/sathyam/media/media_files/2026/03/07/rajeev-chandra-sivankutty-2-2026-03-07-13-54-08.jpg)
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും വാശിയേറിയതും തീപ്പൊരി പാറുന്നതുമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് നേമം.
ഒ.രാജഗോപാലിലൂടെ 2016ൽ തുറന്ന അക്കൗണ്ട് 2021ൽ പൂട്ടിച്ച വി.ശിവൻകുട്ടിയെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് വളരെ മുൻപേ കളത്തിലിറക്കിയിരിക്കുകയാണ് സി.പി.എം.
കേരളത്തിൽ ബിജെപിയുടെ ഗുജറാത്താണ് നേമം എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. സംസ്ഥാന അദ്ധ്യക്ഷനും കരുത്തനുമായ രാജീവ് ചന്ദ്രശേഖറിനെ വളരെക്കാലം മുൻപേ രംഗത്തിറക്കി പ്രചാരണത്തിൽ ബഹുദൂരം മുന്നേറിയിരിക്കുകയാണ് ബി.ജെ.പി.
യു.ഡി.എഫിനായി ആര് നേമത്ത് മത്സരിക്കുമെന്നതിൽ ഇതുവരെ വ്യക്തതയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖറിനെ തോൽപിച്ച ശശി തരൂരിനെ മത്സരിപ്പിച്ചേക്കാമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്.
തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ വൈഷ്ണ സുരേഷിന്റെ പേരും കെ.എസ്.ശബരീനാഥന്റെ പേരും ചർച്ചകളിലുണ്ട്. നേമത്തെ തന്ത്രങ്ങളെല്ലാം രഹസ്യമാക്കിയിരിക്കുകയാണ് കോൺഗ്രസ്.
ബിജെപിക്ക് ഏറ്റവും ജയസാദ്ധ്യതയുള്ള മണ്ഡലമാണ് നേമം എന്നാണ് വിലയിരുത്തൽ. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 22,126 വോട്ടിന്റെ ലീഡും തദ്ദേശതിരഞ്ഞെടുപ്പിൽ 7,913 വോട്ടിന്റെ ലീഡും ബിജെപിക്ക് ലഭിച്ചിരുന്നു.
ഒ.രാജഗോപാലിലൂടെ പിടിച്ചെടുത്ത മണ്ഡലം കഴിഞ്ഞ തവണ 3949 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി.ശിവൻകുട്ടി തിരികെപിടിച്ചത്.
സി.പി.എം പൂട്ടിച്ച അക്കൗണ്ട് തുറക്കാനുള്ള നീക്കങ്ങളുമായി രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിൽ സജീവമാണ്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മത്സരിക്കാനില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ ശിവൻകുട്ടി നിലപാടെടുത്തത്.
എന്നാൽ ഇതിലെ അപകടം തിരിച്ചറിഞ്ഞ് ശിവൻകുട്ടിയെത്തന്നെ കളത്തിലിറക്കുകയാണ് സി.പി.എം. ഇന്നു മുതൽ ശിവൻകുട്ടി നേമത്ത് അനൗദ്യോഗികമായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
2011ൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ നേമത്ത് 2016ൽ ഒ.രാജഗോപാൽ ജയിച്ചുകയറിയതോടെ ബിജെപി പുതിയ ചരിത്രം സൃഷ്ടിച്ചു. കേരള നിയമസഭയിൽ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നു.
2021ൽ കെ.മുരളീധരൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായെത്തി 36524 വോട്ട്പിടിച്ചതോടെ, 3949 വോട്ടിന് കുമ്മനത്തെ വി.ശിവൻകുട്ടി പരാജയപ്പെടുത്തുകയായിരുന്നു.
യുഡിഎഫിന് കരുത്തനായ സ്ഥാനാർത്ഥി വന്നതാണ് ബിജെപിയുടെ തോൽവിക്ക് വഴിയൊരുക്കിയത്.
ഇത്തവണ കരുത്തനായ രാജീവ് ചന്ദ്രശേഖറിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് ബിജെപിയുടെ ശ്രമം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ രാജീവിന് 61227വോട്ടാണ് നേമത്ത് കിട്ടിയത്. യുഡിഎഫിന് 39101, എൽ.ഡി.എഫിന് 33322 വോട്ടും കിട്ടി. അന്ന് എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായിപ്പോയി.
2019ലെ ലോകസഭാ തിരഞ്ഞെടുപ്പിലും 12041 വോട്ടിന്റെ ലീഡ് നേമത്ത് ബിജെപിക്കുണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് 48945 വോട്ടാണ് നേമത്ത് കിട്ടിയത്. യു.ഡി.എഫിന് 22197, എൽ.ഡി.എഫിന് 41032 വോട്ടും കിട്ടി.
തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ച ബിജെപി, നേമം നിയമസഭാ മണ്ഡലത്തിലെ 27 വാർഡുകളിൽ 17ലും വിജയിച്ചു. ഇതെല്ലാം കണക്കുകൂട്ടിയാണ് കേരളത്തിൽ ഏറ്റവും വിജയസാദ്ധ്യതയുള്ള മണ്ഡലമായി നേമത്തെ ബിജെപി വിലയിരുത്തുന്നത്.
മുൻകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്താൽ ആർക്കും ജയിക്കാവുന്ന മണ്ഡലമാണ് നേമം എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
ആരും തോൽക്കാവുന്ന മണ്ഡലവും. കേരളത്തിന്റെ ലീഡർ കെ.കരുണാകരൻ ജയിക്കുകയും അദ്ദേഹത്തിന്റെ മകൻ കെ.മുരളീധരൻ തോൽക്കുകയും ചെയ്ത ചരിത്രവും നേമം മനസിൽ പേറുന്നുണ്ട്.
1957-ലെ ആദ്യതിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ എം.സദാശിവനിലൂടെയാണ് വിജയതുടക്കം.
1960 പി.എസ്.പിയുടെ പി.വിശ്വംഭരനായി വിജയി. ഈ രണ്ടു കക്ഷികളെയും പിന്നീടും മാറിമാറി വിജയം പുണർന്നെങ്കിലും 1977-ൽ എസ്.വരദരാജൻ നായരിലൂടെ കോൺഗ്രസ് വിജയം കണ്ടു. 1980, 82 തിരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചെങ്കിലും 87-ൽ വി.ജെ.തങ്കപ്പനിലൂടെ സി.പി.എം മണ്ഡലം തിരിച്ചു പിടിച്ചു.
91ലും 96ലും സി.പി.എം വിജയം ആവർത്തിച്ചെങ്കിലും 2001-ൽ വീണ്ടും മണ്ഡലം കോൺഗ്രസിനോട് അടുത്തു. ജയം നേടിയ എൻ.ശക്തൻ 2006 ലും സീറ്റ് നിലനിർത്തി. പക്ഷെ 2011-ൽ കാര്യങ്ങൾ കൈവിട്ടു.
വി.ശിവൻകുട്ടിയിലൂടെ സി.പി.എം നേമം തിരിച്ചെടുത്തപ്പോൾ, രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിയുടെ ഒ രാജഗോപാലിനും പിറകിലെത്താനേ കഴിഞ്ഞുള്ളു യു.ഡി.എഫിന്റെ ചാരുപാറ രവിയ്ക്ക്.
2006ൽ മലയിൻകീഴ് രാധാകൃഷ്ണൻ മത്സരിച്ചപ്പോൾ ബിജെപിക്ക് കിട്ടിയത് വെറും 6705വോട്ടായിരുന്നു.
10 വർഷം കഴിഞ്ഞ് രാജഗോപാൽ മത്സരിച്ചപ്പോൾ കിട്ടിയത് 67813 വോട്ടും. ബിജെപിയുടെ അതിശക്തമായ വളർച്ചയ്ക്ക് ഇതിലും വലിയൊരു തെളിവ് ആവശ്യമില്ല.
2008 ലെ മണ്ഡലപുനർനിർണ്ണയം വന്നതോടെ നേമത്തിന്റെ ഭൂമിശാസ്ത്രവും അതിർത്തികളും മാറി. പഴയ തിരുവനന്തപുരം ഈസ്റ്റ് അസംബ്ലി മണ്ഡലത്തിന്റെ സിംഹഭാഗവും നേമത്തോട് കൂട്ടിച്ചേർക്കപ്പെട്ടു.
തിരുവനന്തപുരം കോർപ്പേറഷനിലെ തിരുമല, തൃക്കണ്ണാപുരം, പുന്നയ്ക്കാമുഗൾ, പൂജപ്പുര, മുടവൻമുഗൾ, എസ്റ്റേറ്റ്, നേമം , പൊന്നുമംഗലം, മേലാംകോട്, പാപ്പനംകോട്, കരമന, നെടുംകാട്, കാലടി, കരുമം, പുഞ്ചക്കരി, പൂങ്കുളം, വെള്ളാർ, തിരുവല്ലം, അമ്പലത്തറ, ആറ്റുകാൽ, കളിപ്പാംകുളം, കമലേശ്വരം എന്നീ 22 വാർഡുകൾ ഉൾപ്പെടുന്നതാണ് നേമം മണ്ഡലം. നായർ, ഈഴവ സമുദായങ്ങൾക്ക് മുൻതൂക്കമുണ്ട്. വെള്ളാള, വിശ്വകർമ്മ, നാടാർ, ക്രിസ്ത്യൻ നാടാർ സമുദായങ്ങളും മണ്ഡലത്തിൽ പ്രബലരാണ്.
മുസ്ലീം , ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ചില പോക്കറ്റുകളിൽ സ്വാധീനമുണ്ട്. കഴിഞ്ഞതവണ നായർ വോട്ടുകൾ ചോർന്നതും ന്യൂനപക്ഷ വോട്ടുകൾ എതിരായതുമാണ് ബിജെപിക്ക് തിരിച്ചടിയായത്.
എന്നാൽ ഇത്തവണ എല്ലാ തിരിച്ചടികളും മറികടക്കാനുള്ള തന്ത്രങ്ങളുമായി രാജീവ് ചന്ദ്രശേഖർ മത്സരക്കളത്തിൽ സജീവമായി രംഗത്തുണ്ട്. തടയിടാൻ രണ്ട് മുന്നണികളും വിയർക്കുമെന്ന് ഉറപ്പാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us