ഇറാൻ കപ്പലുകൾ എവിടെയും ആക്രമിക്കപ്പെടേക്കാം. ശ്രീലങ്കൻ തീരത്ത് ആക്രമണം ഉണ്ടായതോടെ സമുദ്ര മേഖലയിൽ ജാഗ്രതയോടെ ഇന്ത്യ. നാവികരെ സംരക്ഷിക്കുന്നതിലും, ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അതീവ ശ്രദ്ധ. ഹോർമുസ് കടലിടുക്ക് അടച്ചതോടെ പേർഷ്യൻ ഗൾഫ് മേഖലയിൽ നടുക്കടലിൽ കുടുങ്ങിയത് 35 ഇന്ത്യൻ പതാകവാഹക കപ്പലുകൾ. ചരക്ക് നീക്കത്തിലും ആശങ്കയോടെ ഇന്ത്യ

ഹോർമുസ് കടലിടുക്ക് അടച്ചതോടെ പേർഷ്യൻ ഗൾഫ് മേഖലയിൽ നടുക്കടലിൽ കുടുങ്ങിയത് 35 ഇന്ത്യൻ പതാകവാഹക കപ്പലുകൾ.

New Update
1001710511

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യൻ മഹാ സമുദ്രത്തിലേക്കെത്തിയ സാഹചര്യത്തിൽ സമുദ്ര മേഖലയിൽ അതീവ ജാഗ്രതയോടെ ഇന്ത്യ.

Advertisment

സമുദ്ര സ്ഥിതിഗതികൾ കണക്കിലെടുത്ത്, ഇന്ത്യൻ നാവികരെ സംരക്ഷിക്കുന്നതിലും, ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും, സമുദ്ര വ്യാപാരത്തിൻ്റെ തടസങ്ങൾ ഒഴിവാക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ച് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം നിരീക്ഷണവും തയ്യാറെടുപ്പും ശക്തിപ്പെടുത്തി.

ഇറാൻ യുദ്ധകപ്പൽ ശ്രീലങ്കൻ തീരത്ത് ആക്രമിച്ച സാഹചര്യത്തിലാണ് ജാഗ്രത. മറ്റൊരു ഇറാൻ കപ്പലിന് കൊച്ചിയിൽ അഭയം നൽകിയിരിക്കുകയാണ്. 

അടിക്കടി മാറുന്ന സാഹചര്യം അവലോകനം ചെയ്യുന്നതിനായി, വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല അന്തർ മന്ത്രാലയ അവലോകന യോഗം നടന്നു.

വിദേശകാര്യ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് , പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും 

 ഷിപ്പിംഗ് വ്യവസായത്തിലെയും ആർഐഎൽ, ഐഎൻഎസ്എ, സിഎസ്എൽഎ, എഫ് ഐഇഒ പോലുള്ള വ്യാപാര സംഘടനകളിലെയും പങ്കാളികളും യോഗത്തിൽ പങ്കെടുത്തു.

സമുദ്ര സ്ഥിതിഗതികൾ സംബന്ധിച്ച് യോഗം അവലോകനം ചെയ്തു 

 ഇന്ത്യൻ നാവികരെയും ഇന്ത്യൻ പതാക വാഹക കപ്പലുകളെയും സമുദ്ര വ്യാപാര പ്രവർത്തനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശം കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ത്യൻ പതാക വഹിക്കുന്ന എല്ലാ കപ്പലുകളും ഇന്ത്യൻ നാവികരും സുരക്ഷാ നടപടികൾ സ്വീകരിക്കാനും റിപ്പോർട്ടിംഗ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. 

ഇന്ത്യൻ നാവികർ, ഷിപ്പിംഗ് പങ്കാളികൾ എന്നിവർ ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയിൽ രജിസ്ട്രേഷൻ നടത്തുക, ജീവനക്കാരുടെ വിശദാംശങ്ങൾ ഡയറക്ടറേറ്റിൽ സമർപ്പിക്കുക എന്നിവ ഉൾപ്പെടെ ജീവനക്കാരുടെ സുരക്ഷയ്ക്കായുള്ള അടിയന്തര നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഇന്ത്യൻ പതാകയുള്ള കപ്പലുകൾ സുരക്ഷിതമായി തുടരുന്നു. ഇന്ത്യൻ പതാകവാഹക കപ്പലുകൾ പിടിച്ചെടുക്കുകയോ അല്ലെങ്കിൽ അപകടങ്ങൾ നടന്നതായോ റിപ്പോർട്ട് ചെയ്തിട്ടില്ല.

