/sathyam/media/media_files/2026/03/06/img191-2026-03-06-00-41-37.png)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുളള സിപിഎമ്മിൻെറ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായപ്പോൾ മുതിർന്ന നേതാവ് എം.എം.മണിക്കും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജിനും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് കൂറുമാറി വന്ന ഡോ.പി.സരിനും സീറ്റില്ല.
പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് കൊണ്ടാണ് ഉടുമ്പൻചോലയിലെ സിറ്റിങ്ങ് എം.എൽ.എയായ എം.എം.മണിക്ക് സീറ്റ് നിഷേധിച്ചത്. മണിയുടെ പേര് ഇടുക്കി ജില്ലാ സെക്രട്ടേറിയേറ്റ് രണ്ട് തവണ ശുപാർശ ചെയ്തിട്ടും സംസ്ഥാന നേതൃത്വം വഴങ്ങിയില്ല. ഇതോടെ എം.എം.മണി പത്ത് വർഷത്തെ പാർലമെൻററി ജീവിതം അവസാനിപ്പിക്കുകയാണ്.
മൂന്ന് ജില്ലകളിൽ നിന്നുളള പട്ടികയിൽ സ്ഥാനം പിടിച്ചെങ്കിലും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജിനെ ഒരു സീറ്റിലേക്കും പരിഗണിച്ചില്ല.
സ്വാരാജ് സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യം ഉയർന്ന തൃശൂർ ജില്ലയിലെ കുന്ദംകുളത്ത് എ.സി.മൊയ്തീന് വീണ്ടും അവസരം നൽകാനാണ് സംസ്ഥാന സമിതിയുടെ തീരുമാനം.സ്വരാജ് നേരത്തെ പ്രതിനീധീകരിച്ചിരുന്ന തൃപ്പൂണിത്തുറയിലും ഇത്തവണ പേരുണ്ടായിട്ടും പരിഗണിച്ചില്ല.
ഉപതിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയ ജന്മദേശമായ നിലമ്പൂരിലും സ്വരാജിനെ പരിഗണിച്ചില്ല. ഉപ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ നിലമ്പൂരിൽ ഇനി പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥി വേണ്ടെന്നാണ് സിപിഎം തീരുമാനം. സ്വതന്ത്രനെ പരീക്ഷിക്കാൻ ഒരുങ്ങുന്ന നിലമ്പൂരിൽ മുൻ ഫുട്ബോൾ താരവും സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡൻറുമായ യു.ഷറഫലിയെ മത്സരിപ്പിക്കാനാണ് ധാരണ.
ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഇടതുപക്ഷത്തേക്ക് കൂറുമാറിയ ഡോ.പി.സരിനും സീറ്റില്ല.
സരിൻ മത്സരിച്ച പാലക്കാടും ഇക്കുറി സ്വതന്ത്ര പരീക്ഷണം നടത്താനാണ് സിപിഎം തീരുമാനം.യു.ഡി.എഫ് സ്ഥാനാർത്ഥിയാരാണെന്ന് അറിഞ്ഞശേഷം പാലക്കാട്ടെ സ്വതന്ത്രനെ കണ്ടെത്താനാണ് സിപിഎമ്മിലെ ധാരണ.
സിപിഎം പൊളിറ്റ് ബ്യൂറോയിൽ നിന്ന് പിണറായി വിജയൻ മാത്രമാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് കെ.കെ ശൈലജ,കെ.എൻ.ബാലഗോപാൽ, പി.രാജീവ്, ടി.പി രാമകൃഷ്ണൻ എന്നിവർ മത്സരിക്കുന്നുണ്ട്.
സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.എ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, വി.എൻ.വാസവൻ എന്നിവരും നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടാനിറങ്ങും. തിരുവനന്തപുരം ജില്ലയിൽ സിപിഎം മത്സരിക്കുന്ന 10 മണ്ഡലങ്ങളിലും സിറ്റിങ്ങ് എം.എൽ.എമാർ തന്നെയാണ് സ്ഥാനാർത്ഥികളാകുന്നത്.
നേമത്ത് മത്സരിക്കാനിറങ്ങുന്ന വി.ശിവൻകുട്ടിക്കും കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാകുന്ന കടകംപളളി സുരേന്ദ്രനുമാണ് ഏറ്റവും ശക്തമായ മത്സരം നേരിടേണ്ടി വരുന്നത്.കൊല്ലം നിയമസഭാ മണ്ഡലത്തിൽ ആക്ടിങ് ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ മത്സരിക്കും.
കുണ്ടറയിൽ എസ്.എൽ.സജികുമാറാണ് മത്സരത്തിനിറങ്ങുന്നത്.ചവറയിൽ സുജിത്ത് വിജയൻപിളള തുടരാനാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ മന്ത്രി വീണാ ജോർജിന് ഒരവസരം കൂടി നൽകും.
വിവാദങ്ങളും എതിർപ്പും കണക്കിലെടുത്ത് വീണാ ജോർജിനെ മാറ്റി നിർത്തണമെന്ന് ജില്ലാ നേതൃത്വത്തിന് അഭിപ്രായം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിൻെറ താൽപര്യത്തിന് മുന്നിൽ വഴങ്ങിക്കൊടുക്കുകയാണുണ്ടായത്. കോന്നിയിൽ കെ.യു.ജനീഷ് കുമാറും തുടരും.ആലപ്പുഴ ജില്ലയിലെ കായംകുളത്തോ അരൂരിലോ സീറ്റ് നോട്ടമിട്ടിരുന്ന ജില്ലാ സെക്രട്ടറി ആർ.നാസറിന് മത്സരിക്കാൻ അനുമതി ലഭിച്ചില്ല.
