/sathyam/media/media_files/2024/11/30/7cCtsbF2ydV55Ujmx3yf.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ മുതിർന്ന നേതാവ് ജി. സുധാകരൻ നാളെ പത്രസമ്മേളനം നടത്തില്ല. പാർട്ടി ദേശിയ നേതൃത്വം ഇടപെട്ട് നടത്തിയ അനുരഞ്ജന നീക്കങ്ങൾക്ക് ഒടുവിലാണ് വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പത്രസമ്മേളനം മാറ്റിവെക്കാൻ ജി.സുധാകരൻ തയാറായത്.
സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങൾക്കായി തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്ന പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി നേരിട്ട് ജി.സുധാകരനെ വിളിച്ചുവെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.
എ.സി റോഡ് നവീകരണത്തിൻെറ ഉൽഘാടന പരിപാടിക്കായി വെളളിയാഴ്ച ആലപ്പുഴയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ജി.സുധാകരനെ കാണുകയോ, പാർട്ടി ഓഫീസിലേക്ക് വിളിപ്പിക്കുകയോ ചെയ്യും എന്നും പാർട്ടി നേതാക്കൾ സൂചന നൽകി.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായും ജില്ലാ സെക്രട്ടറി ആർ.നാസറുമായും ഇടഞ്ഞുനിൽക്കുന്ന സുധാകരൻ, ജനറൽ സെക്രട്ടറിയുടെ അനുനയ നീക്കങ്ങൾക്ക് വഴങ്ങിയെന്ന സൂചന നൽകിയത് സിപിഎമ്മിന് വലിയ ആശ്വാസമായി. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തിൽ ജി.സുധാകരൻ പാർട്ടിക്കെതിരെ തിരിഞ്ഞാൽ അത് കുറഞ്ഞപക്ഷം ജില്ലയിലെ വിജയസാധ്യതകളെയെങ്കിലും ബാധിക്കുമെന്ന് നേതൃത്വത്തിന് നന്നായറിയാം.
അഴിമതി വിരുദ്ധ പ്രതിഛായയും പൊതുസമൂഹത്തിൻെറ അംഗീകാരവുമുളള ജി.സുധാകരന് ജില്ലയിലൂടനീളം പാർട്ടിക്കകത്തും വലിയ സ്വാധീനമുണ്ട്.എറണാകുളം സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് വരെ ആലപ്പുഴയിലെ സിപിഎമ്മിലെ അവസാനവാക്കായിരുന്നു ജി.സുധാകരൻ.
എല്ലാ മേഖലയിലുളള സംഘടന നേതൃത്വവുമായും സുധാകരന് അടുപ്പമുണ്ട്. പാർട്ടിയുടെ സംഘടനാ മെഷിനറി എങ്ങനെയാണ് ചലിക്കുന്നതെന്നും അതിൻെറ ശക്തി ദൌർബല്യങ്ങൾ എന്തൊക്കെയാണെന്നും നന്നായറിയുന്ന ജി.സുധാകരനെ രാഷ്ട്രീയ എതിരാളികൾ ഉപയോഗിക്കാൻ ശ്രമിച്ചാൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും സിപിഎം നേതൃത്വത്തിന് ബോധ്യമുണ്ട്.
അതുകൊണ്ടാണ് പാർട്ടി അംഗത്വം പുതുക്കില്ലെന്ന ഫേസ് ബുക്ക് പോസ്റ്റിന് പിന്നാലെ തന്നെ ജില്ലാ സെക്രട്ടറി ആർ.നാസർ, ഇടഞ്ഞ് നിൽക്കുന്ന ജി.സുധാകരനെ ഫോണിൽ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചത്.
എന്നാൽ ജില്ലാ സെക്രട്ടറി ആർ.നാസറിൻെറ ഫോൺ എടുക്കാൻ കൂട്ടാക്കാതിരുന്ന ജി. സുധാകരൻ പിന്നീട് വീടും ഗേറ്റും താഴിട്ടുപൂട്ടിയ ശേഷം പുറത്തുപോയി.വീട്ടിലേക്ക് പാർട്ടി നേതാക്കൾ വരുന്നത് ഒഴിവാക്കാനാണ് അങ്ങനെ ചെയ്തതെന്നാണ് സൂചന.
ഇതിന് ശേഷമാണ് ജനറൽ സെക്രട്ടറി എം.എ.ബേബി തന്നെ അനുനയശ്രമവുമായി രംഗത്തിറങ്ങിയത്.
ഏഴാം തീയതിവരെ കാക്കണമെന്നും അതുവരെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടികളിലേക്ക് പോകരുതെന്നുമാണ് ജനറൽ സെക്രട്ടറി ബേബി സുധാകരനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പാർട്ടി നേതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം.
വ്യാഴാഴ്ച നടത്താനിരുന്ന പത്രം സമ്മേളനം മാറ്റിവെച്ചതോടെ കടുത്ത നിലപാടിൽ നിന്ന് സുധാകരൻ അയയുന്നു എന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം.
പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ച ജി.സുധാകരൻ പാർട്ടിയുമായുളള ഔപചാരികമായ എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്നു എന്ന സൂചനയാണ് നൽകിയത്.
പാർട്ടി ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞ സുധാകരൻ ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുമെന്നും എഫ് ബി പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
രാഷ്ട്രീയ വാതിൽ തുറന്നിട്ടുകൊണ്ടുളള ജി.സുധാകരൻെറ സമീപനം രാഷ്ട്രീയ എതിരാളികൾക്ക് ഉപയോഗപ്പെടുത്താനാവുന്നതായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്രനായി മത്സരിക്കാനുളള സാധ്യതവരെ തുറന്നിടുന്നതായിട്ടാണ് സുധാകരൻെറ ഈ സമീപനത്തെ രാഷ്ട്രീയ വൃത്തങ്ങൾ നിരീക്ഷിച്ചത്.
സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടശേഷം പാർട്ടി നേതൃത്വവുമായി അസ്വാരസ്യത്തിലുളള സുധാകരനെ കടുത്ത നിലപാടിലേക്ക് തളളിവിട്ടത് സംസ്ഥാന സെക്രട്ടറിയുടെ പരാമർശമാണ്.
സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം, ഫെബ്രുവരി 28ന് എംവി ഗോവിന്ദൻ നടത്തിയ പരാമർശമാണ് ജി സുധാകരനെ ചൊടിപ്പിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സുധാകരനെ പരിഗണിക്കുന്നുണ്ടോയെന്ന മാധ്യമ പ്രവർത്തകൻെറ ചോദ്യത്തിന് ഒരു പരിഗണനയുമില്ല എന്നായിരുന്നു എം.വി.ഗോവിന്ദൻെറ പെട്ടെന്നുളള പ്രതികരണം.
നാളുകളായി ജില്ലാ നേതൃത്വത്തിൽ നിന്ന് നേടുന്ന അവഗണനയ്ക്ക് പുറമേ സംസ്ഥാന സെക്രട്ടറി കൂടി തള്ളിപ്പറഞ്ഞതോടെയാണ് ജി സുധാകരൻ പൊട്ടിത്തെറിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us