അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചാൽ അരലക്ഷം വോട്ടിന് ജയിക്കുമെന്ന് ജി.സുധാകരൻ. പാർട്ടി വിട്ട് സ്വതന്ത്രനായാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ നിർത്താതെ പിന്തുണയ്ക്കും. യു.ഡി.എഫ് വോട്ടും സി.പി.എമ്മിലെ അസ്വസ്ഥരുടെ വോട്ടും കൂടിയാവുമ്പോൾ സുധാകരന് ജയം അപ്രാപ്യമല്ല. എച്ച്.സലാമിനെതിരേ പാർട്ടിയിലെ എതിർപ്പും സുധാകരന് ഗുണംചെയ്യും. അനുനയത്തിന് പലവഴിക്ക് ശ്രമിച്ചിട്ടും വഴങ്ങാതെ സുധാകരൻ. പി.കെ.ശശിയുടെയും സുധാകരന്റെയും സ്വതന്ത്രമത്സര പരീക്ഷണം തുടർന്നാൽ പാർട്ടിക്ക് കനത്ത വെല്ലുവിളി

43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ജില്ലാ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി ആർ.നാസർ അന്വേഷിച്ചിട്ടില്ല. 

New Update
g sudhakaran

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കെ, പാർട്ടിയുമായി തെറ്റി അമ്പലപ്പുഴയിൽ ജി.സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും യു.ഡി.എഫ് പിന്തുണയ്ക്കുകയും ചെയ്താൽ സി.പി.എമ്മിന് സിറ്റിംഗ് സീറ്റിൽ അടിപതറുമെന്ന് പാർട്ടിക്ക് ആശങ്ക.

Advertisment

63 വർഷം നീണ്ട പാർട്ടി അംഗത്വം ഉപേക്ഷിച്ച് സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് സൂചന. അങ്ങനെയങ്കിൽ സി.പി.എമ്മിന് അത് കടുത്ത വെല്ലുവിളിയായി മാറും.


അമ്പലപ്പുഴയിലെ നിലവിലെ എം.എൽ.എ എച്ച് സലാമിനെതിരേ പാർട്ടിയിൽ എതിർപ്പ് ശക്തമാണ്. ഇതിനൊപ്പം പാർട്ടി വോട്ടുകളിൽ ഒരു ഭാഗം കൂടി യു.ഡി.എഫ് വോട്ടുകൾക്കൊപ്പം ചേർക്കപ്പെടാനായാൽ സ്വതന്ത്രനായി സുധാകരൻ ജയിച്ചു കയറുമെന്നാണ് വിലയിരുത്തൽ. 


സുധാകരനും പി.കെ.ശശിയും പാർട്ടിയിൽ നിന്ന് വിട്ട് സ്വതന്ത്ര സ്ഥാനാർത്ഥികളാവുന്നത് മാതൃകയാക്കി നിരവധി നേതാക്കൾ പാർട്ടി വിടാനിടയുണ്ടെന്നും വിലയിരുത്തലുണ്ട്.

സുധാകരൻ സ്വതന്ത്രനായി കളത്തിലിറങ്ങിയാൽ ആലപ്പുഴ ജില്ലയിലാകെ   ഇടതുമുന്നണിക്ക് തിരിച്ചടിയാവുമെന്നുറപ്പാണ്.

സിപിഎം ജില്ലാ, സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗവുമായി കഴിഞ്ഞ കുറേ നാളുകളായി ഉടക്കിലാണ് സുധാകരൻ.

പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന വിവരം ഫേസ്ബുക്കിലൂടെ പരസ്യമാക്കിയ സുധാകരൻ, പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് തുറന്നടിച്ചത്. പാർട്ടി നേതൃത്വത്തിനാകെ ഇത് വെല്ലുവിളിയായി മാറുമെന്നുറപ്പാണ്. 

മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ലെന്ന അർത്ഥം വരുന്ന പ്രയോഗം നടത്തി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കളിയാക്കി ചിരിച്ചു.


43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ജില്ലാ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി ആർ.നാസർ അന്വേഷിച്ചിട്ടില്ല. 


കഴിഞ്ഞ അഞ്ചുവർഷക്കാലവും ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനും ജില്ലാ സെക്രട്ടറി അനുമതി നൽകിയില്ല.

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം തന്റെ വീടിനടുത്ത് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബി.ഐ.ആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേയൊരാളായ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ല.

തന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽ.സി മെമ്പർ പോസ്റ്റിട്ടു. അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്- ഇതൊക്കെയാണ് സുധാകരൻ തുറന്നടിച്ച മറ്റ് കാര്യങ്ങൾ.

ബ്രാഞ്ച് സെക്രട്ടറി നേരിട്ടെത്തിയിട്ടും അംഗത്വം പുതുക്കുന്നില്ലെന്ന് സുധാകരൻ അറിയിച്ചിരുന്നു. ജി.സുധാകരൻ ഒഴികെ 18 അംഗംങ്ങളിൽ 17 പേരുടെയും ഫോം ജില്ലാ കമ്മിറ്റിക്ക് നൽകിയിട്ടുമുണ്ട്.


യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിനു പകരം സുധാകരൻ സ്വന്തം നിലയിൽ സ്വതന്ത്രനായി രംഗത്തുവരികയും യുഡിഎഫ് പിന്തുണയ്ക്കുകയും ചെയ്യാനുള്ള സാധ്യതയാണ് തെളിയുന്നത്. 


ഏറെക്കാലമായി സുധാകരനെ ഒതുക്കാനുള്ള നീക്കങ്ങൾ സജീവമാണ്. മന്ത്രിയായിരുന്നപ്പോൾ തുടങ്ങിവച്ച പല പദ്ധതികളുടെയും ഉദ്ഘാടനത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.

ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. അതിനിടെ കോൺഗ്രസ് അനുകൂല വേദികളിലെത്തിയ സുധാകരൻ വി.ഡി സതീശനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു.

താൻ ദേവസ്വം മന്ത്രിയായിരുന്നപ്പോൾ ശബരിമലയിലെ ഒരു സ്വ‌ർണപ്പാളിയും ആരും കൊണ്ടുപോയിട്ടില്ലെന്നും ഒരു അഴിമതിയും നടന്നിട്ടില്ലെന്നുമുള്ള പ്രതികരണം പാർട്ടിയെയും സർക്കാരിനെയും ഒരുപോലെ പ്രതിരോധത്തിലാക്കി.


മുൻകാലങ്ങളിലെ ജനപിന്തുണ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇപ്പോഴുണ്ടോയെന്ന സുധാകരന്റെ പൊതുവേദിയിലെ ചോദ്യവും പാർട്ടിക്ക് തിരിച്ചടിയായി.  അനുനയത്തിന് സി.പി.എം ശ്രമിച്ചെങ്കിലും സുധാകരൻ വഴങ്ങുന്ന മട്ടില്ല.


താൻ അമ്പലപ്പുഴയിൽ മത്സരിച്ചാൽ അൻപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പലതവണ ജി.സുധാകരൻ പറഞ്ഞിട്ടുണ്ട്.

മണ്ഡലത്തിൽ കഴിഞ്ഞകാലങ്ങളിൽ വൻ വികസനം നടത്തിയ തനിക്കാണ് കൂടുതൽ ജയസാധ്യതയെന്നാണ് സുധാകരൻ അടുപ്പക്കാരോട് പറയുന്നത്.  നിലവിൽ ജില്ലാ സെക്രട്ടറിയേറ്റംഗം എച്ച്.സലാമാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

സിറ്റിംഗ് എം.എൽ.എയ്ക്ക് വീണ്ടും മത്സരിക്കാൻ അവസരം നൽകാനാണ് പാർട്ടി തീരുമാനം. അച്ചടക്ക നടപടികളും പരസ്യ വിമർശനങ്ങളും അദ്ദേഹത്തെ പാർട്ടിയുടെ മുഖ്യധാരയിൽ നിന്ന് അകറ്റിയെങ്കിലും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ഉറച്ച വിശ്വാസമുണ്ടെന്നാണ് അദ്ദേഹം ആവർത്തിച്ചിരുന്നത്. 

എന്നാൽ, പുതിയ സാഹചര്യത്തിൽ അതിനപ്പുറത്തേക്ക് സുധാകരൻ മാറിച്ചിന്തിക്കുന്നുവെന്ന സൂചനകളാണ് ഫേസ്ബുക് പോസ്റ്റിലുള്ളത്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പോടെയാണ് ജി. സുധാകരനും പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾക്കും പരസ്യഏറ്റുമുട്ടലുകൾക്കും തുടക്കമായത്.


രണ്ടുതവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന പാർട്ടിയുടെ നയപരമായ തീരുമാനത്തെതുടർന്ന് അമ്പലപ്പുഴയിൽ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. 


സ്ഥാനാർഥിയായ എച്ച്. സലാമിനെ സുധാകരൻ സഹായിച്ചില്ലെന്നും പ്രചാരണത്തിൽ നിർജീവമായെന്നും തെരഞ്ഞെടുപ്പിന് ശേഷം പരാതി ഉയർന്നു. 

 ഇക്കാര്യം അന്വേഷിക്കാൻ എളമരം കരീം, കെ.ജെ. തോമസ് എന്നിവരടങ്ങിയ കമീഷനെയാണ് പാർട്ടി നിയോഗിച്ചത്. കമീഷന് സമർപ്പിച്ച 24 പേജുള്ള സത്യവാങ്മൂലത്തിൽ താൻ 19 പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തുവെന്ന് സുധാകരൻ വ്യക്തമാക്കി.

എന്നാൽ, ഈ വിശദീകരണം തള്ളി 2021 നവംബറിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ പരസ്യമായി ശാസിച്ചു. ഇത് മാനസികമായി തളർത്തി.

Advertisment