/sathyam/media/media_files/2026/03/06/k-rail-2026-03-06-21-19-12.png)
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുതുക്കാന്‍ വീണ്ടും നിര്‍ദേശിച്ച് കേന്ദ്രസർക്കാർ. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ അർധ അതിവേഗ റെയിൽപദ്ധതിയായ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം അഥവാ ആർ.ആർ .ടി.എസ് നടപ്പാക്കാൻ അനുമതി തേടുന്നതിനിടയിലാണ് കേന്ദ്രസർക്കാരിൻെറ പുതിയ നീക്കം.
അനുമതി ലഭിക്കില്ലെന്ന് ഉറപ്പായ ഘട്ടത്തിലാണ് സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് പുതിയ പദ്ധതിക്കുളള സാധ്യതകൾ തേടിയത്. സില്‍വര്‍ ലൈന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും ഉപേക്ഷിച്ചില്ല എന്നതിന്റെ സൂചനയാണ് നിര്‍ദേശം ഡിപിആർ പുതുക്കാൻ നൽകിയിരിക്കുന്ന നിർദ്ദേശത്തിലും സർക്കാരിന് കുരുക്കുണ്ട്.
പശ്ചിമ റെയില്‍വേയുമായി ചര്‍ച്ച ചെയ്ത് സില്‍വര്‍ലൈനിന്റെ ഡി.പി.ആര്‍ പുതുക്കാനാണ് ഇപ്പോള്‍ കെ-റെയിലിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.
പശ്ചിമ റെയില്‍വേയുടെ കീഴില്‍ വരുന്ന ഗുജറാത്തിലെ സര്‍ക്കേജ് -ധുലേറ അര്‍ധ അതിവേഗ റെയില്‍പ്പാതക്കു വേണ്ടി റെയില്‍വേ, അര്‍ധ അതിവേഗത പാതകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ബ്രോഡ്‌ഗേജിലാണ് സര്‍ക്കേജ് -ധൂലേറ പാത നിര്‍മിക്കുന്നത്. സില്‍വര്‍ലൈന്‍ വിഭാവനം ചെയ്തിരിക്കുന്നത് സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ്. ഇത് മാറ്റി ബ്രോഡ്‌ഗേജില്‍ നിര്‍മിക്കണമെന്ന നിര്‍ദേശം നേരത്തെ കെ-റെയിലും സര്‍ക്കാരും തള്ളിക്കളഞ്ഞതാണ്.
മറ്റ് ട്രെയിനുകള്‍ക്കു കൂടി സഞ്ചരിക്കാന്‍ പറ്റുന്ന തരത്തില്‍ ബ്രോഡ്‌ഗേജില്‍ നിര്‍മിച്ചാല്‍ പ്രതീക്ഷിച്ച വേഗം സില്‍വര്‍ലൈനിനു കിട്ടില്ലെന്നും അതൊരു പ്രത്യേക പാതയായാണ് നിര്‍മിക്കുന്നത് എന്നുമാണ് കെ-റെയില്‍ നേരത്തെ ഇന്ത്യൻ റെയില്‍വേയെ അറിയിച്ചിരുന്നത്.
പാസ്സഞ്ചര്‍ ട്രെയിനുകളും കാര്‍ഗോ ട്രെയിനുകളും ഉള്‍പ്പെടെയുടെ സമ്മിശ്ര ഗതാഗതമാകും ബ്രോഡ്‌ഗേജില്‍ നിര്‍മിക്കുന്ന പാതയില്‍ ഉണ്ടാകുക. ലോകത്തു തന്നെ അര്‍ഥ അതിവേഗ പാത ബ്രോഡ്‌ഗേജില്‍ നിര്‍മിക്കുന്ന പദ്ധതിയാകും ഗുജറാത്തിലേത്.
