തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഡോ.കെ.ടി.ജലീലിനോട് തവനൂരിൽ വീണ്ടും മത്സരിക്കാൻ ആവശ്യപ്പെട്ട് സിപിഎം. ജലീൽ മത്സരിച്ചില്ലെങ്കിൽ മണ്ഡലം കൈവിട്ടുപോകുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. ജില്ലാനേതൃത്വം മുന്നോട്ട് വച്ച എസ്.എഫ്.ഐയുടെ മുൻ അഖിലേന്ത്യാ പ്രസിഡൻറ് വി.പി.സാനുവിൻെറ പേര് സംസ്ഥാന സെക്രട്ടറിയേറ്റ് വെട്ടി. ഇപ്പോഴും മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ജലീൽ മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടാൽ വഴങ്ങിയേക്കും

യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായിരിക്കെ മുസ്ളിം ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് പുറത്തുവന്ന ജലീലിന് ഇപ്പോഴും ലീഗ് വിരുദ്ധർക്കിടയിൽ വീരപരിവേഷമുണ്ട്. ലീഗ് വിരുദ്ധരായ കോൺഗ്രസ് പ്രവർത്തകരുടെ വോട്ടുകൂടി സമാഹരിക്കാൻ കഴിയുന്ന ജലീലിനെ നിർണായകമായ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ മത്സരിപ്പിക്കാതിരിക്കുന്നത് വിജയ സാധ്യതയെ ബാധിക്കുന്നതിന് അപ്പുറം ആത്മഹത്യാപരമാണെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

New Update
img(162)

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച ഡോ.കെ.ടി.ജലീലിനോട് തവനൂരിൽ വീണ്ടും മത്സരിക്കാൻ ആവശ്യപ്പെട്ട് സിപിഎം. മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റിൻെറ പ്രാഥമിക നിർദ്ദേശത്തിൽ ഉൾപ്പെടാതിരുന്ന ജലീലിൻെറ പേര് സിപിഎം സംസ്ഥാന നേതൃത്വമാണ് നിർദ്ദേശിച്ചത്.

Advertisment

ജലീൽ മത്സരത്തിനില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ എസ്.എഫ്.ഐയുടെ മുൻ അഖിലേന്ത്യാ പ്രസിഡൻറ് വി.പി.സാനുവിൻെറ പേരാണ് മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റ് നിർദ്ദേശിച്ചിരുന്നത്. അത് തിരുത്തിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തവനൂരിൽ കെ.ടി.ജലീലിൻെറ പേര് നിർദ്ദേശിക്കുകയും അദ്ദേഹത്തോട് മത്സരത്തിനിറങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. 


ജലീൽ മത്സരിച്ചില്ലെങ്കിൽ മണ്ഡലം കൈവിട്ടുപോകുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. അതേസമയം ജലീലിന് പകരം ജില്ല സെക്രട്ടറിയേറ്റ് പരിഗണിച്ച വിപി സാനു  പൊന്നാനിയിൽ മത്സരിച്ചേക്കും.


കെ.ടി.ജലീലിനെപ്പോലൊരു 'ക്രൗഡ് പുള്ളർ' മാറിനിൽക്കുന്നത് ഇടതുപക്ഷത്തിന് വലിയ വെല്ലുവിളികൾ ഉയർത്താൻ സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് സംസ്ഥാന നേതൃത്വം ഇടപെട്ടത്. ജലീലിന് പകരം പുതിയ സ്ഥാനാർത്ഥിയെ അവതരിപ്പിച്ചാൽ അത് വിജയ സാധ്യതയെ ബാധിക്കുമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന റിപോർട്ട്.

യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായിരിക്കെ മുസ്ളിം ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് പുറത്തുവന്ന ജലീലിന് ഇപ്പോഴും ലീഗ് വിരുദ്ധർക്കിടയിൽ വീരപരിവേഷമുണ്ട്. ലീഗ് വിരുദ്ധരായ കോൺഗ്രസ് പ്രവർത്തകരുടെ വോട്ടുകൂടി സമാഹരിക്കാൻ കഴിയുന്ന ജലീലിനെ നിർണായകമായ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ മത്സരിപ്പിക്കാതിരിക്കുന്നത് വിജയ സാധ്യതയെ ബാധിക്കുന്നതിന് അപ്പുറം ആത്മഹത്യാപരമാണെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.


തവനൂരിൽ  പാർട്ടിക്കതീതമായ  വ്യക്തിബന്ധം ഉളള ജലീലിന് പകരം പുതുമുഖത്തെ ഇറക്കുമ്പോൾ ആ വോട്ടുകൾ സമാഹരിക്കുക പ്രയാസകരമായേക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.മുസ്‌ലിം ലീഗ് നേതൃത്വത്തെ ശക്തമായി കടന്നാക്രമിക്കുന്ന ജലീലിന്റെ സാന്നിധ്യം ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.


കഴിഞ്ഞ 15 വർഷത്തിനിടെ തവനൂരിൽ കൊണ്ടുവന്ന അടിസ്ഥാന സൗകര്യ വികസനങ്ങൾ ജലീലിന്റെ വലിയ പ്ലസ് പോയിന്റാണ്.സ്വതന്ത്രനാണെങ്കിലും സി.പി.എമ്മിന്റെ കേഡർ സംവിധാനത്തിന്റെ പൂർണ്ണ പിന്തുണ അദ്ദേഹത്തിനുണ്ട്. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ അദ്ദേഹത്തിന് ആരാധകരെയും ഉറച്ച വോട്ടർമാരെയും നേടിക്കൊടുത്തിട്ടുണ്ട്.