പേർഷ്യൻ ഗൾഫ് മേഖലയിലെ 35 ഇന്ത്യൻ പതാകവാഹക കപ്പലുകളും (ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് 24 ഉം ഒമാൻ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും ഉൾപ്പെടെ കടലിടുക്കിന് കിഴക്ക് 11 എണ്ണവും) ഏദൻ ഉൾക്കടലിലെ 3 കപ്പലുകളും നാഷണൽ ഡാറ്റാ സെൻ്റർ വഴി തുടർച്ചയായി നിരീക്ഷിക്കുകയും പതിവായി സ്ഥിതിവിവര റിപ്പോർട്ട് നൽകുകയും ചെയ്യുന്നു.

ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾ, സമുദ്ര അധികാരികൾ, മറ്റ് പ്രധാന ഏജൻസികൾ എന്നിവയുമായി ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് വഴി മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

ഇന്ത്യൻ കപ്പലുകൾക്കും, ഇന്ത്യൻ നാവികരുള്ള വിദേശ കപ്പലുകൾക്കും, സാഹചര്യങ്ങളെക്കുറിച്ചു തുടർച്ചയായ അവബോധവും പ്രവർത്തന തയ്യാറെടുപ്പും നൽകുന്നതിന് മെച്ചപ്പെട്ട നിരീക്ഷണ, റിപ്പോർട്ടിംഗ് സംവിധാനങ്ങൾ സജീവമാക്കിയിട്ടുണ്ട്.

സംഘർഷ സാധ്യത പ്രദേശങ്ങളിലെ ജീവനക്കാരുടെ വിന്യാസത്തിൽ ജാഗ്രത പാലിക്കാനും, നിർദ്ദിഷ്ട യാത്രാ പാതയിലെ അപകടസാധ്യതകൾ വിലയിരുത്താനും നാവികരുമായും അവരുടെ കുടുംബങ്ങളുമായും പതിവായി ആശയവിനിമയം നടത്താനും ഷിപ്പിംഗ് കമ്പനികൾ, വെസ്സൽ ഓപ്പറേറ്റർമാർ, റിക്രൂട്ട്മെൻ്റ്, പ്ലേസ്മെൻ്റ് സർവീസ് ലൈസൻസികൾ എന്നിവരോട് നിർദ്ദേശിച്ചിട്ടുണ്ട്.

 ഇന്ത്യൻ നാവികർക്ക് ആവശ്യാനുസരണം സമയബന്ധിതമായ സഹായം നൽകുന്നതിന് പ്രത്യേകം ഏകോപന സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

 ഗൾഫ് രാജ്യങ്ങൾ, പശ്ചിമേഷ്യൻ ലക്ഷ്യ സ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കപ്പലുകളുടെയും ചരക്കുകളുടെയും സ്ഥിതിയും മന്ത്രാലയം അവലോകനം ചെയ്തു.

ഇന്ത്യയിലുടനീളമായി മൊത്തത്തിലുള്ള തുറമുഖ പ്രവർത്തനങ്ങൾ സ്ഥിരതയുള്ളതായി തുടരുന്നു. കയറ്റുമതിക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും കയറ്റുമതി, ഇറക്കുമതി വ്യാപാരത്തുടർച്ച ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ തുറമുഖങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഷിപ്പിംഗ് കമ്പനികളുമായും വെസൽ ഏജൻ്റുമാരുമായും ഏകോപിപ്പിച്ച് കപ്പലുകളുടെ സഞ്ചാരം തുടർച്ചയായി നിരീക്ഷിക്കൽ, മേഖലയിലെ സാഹചര്യങ്ങളുടെ തത്സമയ വിലയിരുത്തൽ, വെസൽ, ചരക്ക് നീക്കങ്ങളുടെ സ്ഥിതി നിരന്തരം റിപ്പോർട്ട് ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പ്രധാന തുറമുഖങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ആവശ്യമുള്ളിടത്ത് അധിക സംഭരണ സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. അതേസമയം, ശീതീകരിച്ചതും എളുപ്പം കേടുവരുന്നതുമായ ചരക്കുകൾ ആവശ്യമെങ്കിൽ മുൻഗണനാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനായി അവയുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

ഇന്ത്യൻ സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, സമുദ്ര വ്യാപാരത്തിൻ്റെയും ചരക്ക് നീക്കത്തിൻ്റെയും സുഗമമായ പ്രവർത്തനം നിലനിർത്തുന്നതിനുമായി ഇന്ത്യാ ഗവൺമെൻ്റിൻ്റെ സമുദ്ര മേഖലയിലെ പങ്കാളികളുമായും അനുബന്ധ മന്ത്രാലയങ്ങളുമായും ഏകോപിപ്പിച്ച്, കേന്ദ്ര ഷിപ്പിംഗ് തുറമുഖ മന്ത്രാലയം സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് എന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ഏകോപന പ്രവർത്തനങ്ങൾക്കും നാവികരെ പിന്തുണയ്ക്കുന്നതിനുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് 24 മണിക്കൂർ ഹെൽപ്പ്‌ലൈൻ സ്ഥാപിച്ചിട്ടുണ്ട്.

Advertisment