ഗുജറാത്ത് മോഡലില്‍ ബ്രേഡ്‌ഗേജിലേക്ക് മാറിയാല്‍ സില്‍വര്‍ലൈനിന് അനുമതി നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് തയാറാണെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ചു മുമ്പ് രണ്ട് തവണ റെയില്‍വേ ബോര്‍ഡ് കത്ത് അയച്ചിരുന്നെങ്കിലും അതു പ്രയോഗിമല്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും കെ-റെയിലും സ്വീകരിച്ചത്.
കേരളം പുതിയ ആർ.ആർ.ടി.എസ് പാതക്ക് അനുമതി തേടി കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് കത്തയച്ച് കാത്തിരിക്കുമ്പോഴാണ് ഡിപിആർ പുതുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രം ഇടപെട്ടിരിക്കുന്നത്.
സിൽവർ ലൈനിന് ബദലായി പുതിയ പാതയുടെ നിർദ്ദേശവുമായി മെട്രോമാൻ ഇ.ശ്രീധരനും രംഗത്തുണ്ട്.
വളരെ വേഗത്തിൽ വിശദ പദ്ധതി റിപോർട്ട് തയാറാക്കുമെന്നാണ് ശ്രീധരൻെറ പ്രഖ്യാപനം.എന്നാൽ അതൊന്നും കേന്ദ്ര സർക്കാരിൻെറ പരിഗണനാ വിഷയമല്ലെന്ന് കൂടി വ്യക്തം ആക്കുന്നതാണ് പുതിയ നീക്കം.
സ്റ്റാൻഡേഡ് ഗേജിൽ നിന്ന് മാറാൻ ഒരുക്കമല്ലെന്ന് പലതവണ വ്യക്തമാക്കിയതിനാൽ ഡിപിആർ പുതുക്കണമെന്ന കേന്ദ്ര നിർദ്ദേശത്തോട് സംസ്ഥാന സർക്കാർ അനുകൂലമായി പ്രതികരിക്കാൻ സാധ്യതയില്ല.
തിരഞ്ഞെടുപ്പ് കാലത്തെ കേന്ദ്രനീക്കത്തിന് പിന്നിൽ സർക്കാർ രാഷ്ട്രീയം സംശയിക്കാനും സാധ്യത കാണുന്നു.കേവലം കത്തിടപാടിന് അപ്പുറം കേന്ദ്രത്തിൻെറ ആവശ്യത്തിൽ കാര്യമായൊന്നും നടക്കില്ലെന്ന് സാരം.
ഡി.പി.ആര്‍ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് സതേണ്‍ റെയില്‍വേ കെ-റെയിലിന് നല്‍കിയ നിര്‍ദേശങ്ങള്‍ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് കടക വിരുദ്ധമെന്നാണ് കെ-റെയിലിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും നിലപാട്. ഡെഡിക്കേറ്റഡ് പാതയാണ് സില്‍വര്‍ ലൈന്‍ ലക്ഷ്യമിടുന്നത്.
മണിക്കൂറിൽ കുറഞ്ഞത് 200 കിലോമീറ്റർ സ്പീഡിൽ പായുന്ന അതിവേഗ ട്രെയിനുകള്‍ക്ക് മാത്രം സര്‍വീസ് നടത്താന്‍ കഴിയുന്ന പാത എന്ന നിലയിലാണ് സിൽവർ ലൈൻ വിഭാവനം ചെയ്തിരുന്നത്.
അങ്ങനെ ചെയ്താൽ മാത്രമേ ചെറിയ ഇടവേളകളില്‍ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയൂ. അതിന് അനുസരിച്ചാണ് പാതയിലെ വളവുകളും കയറ്റിറക്കങ്ങളും ക്രമീകരിച്ചിരിക്കുന്നത്. പാസഞ്ചര്‍ വണ്ടികളും ചരക്ക് വണ്ടികളും ഉള്‍പ്പെടെ സമ്മിശ്ര സര്‍വീസിനു പറ്റുന്ന വിധം പാത നിര്‍മിക്കണമെന്നാണ് റെയില്‍വേയുടെ നിര്‍ദേശം.