എന്നാൽ ചില വെല്ലുവിളികളും തവനൂരിൽ ജലീലിനെ കാത്തിരിക്കുന്നുണ്ട്. ദീർഘകാലം ഒരേ ആൾ തന്നെ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് വോട്ടർമാർക്കിടയിൽ സ്വാഭാവികമായ മടുപ്പുണ്ടാക്കാം.സംസ്ഥാന സർക്കാരിന് എതിരായ ഭരണവിരുദ്ധവികാരം കൂടിയാകുമ്പോൾ ഇത് കടുക്കും. ലോകായുക്ത വിധിയും മുൻപുണ്ടായ മറ്റ് വിവാദങ്ങളും രാഷ്ട്രീയമായി ആയുധമാക്കാൻ പ്രതിപക്ഷം ശ്രമിക്കും.


ഇത് കൂടാതെ വിരമിക്കൽ ആനുകൂല്യവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് ജലീലിന് എതിരെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. 2016-ൽ 17,000-ൽ പരം വോട്ടുകൾക്ക് ജയിച്ച ജലീലിന്റെ ഭൂരിപക്ഷം 2021-ൽ 2,564 ആയി കുറഞ്ഞു. 


ഇത് മണ്ഡലത്തിലെ കടുത്ത പോരാട്ടത്തിന്റെ സൂചനയാണ് നൽകുന്നത്.ഇത്തവണ ജലീലിനെ പരാജയപ്പെടുത്തിയേ തീരുവെന്ന ഉറച്ച ആവശ്യത്തിൽ നിൽക്കുന്ന മുസ്ളീംലീഗ് തവനൂരിൽ കൈയ്യും മെയ്യും മറന്ന് പൊരുതാനിറങ്ങും.ജലീലിനെ മുട്ടുകുത്തിക്കേണ്ടത് തങ്ങളുടെ അഭിമാന പ്രശ്നമായാണ് ലീഗ് നേതാക്കളും പ്രവർത്തകരും കാണുന്നത്.

മൂന്ന് തവണ തവനൂരിനെ പ്രതിനിധീകരിച്ച ഡോ. കെ.ടി. ജലീൽ ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടാകുമോ എന്നത് കേരള രാഷ്ട്രീയത്തിലെ പ്രധാന ചോദ്യങ്ങളിലൊന്നാണ്. 2024 സെപ്റ്റംബറിൽ താൻ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നു. 


എന്നാൽ 2026-ലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഈ തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുമോ അതോ പാർട്ടി നിർദ്ദേശപ്രകാരം വീണ്ടും മത്സരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും തവനൂരിലെ രാഷ്ട്രീയ ചിത്രം.


ഇപ്പോഴും മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ജലീൽ മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടാൽ വഴങ്ങാൻ സാധ്യതയുണ്ടെന്നാണ് സൂചന.സിപിഎം സംസ്ഥാന നേതൃത്വവും ഇതിനകം ജലീലിനോട് സംസാരിച്ചുകഴിഞ്ഞു.മുഖ്യമന്ത്രി കൂടി സംസാരിക്കുന്നതോടെ തവനൂരിൽ നാലാം മത്സരത്തിനായി ഡോ.കെ.ടി.ജലീൽ ഇറങ്ങും.

2009ലെ മണ്ഡല പുനർനിർണയത്തിൽ രൂപപ്പെട്ട തവനൂർ നിയമസഭാ മണ്ഡലത്തെ ആദ്യ മത്സരം മടന്ന 2011 മുതൽ കെ.ടി.ജലീലാണ് പ്രതിനീധീകരിക്കുന്നത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വീശിയടിച്ച വി.എസ്.തരംഗത്തിൽ കുറ്റിപ്പുറം മണ്ഡലത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ചുകൊണ്ടായിരുന്നു കെ.ടി.ജലീൽ ആദ്യമായി നിയമസഭയിൽ എത്തിയത്.


2011 മുതൽ തവനൂരിൽ നിന്ന് മത്സരിക്കുന്ന ജലീൽ മണ്ഡലത്തിലെ ആദ്യ പോരിൽ  6,854 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.2016ൽ ഇടത് തരംഗത്തിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ച ജലീൽ 17,064 വോട്ടിനാണ് വെന്നിക്കൊടി പാറിച്ചത്.2021ൽ ഫിറോസ് കുന്നംപറമ്പിലിനോട് ഏറ്റുമുട്ടിയപ്പോൾ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു.


2,564 വോട്ടിൻെറ ഭൂരിപക്ഷമേ ലഭിച്ചുളളു.മലപ്പുറത്തെ മറ്റു മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി മുസ്ളീം ഇതര വോട്ടർമാർക്ക് കൂടി പ്രാമുഖ്യമുളള സ്ഥലമാണ് തവനൂർ.സാമുദായിക സമവാക്യങ്ങളെ കൂടി ഉപയോഗപ്പെടുത്താൻ കഴിയുന്ന സ്ഥാനാർത്ഥിയെ യുഡിഎഫ് അണിനിരത്തിയാൽ ജലീലിന് കടുത്ത മത്സരം നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്.

Advertisment