/sathyam/media/media_files/2026/03/04/img170-2026-03-04-00-07-29.png)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസും മുസ്ളിം ലീഗും തമ്മിൽ ധാരണയിലെത്തി.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 27 സീറ്റുകൾ തന്നെ ലീഗിന് ലഭിച്ചു. കഴിഞ്ഞ തവണ മത്സരിച്ച രണ്ട് സീറ്റുകൾ കോൺഗ്രസിന് നൽകി പകരം മറ്റ് രണ്ട് സീറ്റുകൾ ഏറ്റെടുക്കും.
ലീഗ് തുടർച്ചയായി തോറ്റുകൊണ്ടിരിക്കുന്ന കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സീറ്റും പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റുമാണ് കോൺഗ്രസിന് വിട്ടുകൊടുക്കുന്നത്.
തിരുവമ്പാടിക്ക് പകരം പാലക്കാട് ജില്ലയിൽ കോൺഗ്രസ് മത്സരിച്ച് തോറ്റുകൊണ്ടിരിക്കുന്ന പട്ടാമ്പി സീറ്റ് ലീഗ് ഏറ്റെടുക്കും.സംവരണ മണ്ഡലമായ കോങ്ങാടിന് പകരം കോഴിക്കോട് ജില്ലയിലെ സംവരണ മണ്ഡലമായ ബാലുശേരി സീറ്റും ലീഗ് ഏറ്റെടുക്കും.
ലീഗ് സ്ഥാനാർത്ഥിക്ക് പകരം കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ വിജയിക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് തിരുവമ്പാടി സീറ്റ് വെച്ചുമാറുന്നത്.തിരുവമ്പാടിയിൽ കോൺഗ്രസ് മത്സരിക്കുന്നതോടെ സാമുദായിക സന്തുലനവും പാലിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
മുസ്ളീം ന്യൂനപക്ഷത്തിന് പുറമേ ക്രൈസ്തവ വിഭാഗത്തിന് കൂടി ശക്തമായ സ്വാധീനമുളള മണ്ഡലമാണ് തിരുവമ്പാടി. എൽ.ഡി.എഫ് ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചാണ് വിജയം കൊയ്യുന്നത്.ഈ സാഹചര്യത്തിലാണ് സാമുദായിക സന്തുലനം പാലിക്കാൻ യുഡിഎഫ് നേതൃത്വത്തിൽ ധാരണയായത്.
തിരുവമ്പാടിയിൽ കോൺഗ്രസിൻെറ സ്ഥാനാർത്ഥിയും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നായിരിക്കും.കോങ്ങാട് മണ്ഡലത്തിൽ മത്സരിക്കാൻ പറ്റിയ സ്ഥാനാർത്ഥി ഇല്ലാത്തത് കൊണ്ടാണ് ആ സീറ്റ് വിട്ടുകൊടുക്കാൻ ലീഗ് തയ്യാറായത്.
സംവരണസീറ്റുകൾ ഉപേക്ഷിക്കുന്നുവെന്ന പഴി ഒഴിവാക്കുന്നതിന് വേണ്ടിയാണ് കോങ്ങാടിന് പകരം സംവരണമണ്ഡലമായ ബാലുശേരി സീറ്റ് തന്നെ എടുക്കുന്നത്. തിരുവമ്പാടി വിട്ടുകൊടുക്കുമ്പോൾ കുറവ് വരുന്ന കോഴിക്കോട് ജില്ലയിലെ ലീഗ് പ്രാതിനിധ്യം ബാലുശേരി ഏറ്റെടുക്കുന്നതിലൂടെ ബാലൻസ് ചെയ്യാനും കഴിയുമെന്നതും തീരുമാനത്തിലേക്ക് നയിച്ചു.
പാലക്കാട് കോങ്ങാട് സീറ്റ് നഷ്ടമാകുമ്പോൾ സംഭവിക്കുന്ന നഷ്ടം പട്ടാമ്പി ലഭിച്ചതിലൂടെയും പരിഹരിക്കപ്പെടുകയും ചെയ്തു.മൊത്തം 27 സീറ്റുകളിൽ മത്സരിക്കുന്ന മുസ്ളീം ലീഗിൻെറ രണ്ട് സീറ്റുകൾ സംവരണ സീറ്റുകളാണ്. മുൻപ് കുന്ദമംഗലം സംവരണ സീറ്റിൽ യു.സി.രാമനെ മത്സരിച്ച് ജയിപ്പിച്ച പാരമ്പര്യമുളള പാർട്ടിയാണ് മുസ്ളീം ലീഗ്.
25 സീറ്റിൽ പാർട്ടി ചിഹ്നമായ കോണിയിലും സംവരണ സീറ്റുകളിൽ സ്വതന്ത്ര ചിഹ്നത്തിലുമായിരക്കും ലീഗ് ഇത്തവണയും മത്സരിക്കുക.കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രം വനിതയെ മത്സരിപ്പിച്ച ലീഗ് ഇത്തവണ രണ്ട് സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കാനാണ് ഒരുങ്ങുന്നത്.
സ്ത്രീകളെ മത്സരിപ്പിക്കുന്നതിനെ സമുദായ നേതൃത്വം എതിർക്കാറുണ്ടെങ്കിലും ലിംഗ സമത്വം പ്രധാന വിഷയമായി കണക്കാക്കുന്ന പുതിയ കാലത്ത് അതൊന്നും കണക്കിലെടുക്കേണ്ടെന്നാണ് ലീഗ് നേതൃത്വത്തിൻെറ തീരുമാനം.
തിരുവമ്പാടി ലീഗിൽ നിന്ന് ഏറ്റെടുത്ത സാഹചര്യത്തിൽ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാരാകും എന്നത് സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ സജീവമായി.മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.ജോയി തിരുവമ്പാടിയിൽ സ്ഥാനാർത്ഥിയാകാനാണ് സാധ്യത.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൌക്കത്തിന് വേണ്ടി സീറ്റ് ത്യജിച്ച വി.ജോയിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ അനുയോജ്യമായ സീറ്റ് നൽകാമെന്ന് അന്നേ നേതൃത്വം ഉറപ്പ് നൽകിയിരുന്നതാണ്.
തിരുവമ്പാടി നൽകിയാൽ വാക്ക് പാലിച്ചെന്ന് നേതൃത്വത്തിന് അവകാശപ്പെടാനുമാവും. എന്നാൽ ജില്ലക്ക് പുറത്തുനിന്നുളള ജോയിക്ക് സീറ്റ് നൽകുന്നതിനെ കോഴിക്കോട് ജില്ലാ നേതൃത്വം എതിർക്കാൻ സാധ്യതയുണ്ട്.
ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുളള നേതാവാണെങ്കിലും ജോയിയുടെ സഭക്ക് മണ്ഡലത്തിൽ വലിയ സ്വാധീനമില്ലാത്തതും എതിർഘടകകമാണ്.
ജോയി പെന്തക്കൊസ്ത് വിഭാഗത്തിൽ നിന്നുളളയാളാണ്.എന്നാൽ വന്യജീവി ആക്രമണം പോലുളള മലയോര ജനതയെ ബാധിക്കുന്ന വിഷയങ്ങളിൽ ശക്തമായി പോരാടിയത് ജോയിക്ക് അനുകൂല ഘടകമാകും.എൽ.ഡി.എഫിലെ സിറ്റിങ്ങ് എം.എൽ.എ ലിൻേറാ ജോസഫാകും തിരുവമ്പാടി മണ്ഡലത്തിൽ വി.എസ്.ജോയിയുടെ മുഖ്യ എതിരാളി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us