കായംകുളത്ത് യു.പ്രതിഭയും അരൂരിൽ ദലീമാ ജോജോയും തുടരട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിൻെറ തീരുമാനം.
ചെങ്ങന്നൂരിൽ സജി ചെറിയാനും മാവേലിക്കരയിൽ എം.എസ് അരുൺകുമാറും ആലപ്പുഴയിൽ പി പി ചിത്തരഞ്ജനും അമ്പലപ്പുഴയിൽ എച്ച് സലാമും തുടരും.കോട്ടയം സീറ്റിൽ കെ.അനിൽ കുമാറും ഏറ്റുമാനൂരിൽ വി.എൻ.വാസവനും സ്ഥാനാർത്ഥികളാകും.
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ എം.എം.മണിക്ക് പകരം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.കെ.ജയചന്ദ്രനാണ് സ്ഥാനാർത്ഥി.എറണാകുളത്ത് സിറ്റിങ്ങ് എം.എൽ.എയെ മണ്ഡലം മാറ്റുന്ന പരീക്ഷണത്തിനാണ് സിപിഎം തീരുമാനം.വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് മാറ്റി.
വൈപ്പിനിൽ ഉണ്ണികൃഷ്ണന് പകരം മഹിളാ അസോസിയേഷൻ നേതാവ് എം.പി ഷൈനി മത്സരിക്കും.
യുഡിഎഫ് സീറ്റുകളായ എറണാകുളത്ത് സിനിമ സംവിധായകൻ സോഹൻ സീനുലാലും തൃക്കാക്കരയിൽ റോൺ ബാസ്റ്റിനുമാണ് പരിഗണനയിൽ.കൊച്ചി മേയർ എം.അനിൽ കുമാറിന് എവിടെയും സീറ്റ് കിട്ടിയില്ല.കളമശേരിയിൽ പി.രാജീവ് തന്നെ മത്സരിക്കും.
മുൻ മന്ത്രി സി.രവീന്ദ്രനാഥിൻെറ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുളള തിരിച്ചുവരവാണ് തൃശൂർ ജില്ലയിലെ സിപിഎം സ്ഥാനാർത്ഥി പട്ടികയെ ശ്രദ്ധേയമാക്കുന്നത്.സിറ്റിങ്ങ് സീറ്റായ മണലൂരിലാണ് രവീന്ദ്രനാഥ് മത്സരത്തിനിറങ്ങുന്നത്.കുന്ദംകുളത്ത് എ.സി.മൊയ്തീൻ, ഇരിങ്ങാലക്കുടയിൽ ഡോ.ആർ.ബിന്ദു, വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പളളിയും പുതുക്കാട് കെ.കെ.രാമചന്ദ്രനും തുടരും.
പാലക്കാട് ജില്ലയിലെ നെന്മാറയിലും ആലത്തൂരിലും പുതിയ സ്ഥാനാർത്ഥികളാണ്.
രണ്ട് ടേം പിന്നിട്ട സിറ്റിങ്ങ് എം.എൽ.എമാർക്ക് പകരം പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ടി.എം.ശശിയും നെന്മാറയിൽ കെ.പ്രേമനും മത്സരിക്കും.തൃത്താലയിൽ മന്ത്രി എം.ബി.രാജേഷും ഷൊർണൂരിൽ പി മമ്മിക്കുട്ടിയും ഒറ്റപ്പാലത്ത് പ്രേംകുമാറും മലമ്പുഴയിൽ എ.പ്രഭാകരനും തുടരും.
പാലക്കാട് സീറ്റിലെ സ്വതന്ത്രനെ പിന്നീട് നിശ്ചയിക്കും.മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ എം.കെ.സക്കീറും തവനൂരിൽ കെ.ടി.ജലീലും മത്സരിക്കും. പെരിന്തൽമണ്ണ, മങ്കട, നിലമ്പൂർ സീറ്റുകളിൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് ധാരണ.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ടിപി രാമകൃഷ്ണനും ബേപ്പൂരിൽ മുഹമ്മദ് റിയാസും കൊയിലാണ്ടിയിൽ കെ.ദാസനും സ്ഥാനാർത്ഥിയാകും.
കൊടുവളളിയിൽ സ്വതന്ത്രനെ കളത്തിലിറക്കാനാണ് തീരുമാനം. വയനാട് ജില്ലയിലെ മാനന്തവാടിയിൽ ഒ. ആർ. കേളുവും ബത്തേരിയിൽ എം.എസ് വിശ്വനാഥനും സ്ഥാനാർത്ഥിയാകും.
പരീക്ഷണത്തിനാണ് ധാരണ.പ്രാദേശികമായ എതിർപ്പുകളും വിമർശനങ്ങളും കണക്കിലെടുക്കാതെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ ഭാര്യ പി.കെ.ശ്യാമളയേയും തലശേരിയിൽ കാരായി രാജനെയും മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം.
മട്ടന്നൂരിൽ വി.കെ.സനോജ്, പേരാവൂരിൽ കെ.കെ.ശൈലജ എന്നിവരും മത്സരിക്കും. കാസർകോട് ജില്ലയിലെ ഉദുമയിൽ സി. എച്ച് . കുഞ്ഞമ്പുവിനെയും തൃക്കരിപ്പൂരിൽ വി.പി.പി മുസ്തഫയേയും മത്സരിപ്പിക്കാനാണ് തീരുമാനം.സ്വതന്ത്രർ മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാർഥികളെ വൈകാതെ കണ്ടെത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us