വന്ദേഭാരത് ട്രെയിനുകള്‍ക്കു കൂടി സര്‍വീസ് നടത്തുന്നതിനാണ് ബ്രോഡ്‌ഗേജില്‍ പാത നിര്‍മിക്കാന്‍ റെയില്‍വേ നിര്‍ദേശിക്കുന്നത്. ഈ നിർദ്ദേശങ്ങൾ സിൽവർ ലൈൻ പദ്ധതിക്ക് തന്നെ തുരങ്കം വെയ്ക്കുന്നതാണെന്നാണ് കെറെയിലും സർക്കാരും ചൂണ്ടിക്കാട്ടുന്നത്.
ബ്രോഡ്‌ഗേജില്‍ പരാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്. ബ്രോഡ്‌ഗേഡില്‍ പാത പണിതാല്‍ വേഗ പാത എന്ന ലക്ഷ്യം നേടാന്‍ സാധിക്കില്ല.
സില്‍വര്‍ ലൈന്‍ പാതയില്‍ മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗതയാണ് ഡി.പി.ആറില്‍ പറയുന്നത്. 530 കിലോമീറ്റര്‍ ദൂരം, കാസര്‍കോട് നിന്നു തിരുവനന്തപുരത്തേക്ക് നാല് മണിക്കൂറിനുള്ളില്‍ എത്തിച്ചേരാന്‍ പറ്റുന്ന സംവിധാനമാണ് സില്‍വര്‍ലൈനില്‍ വിഭാവന ചെയ്തിരിക്കുന്നത്.
പല രാജ്യങ്ങളിലും അതിവേഗ പാതകള്‍ക്ക് സ്റ്റാന്റേര്‍ഡ് ഗേജാണ് ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 350 കിലോമീറ്ററില്‍ കൂടുത വേഗത ലഭിക്കുന്ന സംവിധാനമാണ് സ്റ്റാൻഡേഡ് ഗേജ്.1435 മില്ലീമീറ്ററാണ് സ്റ്റാന്‍ഡേര്‍ഡ് ഗേജിന്റെ വീതി.1676 മില്ലീമീറ്ററാണ് ബ്രോഡ്‌ഗേജ് പാതയുടെ വീതി. ബ്രോഡ്‌ഗേജാകുമ്പോള്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നതും ഒരു പ്രശ്‌നമാണ്.
ബ്രോഡ്‌ഗേജില്‍ വേഗത വര്‍ധിപ്പിക്കാനുള്ള നീക്കം ഇന്ത്യന്‍ റെയില്‍വേ ഏറെ വര്‍ഷങ്ങളായി നടത്തി വരുന്നുണ്ട്.
160 കിലോമീറ്റര്‍ വേഗത വരെ ആര്‍ജിക്കാനേ ഇതുവരെ സാധിച്ചിട്ടുള്ളു. സില്‍വര്‍ലൈന്‍ പാത ബ്രോഡ്‌ഗേജിലേക്ക് മാറിയാല്ലും ഈ വേഗതയേ കൈവരിക്കാനാകു. അര്‍ധ അതിവേഗ പാത എന്ന സങ്കല്‍പം തന്നെ അതോടെ തകിടം മറിയുമെന്നാണ് സർക്കാരിൻെറ വാദം.
ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ഇന്ത്യന്‍ റെയില്‍വെയുടെ മൂന്നൂം നാലും പാതകള്‍ നിര്‍മിക്കുന്നതിനു തുല്യമാണ്.
കേരളത്തിന്റെ ഗതാഗത പ്രശ്‌നങ്ങളുടെ പരിഹാരത്തിനും വികസന രംഗത്തെ കുതിപ്പിനും വഴിയൊരുക്കുന്ന, അതിവേഗ വണ്ടികള്‍ക്കു മാത്രമായി, ഒരി ഡെഡിക്കേറ്റഡ് പാത എന്ന ഏറ്റവും അനിവാര്യമായ ആവശ്യം നടക്കില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us