേണ്ടി വരിക.


സി.കെ.ചന്ദ്രപ്പൻെറ കാലത്താണ് സിപിഐയിൽ രണ്ട് ടേം നിബന്ധന നടപ്പിലാക്കിയത്. പരക്കെ സ്വീകാര്യത നേടിയ തീരുമാനം പിന്നീട് സിപിഎം അടക്കമുളള രാഷ്ട്രീയ പാർട്ടികൾ പകർത്തി. 

എന്നാൽ കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത്  രണ്ട് ടേം നിബന്ധനയിൽ  ഇളവ് നൽകി. വിജയസാധ്യത കണക്കിലെടുത്ത് രണ്ട് ടേം പൂർത്തിയാക്കിയവർക്ക് മൂന്നാമതൊരു ടേം കൂടി നൽകാൻ തീരുമാനിക്കുകയായിരുന്നു. 


അങ്ങനെ ഒരു ടേം കൂടി ലഭിച്ചവരാണ് ഇപ്പോൾ പാർലമെൻററി രംഗത്ത് നിന്ന് മാറിനിൽക്കേണ്ടി വരുന്നത്. കാനം രാജേന്ദ്രൻെറ കാലത്തെ പരിഷ്കാരം തിരുത്തിക്കൊണ്ട് ഇത്തവണയും രണ്ട് ടേം നിബന്ധന കർശനമാക്കാനാണ് സംസ്ഥാന സെക്രട്ടേറിയേറ്റിലെ ധാരണ. 


വിജയിക്കാൻ അനിവാര്യർ എന്ന് ജില്ലാ കൌൺസിലുകൾ ശുപാർശ ചെയ്യുന്നവർക്ക് മാത്രം മൂന്നാം ടേം നൽകിയാൽ മതിയെന്നാണ് തീരുമാനം. രണ്ട് ടേം നിബന്ധന കർശനമായി പാലിക്കണമെന്ന തീരുമാനത്തിനൊപ്പം ജില്ലാ കൌൺസിലുകൾ നിന്നാൽ മന്ത്രി കെ.രാജന് മത്സരരംഗത്ത് നിന്ന് മാറിനിൽക്കേണ്ടി വരും.

2016ൽ ഒല്ലൂരിൽ നിന്ന് എം.എൽ.എയായ കെ.രാജൻ നിയമസഭാംഗത്വത്തിൽ പത്ത് കൊല്ലം തികച്ചു കഴിഞ്ഞു. തൃശൂർ ജില്ലയിൽ നിന്ന് തന്നെയുളള കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ.സുനിൽകുമാർ,കയ്പമംഗലം എം.എൽ.എ ഇ.ടി.ടൈസൺ മാസ്റ്റർ എന്നിവർക്കും രണ്ട് ടേം നടപ്പിലാക്കിയാൽ മാറിനിൽക്കേണ്ടിവരും. 


പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിനും രണ്ട് ടേം നിബന്ധനയിൽ മത്സരരംഗത്ത് നിന്ന് പുറത്തുപോകേണ്ടിവരും. എന്നാൽ തൃശൂരിലെ പാർട്ടിയിൽ വലിയ സ്വാധീനമുളള കെ.രാജന് ഒരവസരം കൂടി നൽകാൻ ജില്ലാ കൌൺസിൽ ആവശ്യപ്പെട്ടേക്കും.


പാർട്ടി തുടർച്ചായായി തോൽക്കുന്ന പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മണ്ഡലത്തിൽ പൊതു സ്വതന്ത്രനെ പരീക്ഷിക്കാനാണ് സിപിഐയിലെ ധാരണ. സാമുദായിക സംഘടനകൾക്കിടയിലും പൊതുസമൂഹത്തിലും സ്വീകാര്യതയുളള മുസ്ളിം വിഭാഗത്തിൽ നിന്നുളള സ്വതന്ത്ര സ്ഥാനാർത്ഥിയെ ആകും സിപിഐ മണ്ണാർക്കാട് മണ്ഡലത്തിൽ പരീക്ഷിക്കുക.

വ്യാപാര സംഘടന നേതാവിനെയും സഹകരണ സംഘം പ്രസിഡൻറിനെയുമാണ് സിപിഐ ജില്ലാ നേതൃത്വം കണ്ടുവെച്ചിരിക്കുന്നത്. 2021ൽ തോൽവി പിണഞ്ഞ കൊല്ലം ജില്ലയിലെ കരുനാഗപ്പളളി മണ്ഡലത്തിലും മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്.


കരുനാഗപ്പളളിയിൽ പൊതുസ്വീകാര്യതയുളള പാർട്ടി നേതാവിനെയാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. മുൻ മന്ത്രിയും പ്രഭാഷകനുമായ മുല്ലക്കര രത്നാകരൻെറ പേരാണ് കരുനാഗപ്പളളിയിൽ സജീവമായി കേൾക്കുന്നത്. തൃശൂർ സീറ്റിലും സിപിഐ മാറ്റം ആലോചിക്കുന്നുണ്ട്.


നിയമസഭാംഗത്വത്തിൽ ഒരു ടേം മാത്രം പിന്നിട്ട പി.ബാലചന്ദ്രനാണ് തൃശൂരിലെ എം.എൽ.എ.എന്നാൽ ബാലചന്ദ്രൻെറ പ്രവർത്തനങ്ങളിലും വ്യക്തിപരമായ രീതികളിലും പാർട്ടിക്കുളളിൽ എതിർപ്പുണ്ട്. മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിച്ചില്ലെങ്കിൽ ബിജെപി ജയിക്കാൻ സാധ്യതയുളള മണ്ഡലമാണ് തൃശൂർ. അതുകൊണ്ടുതന്നെ സ്വീകാര്യതയുളള സ്ഥാനാർത്ഥിയെ തേടുകയാണ് സിപിഐ.

Advertisment