കേരള ജീനോം ഡാറ്റ സെന്ററിന് തുടക്കം; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

ആരോഗ്യ പരിചരണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള കെയർ എക്കോണമിയിലേക്കും കുടുംബശ്രീ ചുവടുവെക്കുകയാണ്. ഇതിന്റെ ഭാഗമായി 'സാന്ത്വനമിത്രം' പദ്ധതിയിലൂടെ കെയർ ഗിവർമാർക്ക് വിദഗ്ധ പരിശീലനം നൽകി സേവനം ആവശ്യമായ കുടുംബങ്ങളിലേക്ക് എത്തിക്കും. 

New Update
img(185)

തിരുവനന്തപുരം: കിഫ്ബിയുടെ ധനസഹായത്തോടെ സ്ഥാപിക്കുന്ന   കേരള ജീനോം ഡേറ്റാ സെന്ററിന്റെ (കെ.ജി.ഡി.സി) ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിച്ചു. 

Advertisment

ഇതോടൊപ്പം 102 സ്‌കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്.ഡി.പി.കെ) സെന്ററുകളുടെ ഉദ്ഘാടനം, ആരോഗ്യവകുപ്പിനായുള്ള 'ജീവധാര' രക്തദാന പോർട്ടലിന്റെ ലോഞ്ച്, വിജ്ഞാനകേരളം ഉന്നതി പദ്ധതിയിലൂടെ തൊഴിൽ ലഭിച്ചവർക്കുള്ള നിയമന ഉത്തരവ് കൈമാറൽ, വിജ്ഞാന കേരളം കുടുംബശ്രീയുമായി ചേർന്ന് നടപ്പാക്കുന്ന സാന്ത്വനമിത്രം, സ്‌കിൽ@കാൾ പരിപാടികളുടെ  ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിച്ചു.

കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിസ്മയകരവും സമഗ്രവുമായ മാറ്റങ്ങളുടെ ഉദാഹരണമാണ് ഈ പദ്ധതികളെന്ന് മന്ത്രി  പറഞ്ഞു. 

വൈവിധ്യമാർന്ന മേഖലകളിൽ സർക്കാർ നടത്തുന്ന ഇടപെടലുകൾ കേരളത്തെ വിജ്ഞാനസമൂഹമായി മാറ്റുകയാണ്. കുടുംബശ്രീ എന്ന മഹാപ്രസ്ഥാനം കേവലം സംരംഭങ്ങളിൽ മാത്രം ഒതുങ്ങാതെ, വേതനാധിഷ്ഠിതമായ തൊഴിലുകളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. 

ഇതിന്റെ ഭാഗമായി കുടുംബശ്രീയും വിജ്ഞാനകേരളവും സംയുക്തമായി നടത്തിയ തൊഴിൽ ക്യാമ്പയിനിലൂടെ ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ 78,000 സ്ത്രീകൾക്ക് തൊഴിൽ നൽകാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഡോ. ടി. എം. തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള വിജ്ഞാനകേരളത്തിന്റെ ക്രിയാത്മകമായ ഇടപെടലുകൾ ഇതിന് കരുത്തേകിയെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ പരിചരണ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള കെയർ എക്കോണമിയിലേക്കും കുടുംബശ്രീ ചുവടുവെക്കുകയാണ്. ഇതിന്റെ ഭാഗമായി 'സാന്ത്വനമിത്രം' പദ്ധതിയിലൂടെ കെയർ ഗിവർമാർക്ക് വിദഗ്ധ പരിശീലനം നൽകി സേവനം ആവശ്യമായ കുടുംബങ്ങളിലേക്ക് എത്തിക്കും. 

ഐ.ടി.ഐ പഠനം കഴിഞ്ഞ സ്ത്രീകളെ ഉൾപ്പെടുത്തി 'സ്‌കിൽ@കാൾ' എന്ന പേരിൽ മൾട്ടി സ്‌കിൽ ടീമുകൾ രൂപീകരിക്കും. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് റിപ്പയറിംഗ്, പ്ലംബിംഗ്, ഗാർഡനിങ്, ലാൻഡ്സ്‌കേപ്പിങ്  ഉൾപ്പെടെയുള്ള സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.

കാർഷിക ഉൽപ്പന്നങ്ങളെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാൻ 180ൽ അധികം ആധുനിക  സാങ്കേതികവിദ്യകളാണ് കുടുംബശ്രീ സ്വന്തമാക്കിയത്. ഇതിലൂടെ മുപ്പതോളം ഉൽപ്പന്നങ്ങൾ  വിപണിയിലെത്തിച്ചു. ഇതിനു വലിയ സ്വീകാര്യത വിപണിയിൽ ലഭിച്ചു. ഇനിയും 150ൽ അധികം ഉത്പന്നങ്ങൾ വരൻ ഇരിക്കുന്നു. 

കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സൂപ്പർ മാർക്കറ്റുകളിൽ പ്രത്യേക ഷെൽഫുകൾ ഒരുക്കാൻ വിതരണക്കാരുടെ സംഘടനയുമായി ധാരണയിലെത്തുകയും അത്തരത്തിൽ വിപണനം നടത്തുകയും ചെയ്യുന്നു.

ഐ.സി.എ.ആർ, സി.എസ്.ഐ.ആർ തുടങ്ങിയ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ കുടുംബശ്രീ അതിന്റെ പ്രവർത്തനങ്ങളെ വൈവിധ്യവൽക്കരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

500 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന കേരള ജീനോം ഡാറ്റ സെന്ററിന്റെ ഒന്നാം ഘട്ടം 100 കോടി രൂപയ്ക്കാണ് പൂർത്തിയാക്കിയത്. അപൂർവ്വ രോഗങ്ങളുടെ നിർണ്ണയം, കാൻസർ ചികിത്സ, കാർഷിക വിളകളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ ഈ കേന്ദ്രം നിർണ്ണായകമാകും.

Advertisment